ഫ്ലൈ ദുബൈ പൈലറ്റ് സ്മിത് മച്ചാറുമായി മോദി ഫോണിൽ സംസാരിച്ചു; സാഹസത്തിന് പ്രധാനമന്ത്രിയുടെ പ്രശംസ
ന്യൂഡൽഹി: ദുബൈയിൽ നിന്ന് തെൽ അൽവിലേക്കുള്ള ഫ്ലൈദുബായ് വിമാനത്തിൽ കോപൈലറ്റിന്റെ ആക്രമണത്തെ ചെറുത്ത് 180 യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചു. വിമാനത്തിനുള്ളിൽ തനിക്ക് നേരിടേണ്ടി വന്ന സംഭവവികാസങ്ങളെക്കുറിച്ചും ആ നിർണായക നിമിഷങ്ങളിൽ ധൈര്യം പകർന്നത് എന്താണെന്നും ക്യാപ്റ്റൻ സ്മിത് പ്രധാനമന്ത്രിയോട് വിശദീകരിച്ചു. അദ്ദേഹത്തിന്റെ അസാധാരണമായ ധീരതയെ അഭിനന്ദിച്ച പ്രധാനമന്ത്രി, അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.
യു.എ.ഇയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ക്യാപ്റ്റൻ സ്മിത് മച്ചാറെയും കുടുംബത്തെയും യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ നേരിട്ട് സന്ദർശിച്ചിരുന്നു. സ്മിത് മച്ചാറിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം പൂർണ ആത്മവിശ്വാസത്തോടെയും പുഞ്ചിരിയോടെയുമാണ് സംസാരിച്ചതെന്നും അംബാസഡർ വ്യക്തമാക്കി. പ്രസാർഭാരതിയോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും മികച്ച ചികിത്സയാണ് യു.എ.ഇയിൽ അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും, രാജ്യത്തിന്റെ അഭിമാനമായ ആ ധീരപുത്രൻ നൂറുകണക്കിന് ജീവനുകളാണ് ഒറ്റക്ക് രക്ഷിച്ചതെന്നും അംബാസഡർ കൂട്ടിച്ചേർത്തു.
കോക്ക്പിറ്റിൽ വെച്ച് ഗുരുതരമായി പരിക്കേറ്റിട്ടും തളരാതെ പൊരുതിയ ക്യാപ്റ്റന്റെ സാന്നിധ്യവും ധീരതയും രാജ്യത്തിന് മുഴുവൻ അഭിമാനകരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ വ്യക്തമാക്കിയിരുന്നു. വലിയൊരു ദുരന്തമാണ് ഒരു ഇന്ത്യൻ പൈലറ്റിന്റെ സമയോചിതമായ ഇടപെടലിലൂടെ ഒഴിവാക്കപ്പെട്ടതെന്ന് ഇസ്രായേൽ പ്രധാനമന്ത്രിയും പ്രശംസിച്ചിരുന്നു. ക്യാപ്റ്റന്റെ മാതാപിതാക്കളായ ഭൂപേന്ദ്രഭായ്, ഗീതാബെൻ, ഭാര്യ സോനാൽബെൻ എന്നിവരുമായി താൻ സംസാരിച്ചിരുന്നുവെന്നും, ലോകമെമ്പാടുമുള്ള ഇന്ത്യക്കാർ ഇന്ന് അദ്ദേഹത്തെ ഓർത്ത് അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
അതിനിടെ, വിമാനത്തിനുള്ളിലുണ്ടായ സംഭവങ്ങളുടെ പുതിയ ദൃശ്യങ്ങൾ ഇസ്രായേലിന്റെ ചാനൽ 12 പുറത്തുവിട്ടു. കോപൈലറ്റ് വിമാനം തകർക്കാൻ ശ്രമിച്ചതിനെത്തുടർന്ന് ക്യാപ്റ്റൻ സ്മിത് മച്ചാറും മറ്റ് യാത്രക്കാരും ചേർന്ന് നടത്തിയ പ്രതിരോധത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കോക്ക്പിറ്റിന് സമീപത്തുനിന്നുള്ള വിഡിയോയിൽ യാത്രക്കാരുടെ ബഹളവും, കോപൈലറ്റ് വിമാനം തകർക്കാൻ ശ്രമിച്ചുവെന്ന് ഒരാൾ വിളിച്ചുപറയുന്നതും വ്യക്തമാണ്. പരിക്കേറ്റ് രക്തത്തിൽ കുളിച്ചുകിടക്കുന്ന ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഒരു ഇസ്രായേലി ദന്തഡോക്ടറും മറ്റ് യാത്രക്കാരും ചേർന്ന് അടിയന്തര പ്രാഥമിക ശുശ്രൂഷ നൽകുന്നതും ദൃശ്യങ്ങളിൽ കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.