ജിം ഉടമ മുഹമ്മദ് ദീപകിനെ ഉത്തരാഖണ്ഡ് പൊലീസ് അറസ്റ്റ് ചെയ്തു

ഡെറാഡൂൺ: ബജ്‍റംഗ്ദൾ പ്രവര്‍ത്തകരുടെ വർഗീയ നീക്കത്തെ എതിർത്ത് ‘മുഹമ്മദ് ദീപക്’ എന്ന അപരനാമത്തിൽ പ്രശസ്തനായ ജിം ഉടമ ദീപക് കുമാറിനെ ഉത്തരാഖണ്ഡ് പൊലീസ് അറസ്റ്റ് ചെയ്തു. അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തുവെന്ന പ്രാദേശിക ബിസിനസുകാരന്റെ പരാതിയിലാണ് ദീപകിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

ഉത്തരാഖണ്ഡിലെ കോട്‌ദ്വാറിൽ മുസ്‌ലിം വ്യാപാരിയെ ആക്രമിക്കാനെത്തിയ ബജ്‍റംഗ്ദൾ പ്രവര്‍ത്തകരെ ചോദ്യം ചെയ്തതിലൂടെയാണ് ദീപക് വാർത്തകളിൽ ഇടംപിടിച്ചത്. പൗരി ഗർവാൾ ജില്ലയിലെ താമസക്കാരനായ ദീപകിനെ ഇന്നലെയാണ് കസ്റ്റഡിയിലെടുത്തത്. പ്രദേശത്ത് ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമായേക്കാം എന്ന വിലയിരുത്തലിലാണ് മുൻകരുതലായി കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു.


കോട്ദ്വാർ കോട്‌വാലി പൊലീസ് സ്റ്റേഷനിൽ ബിസിനസുകാരനായ സഞ്ജീവ് ടോങ്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ദീപക് തന്നോട് മോശമായി പെരുമാറിയെന്നും അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചെന്നും ആക്രമിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തെന്നുമാണ് സഞ്ജീവ് ടോങ്കിന്‍റെ പരാതിയിൽ പറയുന്നത്.

അന്വേഷണത്തിന്‍റെ ഭാഗമായി സിസിടിവി ദൃശ്യങ്ങൾ, ഫോട്ടോഗ്രാഫുകൾ, മറ്റ് തെളിവുകൾ എന്നിവ പരിശോധിച്ചതായി പൊലീസ് പറഞ്ഞു. ദീപക് പരാതിക്കാരനെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പ്രഥമദൃഷ്ട്യാ കണ്ടെത്തിയതായി പൊലീസ് പറയുന്നു. സുരക്ഷ മുൻനിർത്തി വ്യാഴാഴ്ച വൈകുന്നേരം കോട്ദ്വാർ മുൻസിപ്പൽ കോർപറേഷൻ പരിധിയിൽ പൊലീസ് ഫ്ലാഗ് മാർച്ച് നടത്തി.

70കാരനായ മുസ്‌ലിം വ്യാപാരിയെ ബജ്റങ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ നിന്നും ദീപക് രക്ഷിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കഴിഞ്ഞ ജനുവരി 26നായിരുന്നു സംഭവം. കോട്ദ്വാറിൽ വക്കീൽ അഹമ്മദ് എന്ന വ്യാപാരിയുടെ 'ബാബ ഡ്രസ്സ്' എന്ന കടയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബജ്റങ്ദൾ പ്രവർത്തകർ എത്തിയപ്പോൾ ദീപക് കുമാർ ഇത് ചോദ്യം ചെയ്യുകയായിരുന്നു. പ്രശ്നത്തില്‍ ഇടപെട്ട ദീപക് കുമാറിനോട് സംഘം പേര് ചോദിച്ചപ്പോള്‍ ‘മുഹമ്മദ് ദീപക്’ എന്നാണ് മറുപടി നൽകിയത്.

ദീപക്കിനെ പിന്തുണച്ച് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നിരുന്നു. രാജ്യത്തിന്റെ ഹീറോയെന്നാണ് രാഹുൽ വിശേഷിപ്പിച്ചത്. രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ് ദീപക്കിന്റെ ജിമ്മില്‍ മെമ്പര്‍ഷിപ്പ് എടുത്തതും വാര്‍ത്തയായിരുന്നു.

Tags:    
News Summary - Gym Owner 'Mohammad Deepak' Arrested For Assaulting Businessman In Uttarakhand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.