'വോട്ട് വെട്ടാൻ വ്യാജരേഖ ചമച്ചു': കർണാടകയിൽ ബി.ജെ.പി നേതാവിനെതിരെ കേസ്; ന്യൂനപക്ഷ വോട്ടുകൾ നീക്കം ചെയ്യാൻ ഗൂഢാലോചനയെന്ന് പരാതി
ബെളഗാവി: കർണാടകയിൽ വോട്ടർ പട്ടിക പുതുക്കുന്ന തീവ്ര തിരുത്തൽ പ്രക്രിയയുടെ (SIR) മറവിൽ ന്യൂനപക്ഷ സമുദായത്തിൽപ്പെട്ടവരുടെ വോട്ടുകൾ കൂട്ടത്തോടെ വെട്ടിച്ചുരുക്കാൻ ശ്രമിച്ച സംഭവത്തിൽ ബി.ജെ.പി നേതാവിനെതിരെ പൊലീസ് കേസെടുത്തു. ബെളഗാവിയിലെ ബി.ജെ.പി നേതാവ് രവി പാട്ടീലിനും ഇരുപതിലധികം അനുയായികൾക്കുമെതിരെയാണ് കേസെടുത്തത്. ഫോം-7 അപേക്ഷകളിൽ വ്യാജരേഖ ചമച്ച് 198 മുസ്‌ലിം വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്യാൻ ഗൂഢാലോചന നടത്തിയെന്ന പരാതിയിലാണ് ബെളഗാവി മാർക്കറ്റ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
ബെളഗാവി നോർത്ത് മണ്ഡലത്തിലെ ബൂത്ത് ലെവൽ ഏജന്റായ മീരാസാബ് സനാദി നൽകിയ പരാതിയിലാണ് പൊലീസ് നടപടി. പ്രതികളായ രവി പാട്ടീൽ, ശങ്കർ ബീരപ്പ നായിക്, പ്രശാന്ത് ദീപക് മുണ്ടിൻമണി എന്നിവരടങ്ങുന്ന സംഘം ബി.എൽ.ഒയെ ഭീഷണിപ്പെടുത്തിയും, ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറുടെ പേരിൽ വ്യാജമായി സംസാരിച്ചും രേഖകളിൽ ഒപ്പ് പതിപ്പിച്ചെടുക്കുകയായിരുന്നുവെന്ന് എഫ്.ഐ.ആറിൽ പറയുന്നു. പരാതിക്കാരന്റെയും കുടുംബത്തിന്റെയും പേരുകൾ ഉൾപ്പെടെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ ശ്രമം നടന്നിട്ടുണ്ട്. പ്രകോപനമുണ്ടാക്കി ക്രമസമാധാന നില തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ ഈ ഗൂഢാലോചന നടത്തിയതെന്നും ഭാരതീയ ന്യായ സംഹിത പ്രകാരം കേസ് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
ബെളഗാവിക്ക് പുറമെ ബീദറിലും മൈസൂരുവിലും സമാനമായ വോട്ട് വെട്ടൽ ശ്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബീദറിലെ ഭാൽക്കിയിൽ വ്യാജ ഫോം-7 ഉപയോഗിച്ച് തന്റേതുൾപ്പെടെ 3,244 വോട്ടർമാരെ "സ്ഥലം മാറിയവരും അല്ലാത്തവരും" (Shifted/Absent) ആയി കാണിച്ച് വിരമിക്കാൻ ശ്രമിച്ചതായി മുഹമ്മദ് അതീഖ് അഹമ്മദ് നൽകിയ പരാതിയിൽ 32 പേർക്കെതിരെ കേസെടുത്തു.
സംഭവത്തിൽ കർണാടകയിൽ രാഷ്ട്രീയ പ്രതിഷേധം കടുക്കുകയാണ്. വോട്ടർ പട്ടികയിൽ വ്യാജരേഖ ചമച്ച് ക്രമക്കേട് നടത്തിയവർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും മന്ത്രിമാരും ചീഫ് ഇലക്ടറൽ ഓഫീസർ വി. അൻപു കുമാറിന്റെ ഓഫീസിന് മുന്നിൽ ധർണ സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.