ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം; എം.എ. ബേബി ഉൾപ്പെടെ സി.പി.എം നേതാക്കൾ അറസ്റ്റിൽ, ഡൽഹിയിൽ സംഘർഷം

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ ഇടതുപാർട്ടികളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധത്തിനിടെ സംഘർഷം. സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി, ബൃന്ദ കാരാട്ട്, പി.ബി. അംഗങ്ങൾ, കേരളത്തിൽനിന്നുള്ള എം.പിമാർ ഉൾപ്പെടെയുള്ളവരെ ​ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എ.എ. റഹീം, ജെയ്ക് സി. തോമസ് എന്നിവരേയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. എന്നാൽ ഒരു സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുമ്പോൾ മറ്റുള്ളവര്‍ ജന്തർ മന്തറിലേക്ക് വീണ്ടും പ്രതിഷേധത്തിനെത്തുന്നുണ്ട്.

തങ്ങളെയല്ല, ഗ്യാനേഷ് കുമാറിനെയാണ് അറസ്റ്റ് ചെയ്യേണ്ടതെന്ന് നേതാക്കൾ പ്രതികരിച്ചു. ആളുകളുടെ വോട്ടുകൾ വെട്ടിക്കുറച്ച ക്രിമിനൽ പ്രവർത്തനത്തിന് ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് എം.എ. ബേബി പറഞ്ഞു.  സി.പി.എം, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ തുടങ്ങിയ ഇടതു സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം. കേരളത്തിൽ നിന്നുൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് പ്രവർത്തകർ മാർച്ചുമായി ജന്തർ മന്തറിലേക്ക് എത്തിയതോടെയാണ് പൊലീസ് മാർച്ച് തടഞ്ഞത്. ജന്തർ മന്തറിലേക്കെത്തിയ പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് മാറ്റാനുള്ള ശ്രമം പൊലീസ് നടത്തി. തുടർന്ന് നേതാക്ക​ളെയും പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ജന്തർ മന്തറിന് രണ്ട് കിലോമീറ്റർ ചുറ്റളവിൽ പൊലീസ് റോഡുകൾ അടച്ചിരുന്നു. ഡൽഹിയിൽ മെട്രോ സ്റ്റേഷനുകളും റോഡുകളും അടച്ചു. ജൻപഥ്, പട്ടേൽ ചൗക്ക്, സെൻട്രൽ സെക്രട്ടേറിയറ്റ്, രാജീവ് ചൗക്ക്, സേവാ തീർഥ്, മണ്ഡി ഹൗസ്, ലോക് കല്യാൺ മാർഗ്, ഐഎൻഎ, ചൗരി ബസാർ, രാമകൃഷ്ണ ആശ്രമ മാർഗ്, ന്യൂഡൽഹി എന്നിവയുൾപ്പെടെ 11 മെട്രോ സ്റ്റേഷനുകളാണ് ഡൽഹി മെട്രോ അടച്ചത്. ഇന്റർനെറ്റിനും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ജന്തർ മന്തറിലേക്കുള്ള എല്ലാ പ്രധാന പാതകളിലും കൂറ്റൻ ബാരിക്കേഡുകൾ ഉയർത്തി പ്രദേശം പൂർണമായും അടച്ചിട്ടിരിക്കുകയാണ്. ഗ്യാനേഷ് കുമാർ രാജി വെക്കണമെന്നും, വോട്ടർപട്ടിക പരിഷ്കരണത്തിന്റെ ക്രമക്കേടുകൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് വിവിധ സംഘടനകൾ സമരത്തിന് ആഹ്വാനം ചെയ്തത്.

Tags:    
News Summary - jantar mantar protest cpm gyanesh kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.