ജന്‍ധന്‍ അക്കൗണ്ടിനും നിയന്ത്രണം; പ്രതിമാസം പിന്‍വലിക്കാവുന്നത് 10,000 രൂപ

ന്യൂഡല്‍ഹി: ബാങ്കില്‍ നോട്ടുക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ പാവപ്പെട്ടവരുടേതായി അറിയപ്പെടുന്ന ജന്‍ധന്‍ അക്കൗണ്ടിനും സര്‍ക്കാറിന്‍െറ മൂക്കുകയര്‍. പ്രതിമാസം 10,000 രൂപയില്‍ കൂടുതല്‍ ഈ അക്കൗണ്ടില്‍നിന്ന് പിന്‍വലിക്കാന്‍ അനുവദിക്കില്ല. ഇടപാടുകാരെ തിരിച്ചറിയുന്ന രേഖകള്‍ ഹാജരാക്കി കെ.വൈ.സി മാനദണ്ഡം പാലിക്കാന്‍ ബാക്കിയുള്ള, സാധാരണ അക്കൗണ്ടുകളില്‍നിന്ന് പ്രതിമാസം പിന്‍വലിക്കാന്‍ കഴിയുന്ന പരമാവധി തുക 5,000 രൂപയായും നിജപ്പെടുത്തി.

ചാടിക്കടക്കാന്‍ പ്രയാസമുള്ള ചില ഇളവുകളും റിസര്‍വ് ബാങ്ക് നല്‍കിയിട്ടുണ്ട്. ന്യായമായ ആവശ്യങ്ങള്‍ക്കാണ് ചെലവാക്കാന്‍ പോകുന്നതെന്ന് ബാങ്ക് മാനേജര്‍ക്ക് ബോധ്യമുള്ള പക്ഷം വീണ്ടുമൊരു 10,000 രൂപ അനുവദിക്കാം. കെ.വൈ.സി നല്‍കാത്തവരുടെ കാര്യത്തിലും വീണ്ടുമൊരു 5,000 രൂപ കൂടി അനുവദിക്കാം. അതിന്‍െറ വിശദാംശം ബാങ്ക് രേഖയില്‍ ഉള്‍പ്പെടുത്തണം. എന്നാല്‍, ഇന്നത്തെ സാഹചര്യത്തില്‍ ബാങ്ക് മാനേജര്‍മാര്‍ ഇത്തരം ഉത്തരവാദിത്തം ഏറ്റെടുക്കാനിടയില്ല.

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം, എല്ലാവരെയും ബാങ്ക് അക്കൗണ്ട് ഉടമകളാക്കി മാറ്റാന്‍ തുടങ്ങിയതാണ് പ്രധാനമന്ത്രി ജന്‍ധന്‍ അക്കൗണ്ട്. ഇതിലേക്ക് നിക്ഷേപിച്ച പണം പിന്‍വലിക്കുന്നതിനാണ് പരിധി കൊണ്ടുവന്നത്. നോട്ടുക്ഷാമം മൂലമല്ല നിയന്ത്രണമെന്നാണ് ഒൗദ്യോഗിക വിശദീകരണം. ഈ അക്കൗണ്ടുകള്‍ വാടകക്കെടുത്ത് മാവോവാദികളും കള്ളപ്പണക്കാരുമൊക്കെ സ്വന്തം പണം സൂക്ഷിക്കുന്നത് തടയാനാണത്രേ പരിധി ഏര്‍പ്പെടുത്തുന്നത്.

നോട്ട് അസാധുവാക്കിയ ശേഷം ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിക്ഷേപിക്കപ്പെട്ട മൊത്തം തുക 21,000 കോടി രൂപയാണെന്നാണ് പറയുന്നത്. എന്നാല്‍, അക്കൗണ്ടുകളുടെ എണ്ണവുമായി പൊരുത്തപ്പെടുന്ന കണക്കല്ല ഇത്. രാജ്യത്ത് 25 കോടി ജന്‍ധന്‍ അക്കൗണ്ടുകളുണ്ട്. ജന്‍ധനിലേക്ക് അക്കൗണ്ട് ഉടമക്ക് അര ലക്ഷം വരെ നിക്ഷേപിക്കാമെന്നാണ് നേരത്തെ വ്യവസ്ഥവെച്ചിരുന്നത്.

Tags:    
News Summary - jhan dhan be allowed to withdraw 10,000 in a month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.