‘ഭാരം ഇറക്കിവെച്ച് കോൺഗ്രസിലേക്ക് മടങ്ങിവരൂ’...; മമതയെ പാർട്ടിയിലേക്ക് ക്ഷണിച്ച് അധീർ രഞ്ജൻ ചൗധരി
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് (ടി.എം.സി) അധ്യക്ഷ മമത ബാനർജിയോട് കോൺഗ്രസിലേക്ക് മടങ്ങിവരാൻ ആവശ്യപ്പെട്ട് മുതിർന്ന നേതാവ് അധീർ രഞ്ജൻ ചൗധരി. പശ്ചിമ ബംഗാളിൽ മമതയുടെ നേതൃത്വം അംഗീകരിക്കാൻ കോൺഗ്രസ് സന്നദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഡൽഹിയിൽ കോൺഗ്രസ് നേതൃത്വത്തിൽ നടന്ന ഇൻഡ്യ സഖ്യത്തിന്‍റെ യോഗത്തിൽ മമത പങ്കെടുത്തതിനു പിന്നാലെയാണ് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ച്, ബംഗാളിൽ മമതയുടെ കടുത്ത വിമർശകരിൽ ഒരാളായ ചൗധരി മൂന്നു ദശകങ്ങൾക്കു മുമ്പ് അവർ വിട്ട കോൺഗ്രസിലേക്ക് മടങ്ങിവരാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇൻഡ്യ സഖ്യത്തിന്‍റെ യോഗത്തിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയുമായി മമത സൗഹൃദം പങ്കുവെക്കുന്ന ചിത്രങ്ങളടക്കം പുറത്തുവന്നിരുന്നു. ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്കു പിന്നാലെ ടി.എം.സിയിലെ ഭൂരിഭാഗം എം.പിമാർ പാർട്ടി വിടുകയും തെരഞ്ഞെടുപ്പ് കമീഷൻ പാർട്ടി ചിഹ്നവും പേരും മരവിപ്പിക്കുകയും ചെയ്തിരുന്നു. തനിക്ക് രാഷ്ട്രീയമായി പ്രതിസന്ധി സൃഷ്ടിക്കുന്ന ‘ഭാരം’ മമത ഒഴിവാക്കണം. ബാക്കിയുള്ള എം.എൽ.എമാർക്കും എം.പിമാർക്കുമൊപ്പം കോൺഗ്രസിൽ ചേരണം. മമതക്കു വേറിട്ടൊരു രാഷ്ട്രീയ പ്രസ്ഥാനവുമായി മുന്നോട്ട് പോകേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ലെന്നും ചൗധരി പറഞ്ഞു.
‘ഈ ഘട്ടത്തിൽ വേറിട്ടൊരു പ്രസ്ഥാനത്തിന്റെ ആവശ്യമില്ല. നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്കു പിന്നാലെ പാർട്ടി വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കോൺഗ്രസ് നേതൃത്വം നൽകുന്ന ഇൻഡ്യ മുന്നണിയുടെ ഭാഗമായതിനാൽ അവർ പാർട്ടിയിലേക്ക് തിരിച്ചുവരണം... ബാക്കിയുള്ള എം.എൽ.എമാർക്കും എം.പിമാർക്കുമൊപ്പം കോൺഗ്രസിൽ ചേരാൻ മമത ബാനർജിയോട് അഭ്യർഥിക്കുന്നു. പശ്ചിമ ബംഗാളിൽ അവരുടെ നേതൃത്വം അംഗീകരിക്കാനും ഒന്നിച്ച് പ്രവർത്തിക്കാനും ഞങ്ങൾ തയാറാണ്’ -ചൗധരി ബഹാറംപൂരിൽ പറഞ്ഞു.
വർഷങ്ങളായി കോൺഗ്രസിനുള്ളിൽ മമതയുടെ ഏറ്റവും കടുത്ത വിമർശകനാണ് ചൗധരി. ദേശീയ തലത്തിൽ ഇരു പാർട്ടികളും ഇൻഡ്യ മുന്നണിയുടെ ഭാഗമായി പ്രവർത്തിക്കുമ്പോഴും ബംഗാളിൽ ടി.എം.സിയെ ശക്തമായി എതിർക്കുന്ന നിലപാടാണ് ചൗധരി സ്വീകരിച്ചിരുന്നത്. ടി.എം.സി ജനറൽ സെക്രട്ടറിയും മമതയുടെ അനന്തരവനുമായ അഭിഷേക് ബാനർജിയെ ഉദ്ദേശിച്ചാണ് ചൗധരിയുടെ ഭാരം ഇറക്കിവെക്കാനുള്ള പരാമർശമെന്നാണ് വിലയിരുത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം അഭിഷേക് ആണെന്ന് ആരോപിച്ചാണ് നേതാക്കൾ പാർട്ടി വിട്ടത്. കോൺഗ്രസിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച മമത, 1998ലാണ് പാർട്ടി വിട്ട് തൃണമൂൽ കോൺഗ്രസ് രൂപവത്കരിക്കുന്നത്. 2012ൽ കോൺഗ്രസ് നേതൃത്വം നൽകിയ യു.പി.എ സർക്കാറിനുള്ള പിന്തുണ ടി.എം.സി പിൻവലിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.