ജയയുടെ ആശുപത്രിവാസം രണ്ടാഴ്ച തികയുന്നു

ചെന്നൈ: മുഖ്യമന്ത്രി ജയലളിതയുടെ ആശുപത്രിവാസത്തിന് രണ്ടാഴ്ച തികഞ്ഞിട്ടും ഭരണപ്രതിസന്ധി ഒഴിവാക്കുന്നതില്‍ ജയയുടെ വിശ്വസ്തരായ ഉദ്യോഗസ്ഥ വൃന്ദത്തിന്‍െറയും അണ്ണാഡി.എം.കെയുടെയും തന്ത്രപരമായ നീക്കം വിജയിക്കുന്നു. സെക്രട്ടേറിയറ്റും അണ്ണാഡി.എം.കെ ആസ്ഥാനവും സജീവമാണ്. ആശുപത്രി കിടക്കയിലുള്ള മുഖ്യമന്ത്രിയുടെ പേരില്‍ സര്‍ക്കാര്‍ പദ്ധതികളും പ്രഖ്യാപനങ്ങളും പുറത്തുവരുന്നു.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ രാഷ്ട്രീയ പ്രസ്താവനകളും നല്‍കുന്നുണ്ട്. ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട കാവേരി വിഷയത്തില്‍ അടിയന്തരനീക്കം സംസ്ഥാന സര്‍ക്കാറിന്‍െറ ഭാഗത്തുനിന്നുണ്ടായി. കഴിഞ്ഞമാസം 22നാണ് ജയലളിതയെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനിയും നിര്‍ജലീകരണവും ബാധിച്ചെന്നായിരുന്നു വിശദീകരണം. മുഖ്യമന്ത്രിയുടെ ജീവന്‍ അപകടത്തിലായെന്ന് വരെ പ്രചരിപ്പിക്കപ്പെട്ടു. എന്നാല്‍, ഇതിനിടെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചാരണത്തില്‍ മുന്നേറാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു.

പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 20 ശതമാനം ബോണസ് പ്രഖ്യാപിച്ചു. കാവേരി വിഷയത്തില്‍ സുപ്രീംകോടതിയില്‍നിന്നുള്ള അനുകൂലവിധികളുടെ ആനുകൂല്യം ജയലളിതയിലേക്കാണ് എത്തിയത്. പ്രധാനമന്ത്രി വിളിച്ച യോഗത്തിലേക്ക് സംസ്ഥാന പ്രതിനിധികളെ ഉടന്‍ തീരുമാനിച്ചു.
കാവേരി ജല മാനേജ്മെന്‍റ് ബോര്‍ഡ് രൂപവത്കരിക്കുന്നതിന് തടസ്സം നില്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ സമീപനത്തിനെതിരെ പാര്‍ട്ടിയുടെ ലോക്സഭാ-രാജ്യസഭാ അംഗങ്ങളായ 50 പേര്‍ കഴിഞ്ഞ ചൊവ്വാഴ്ച ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ ഓഫിസിലത്തെി നിവേദനം നല്‍കി.

ജയലളിതയുടെ നിര്‍ദേശപ്രകാരമാണ് തങ്ങളുടെ ഓരോ നീക്കവുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്‍െറ അവകാശവാദം. ജയലളിതയുടെ തുടര്‍ച്ചയായ രണ്ട് കാലയളവിലും സംസ്ഥാന സര്‍ക്കാര്‍ ഉപദേശകയും മലയാളി റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥയുമായ ഷീല ബാലകൃഷ്ണനും വിശ്വസ്തരായ ഐ.എ.എസ് ഉദ്യോഗസ്ഥരുമാണ് സംസ്ഥാന ഭരണം മുന്നോട്ടുകൊണ്ടുപോകുന്നത്.  

ജയലളിത കഴിയുന്ന ആശുപത്രിയില്‍ ശശികലക്കൊപ്പം ഷീല ബാലകൃഷ്ണനും പ്രത്യേക മുറിയുണ്ടെന്നാണ് സൂചന. മന്ത്രിമാര്‍ക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ഇവരാണ് നിര്‍ദേശം നല്‍കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാറിന്‍െറ അവസാനകാലത്ത് ജയലളിത പോയസ് ഗാര്‍ഡനില്‍ മാത്രം ഒതുങ്ങിയ സമയത്തും ഷീലയും കൂട്ടരുമായിരുന്നു ഭരണത്തിന്‍െറ ചുക്കാന്‍പിടിച്ചിരുന്നത്.

അതിനിടെ, വാരാന്ത്യങ്ങളില്‍ തമിഴ്നാട്ടിലേക്കും പ്രത്യേകിച്ച് ചെന്നൈയിലേക്കും യാത്രചെയ്യരുതെന്ന രീതിയില്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപക പ്രചാരണം നടക്കുന്നുണ്ട്. സംസ്ഥാനത്തെ പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരും അഭ്യൂഹം പടച്ചുവിടുന്നുണ്ടെന്ന് അണ്ണാഡി.എം.കെ പരാതിപ്പെടുന്നു. ഇതിനെതിരെ പാര്‍ട്ടി അണികള്‍ പൊലീസില്‍ നിരവധി പരാതികളാണ് നല്‍കിയിരിക്കുന്നത്. ഇത്തരം വാര്‍ത്ത വരുന്ന ഓണ്‍ലൈന്‍ സൈറ്റുകള്‍ കണ്ടത്തെി കേസെടുക്കാനുള്ള നടപടികള്‍ തമിഴ്നാട് പൊലീസ് തുടങ്ങിയിട്ടുണ്ട്.

Tags:    
News Summary - jayalalitha in hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.