ഒടുവിൽ മുട്ടുമടക്കി തെരഞ്ഞെടുപ്പ് കമീഷൻ; എസ്.ഐ.ആറിൽ ഒഴിവാക്കപ്പെട്ടവരെ ചേർക്കാൻ 'പ്രത്യേക ഡ്രൈവ്'
ന്യൂഡൽഹി: വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പുനരവലോകനത്തിന്റെ (എസ്.ഐ.ആർ) പേരിൽ ലക്ഷക്കണക്കിന് വോട്ടർമാർ പുറന്തള്ളപ്പെട്ടെന്ന വ്യാപക പരാതികൾക്കും രാഷ്ട്രീയ പ്രക്ഷോഭങ്ങൾക്കും ഒടുവിൽ തെരഞ്ഞെടുപ്പ് കമീഷന്റെ നിർണായക പിന്മാറ്റം. എസ്.ഐ.ആർ പ്രക്രിയ പൂർത്തിയായ 20 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരെയും കന്നി വോട്ടർമാരെയും ഉൾപ്പെടുത്താൻ സ്റ്റാൻഡേർഡ് ഫോം 6 ഉപയോഗിച്ച് 'പ്രത്യേക ഡ്രൈവ്' നടത്താൻ തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവിട്ടു.
പുതിയ വോട്ടർ രജിസ്ട്രേഷനായുള്ള ഫോം 6-ൽ ജൂലൈ മാസത്തിൽ കമീഷൻ ഏകപക്ഷീയമായി തിരുകിക്കയറ്റിയ വിവാദ ചോദ്യം ഇതോടെ പിൻവലിച്ചു. കഴിഞ്ഞ എസ്.ഐ.ആർ പട്ടികയിൽ അപേക്ഷകന്റെയോ മാതാപിതാക്കളുടെയോ പേരുണ്ടോ എന്ന് വ്യക്തമാക്കണമെന്നും, ഇതിന് മറുപടി നൽകാതെ ഫോം സമർപ്പിക്കാനാകില്ലെന്നുമുള്ള നിബന്ധനയാണ് ഒഴിവാക്കിയത്. നിയമഭേദഗതിയില്ലാതെ ഇത്തരം ചോദ്യം ഉൾപ്പെടുത്തിയത് കമീഷനുള്ളിൽ തന്നെ കടുത്ത ഭിന്നതയ്ക്ക് വഴിവെച്ചിരുന്നു. തെരഞ്ഞെടുപ്പ് കമീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും ഇതിന്റെ നിയമസാധുതയെ ചോദ്യം ചെയ്യുകയും സർക്കാർ വഴി മാത്രമേ ചട്ടഭേദഗതി വരുത്താവൂ എന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നതായി ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ടിരുന്നു.
ഒഴിവാക്കപ്പെട്ടവരെ വീടുകളിലെത്തി കണ്ടെത്തും
എസ്.ഐ.ആർ പൂർത്തിയായ സംസ്ഥാനങ്ങളിലെ ചീഫ് ഇലക്ടറൽ ഓഫീസർമാർക്ക് സെപ്റ്റംബർ 29-ന് കമീഷൻ സെക്രട്ടറി രേഖാമൂലം ഇതുസംബന്ധിച്ച കർശന നിർദ്ദേശം നൽകി
പട്ടിക താരതമ്യം: എസ്.ഐ.ആറിന് മുൻപുള്ള വോട്ടർപട്ടികയും ശേഷമുള്ള പട്ടികയും തമ്മിൽ ഒത്തുനോക്കി ഒഴിവാക്കപ്പെട്ടവരുടെ കൃത്യമായ ലിസ്റ്റ് തയ്യാറാക്കണം.
വീടുകളിലേക്ക് നേരിട്ട്: മരണപ്പെടുകയോ ഇരട്ട വോട്ട് ഉള്ളവരോ അല്ലാതെ, 'മാപ്പ് ചെയ്യപ്പെടാത്തവർ' എന്ന് രേഖപ്പെടുത്തി പട്ടികയിൽ നിന്ന് പുറത്തായവരുടെ വീടുകളിൽ ഉദ്യോഗസ്ഥർ നേരിട്ടെത്തി സാധാരണ ഫോം 6 പൂരിപ്പിച്ചു വാങ്ങണം.
രാഷ്ട്രീയ പാർട്ടികളുടെ സഹായം: ബൂത്ത് ലെവൽ ഏജന്റുമാരുടെയും (ബി.എൽ.എ) രാഷ്ട്രീയ പാർട്ടികളുടെയും സഹായത്തോടെ ഈ സ്പെഷ്യൽ ഡ്രൈവ് സമയബന്ധിതമായി പൂർത്തിയാക്കണം.
വിവാദ ചോദ്യം സജീവമായി എസ്.ഐ.ആർ നടക്കുന്ന ഘട്ടങ്ങളിൽ മാത്രമായി ചുരുക്കുകയും, പ്രക്രിയ പൂർത്തിയായ 20 സംസ്ഥാനങ്ങളിൽ യഥാർത്ഥ സ്റ്റാൻഡേർഡ് ഫോം 6 പുനഃസ്ഥാപിക്കുകയും ചെയ്തു.
പ്രതിപക്ഷ പ്രക്ഷോഭം ഇന്ന് മുതൽ; ഗ്യാനേഷ് കുമാറിന്റെ രാജി ലക്ഷ്യം
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റും രാജിയും ആവശ്യപ്പെട്ട് 'ഇൻഡ്യ' മുന്നണി ആഹ്വാനം ചെയ്ത രാജ്യവ്യാപക 'ജനാധിപത്യ സംരക്ഷണ' പ്രക്ഷോഭം ഒക്ടോബർ രണ്ട് വെള്ളിയാഴ്ച ആരംഭിക്കാനിരിക്കെയാണ് കമീഷന്റെ ഈ അടിയന്തര നീക്കം. ബോധപൂർവം ലക്ഷക്കണക്കിന് വോട്ടർമാരെ വെട്ടിനിരത്തിയെന്ന ഗുരുതര ആരോപണങ്ങളാണ് ഗ്യാനേഷ് കുമാറിനെതിരെ ഉയർന്നിട്ടുള്ളത്.
ജില്ലാ ആസ്ഥാനങ്ങളിലെ മാർച്ചുകൾ, പൊതുസമ്മേളനങ്ങൾ, ഡൽഹിയിലെ നിർവാചൻ സദനിലേക്ക് നടത്തുന്ന മാർച്ച് എന്നിവയ്ക്ക് പുറമെ എസ്.ഐ.ആറുമായി ബന്ധപ്പെട്ട കേസുകൾ അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് പ്രതിപക്ഷം സംയുക്ത അപ്പീലും നൽകുന്നുണ്ട്. പ്രതിപക്ഷ പ്രതിഷേധം ആളിക്കത്തുന്നതിനിടയിലാണ് തെറ്റുകൾ തിരുത്താൻ കമീഷൻ നിർബന്ധിതമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.