ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ രോഗം പൂര്‍ണമായി ഭേദമായതായി അപ്പോളോ ആശുപത്രി ചെയര്‍മാന്‍ പ്രതാപ് സി. റെഡ്ഡി. ചികിത്സ അവസാനിച്ചെന്നും കാര്യങ്ങള്‍ തിരിച്ചറിയാനുള്ള ശേഷിയിലേക്ക് അവരത്തെിയെന്നും വീട്ടിലേക്ക് മടങ്ങുന്ന കാര്യം തീരുമാനിക്കേണ്ടത് അവരാണെന്നും അദ്ദേഹം പറഞ്ഞു. ജയയുടെ ആരോഗ്യനിലയെക്കുറിച്ച് ആദ്യമായാണ് ആശുപത്രി അധികൃതരില്‍നിന്ന് വിവരം പുറത്തുവരുന്നത്. അതിതീവ്ര നിരീക്ഷണവിഭാഗത്തില്‍ കഴിയുന്ന ജയയെ മൂന്നുദിവസത്തിനകം മുറിയിലേക്ക് മാറ്റുമെന്നും മൂന്നാഴ്ചക്കകം വീട്ടിലേക്ക് മടങ്ങുമെന്നും അനൗദ്യോഗിക വിവരമുണ്ട്.
ഡോക്ടര്‍മാരുമായും നഴ്സുമാരുമായും അവര്‍ സംസാരിക്കുന്നുണ്ടെന്ന് ചെയര്‍മാന്‍ പറഞ്ഞു. വിവിധ തലങ്ങളിലുള്ള ഡോക്ടര്‍മാരുടെയും നഴ്സുമാരുടെലും കൂട്ടായ ശ്രമത്തിലൂടെയാണ്  വിദഗ്ധ ചികിത്സ നല്‍കിയത്. നമുക്കെല്ലാം അറിയാവുന്നതുപോലെ ജയലളിതയുടെ സ്വഭാവമനുസരിച്ച് അവര്‍ ഡോക്ടര്‍മാരെയും നഴ്സുമാരെയും നിയന്ത്രിച്ച് തുടങ്ങിയതായും പ്രതാപ് റെഡ്ഡി തമാശമട്ടില്‍ സൂചിപ്പിച്ചു. ആശുപത്രിയില്‍ സ്വകാര്യ ചടങ്ങിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂഡല്‍ഹി എയിംസ്, അപ്പോളോ ആശുപത്രി എന്നിവിടങ്ങളിലെ 15 അംഗ ഡോക്ടര്‍മാരും വിദേശ വിദഗ്ധനുമാണ് ചികിത്സാസംഘത്തിലുണ്ടായിരുന്നത്. കരള്‍, വൃക്ക തുടങ്ങിയ അവയവങ്ങളിലെ അണുബാധ നിയന്ത്രണവിധേയമായതായി സൂചനയുണ്ട്.
കഴിഞ്ഞമാസം 21ന് പുറത്തിറക്കിയ അവസാന മെഡിക്കല്‍ ബുള്ളറ്റിനില്‍ ശ്വാസോച്ഛ്വാസ സഹായി ഘടിപ്പിച്ചതായി സൂചിപ്പിച്ചിരുന്നു. ഇതിനുശേഷം ആഴ്ചകളായി മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കുന്നില്ല. ഇതിനുശേഷമാണ് തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ അണ്ണാഡി.എം.കെ സ്ഥാനാര്‍ഥികള്‍ക്ക് നല്‍കിയ സാക്ഷ്യപത്രത്തില്‍ ഇടതുവിരലടയാളം പതിച്ചത്. വലതു കൈ അനക്കാന്‍ സാധ്യമല്ലാത്തതിനാലാണ് വിരലടയാളം പതിച്ചതെന്ന് ഡോക്ടര്‍മാരുടെ കുറിപ്പും പുറത്തുവന്നിരുന്നു.
സെപ്റ്റംബര്‍ 22നാണ് ജയയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Tags:    
News Summary - jayalalitha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.