‘ഇരുഭാഷാ നയം തമിഴ്നാടിന്റെ ജീവനാഡി, അതിൽ തൊട്ട് കളിക്കരുത്’; വിജയ്ക്ക് മുന്നറിയിപ്പുമായി സ്റ്റാലിൻ
ചെന്നൈ: തമിഴ്നാട്ടിൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ ടി.വി.കെ സർക്കാർ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ഡി.എം.കെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ. തമിഴും ഇംഗ്ലീഷും ഉൾപ്പെടുന്ന സംസ്ഥാനത്തിന്റെ ഇരുഭാഷാ നയത്തിൽ മാറ്റം വരുത്താനുള്ള നീക്കങ്ങളിൽ നിന്ന് സർക്കാർ പിന്മാറണമെന്നും സ്റ്റാലിൻ മുന്നറിയിപ്പ് നൽകി.
തമിഴ്നാട് ഇതുവരെ കേന്ദ്രസർക്കാരിന്റെ ഹിന്ദി അടിച്ചേൽപ്പിക്കലിനെ നേരിട്ടുകൊണ്ടിരിക്കുകയായിരുന്നുവെന്നും ഇപ്പോൾ സംസ്ഥാന സർക്കാർ തന്നെ അതേ നിലപാട് സ്വീകരിക്കുന്നതായി തോന്നുന്നുവെന്നും സ്റ്റാലിൻ എക്‌സിൽ പങ്കുവച്ച കുറിപ്പിൽ ആരോപിച്ചു.
“ഇതുവരെ കേന്ദ്രസർക്കാരിന്റെ ഹിന്ദി അടിച്ചേൽപ്പിക്കലിനെയാണ് തമിഴ്നാട് നേരിട്ടത്. ഇപ്പോൾ സംസ്ഥാന സർക്കാർ തന്നെ ആ ചുമതല ഏറ്റെടുക്കുന്നതായി തോന്നുന്നു. അവർ വാഗ്ദാനം ചെയ്ത മാറ്റം ഇതാണോ?” സ്റ്റാലിൻ ചോദിച്ചു.
ടി.വി.കെ സർക്കാരിന്റെ സമീപനത്തെയും അദ്ദേഹം വിമർശിച്ചു. ആദ്യം വിവിധ വിഷയങ്ങളിൽ പ്രതികരണം പരിശോധിക്കുകയും എതിർപ്പ് ഉയർന്നാൽ പിന്നീട് നിലപാട് മാറ്റുകയും ചെയ്യുന്ന രീതിയാണോ സർക്കാരിന്റേതെന്നും സ്റ്റാലിൻ ചോദിച്ചു. വടക്കേ ഇന്ത്യയിൽ നിന്നുള്ള ഇൻഫ്ലുവൻസർമാരെ ലക്ഷ്യമിട്ട് സർക്കാർ ‘റീൽസ് സർക്കാർ’ ആയി പ്രവർത്തിക്കുകയാണെന്നും സ്റ്റാലിൻ ആരോപിച്ചു. ഇത്തരമൊരു സമീപനത്തിന്റെ അപകടം മനസ്സിലാക്കി സർക്കാർ ഉടൻ നിലപാട് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തമിഴ്നാടിന്റെ ഭാഷാനയത്തിൽ ഇരുഭാഷാ നയം വളരെ പ്രധാനപ്പെട്ടതാണെന്നും അതിൽ മാറ്റം വരുത്താനുള്ള ശ്രമങ്ങൾ നടത്തരുതെന്നും സ്റ്റാലിൻ മുന്നറിയിപ്പ് നൽകി. “ഇരുഭാഷാ നയം തമിഴ്നാടിന്റെ ജീവനാഡിയാണ്. അതിൽ തൊട്ട് കളിക്കരുത്,” അദ്ദേഹം പറഞ്ഞു.
തമിഴ്നാട് നിയമസഭയുടെ 17-ാം സമ്മേളനത്തിൽ ഗവർണർ ആർ.എൻ. രവി നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ടാണ് സ്റ്റാലിന്റെ പ്രതികരണം. തമിഴും ഇംഗ്ലീഷും ഉൾപ്പെടുന്ന നിലവിലെ ഇരുഭാഷാ നയം സർക്കാർ തുടരുമെന്ന് ഗവർണർ വ്യക്തമാക്കിയിരുന്നു. 1968ൽ തമിഴ്നാട് നിയമസഭ പാസാക്കിയ പ്രമേയം മുതൽ സംസ്ഥാനത്ത് ഈ നയം തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തമിഴ്നാട്ടിൽ ഭാഷാനയം വർഷങ്ങളായി പ്രധാന രാഷ്ട്രീയ ചർച്ചാവിഷയമാണ്. തമിഴും ഇംഗ്ലീഷും മാത്രം ഉൾപ്പെടുന്ന ഇരുഭാഷാ നയം തുടരുന്ന സംസ്ഥാന സർക്കാർ, ദേശീയ വിദ്യാഭ്യാസ നയത്തിലെ മൂന്ന് ഭാഷാ ഫോർമുലയോട് എതിർപ്പ് പ്രകടിപ്പിച്ചുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.