ശ​ർ​ജീ​ൽ ഇ​മാം,ആ​സി​ഫ് ത​ൻ​ഹ

ജാമിഅ നഗർ പൗരത്വസമര സംഘർഷം: ശർജീൽ ഇമാം, ആസിഫ് തൻഹ കുറ്റമുക്തർ

ന്യൂഡൽഹി: പൗരത്വ സമരത്തിനിറങ്ങിയ വിദ്യാർഥി നേതാക്കളായ ശർജീൽ ഇമാം, ആസിഫ് ഇഖ്ബാൽ തൻഹ എന്നിവരടക്കം ജാമിഅ നഗർ സംഘർഷ കേസിൽ ഒരാളൊഴികെ മുഴുവൻ പ്രതികളെയും ഡൽഹി കോടതി കുറ്റമുക്തരാക്കി.യഥാർഥ കുറ്റവാളികളെ പിടികൂടാതെ ഡൽഹി പൊലീസ് ഇവരെ ബലിയാടാക്കുകയായിരുന്നുവെന്ന് അഡീഷനൽ സെഷൻസ് ജഡ്ജി അരുൽ വർമ വിധിന്യായത്തിൽ വ്യക്തമാക്കി.

സമാധാനപരമായി സംഘടിക്കാനും സമരം നടത്താനുമുള്ള മൗലികാവകാശത്തിന് ഹാനികരമാണ് ഡൽഹി പൊലീസ് നടപടി. പ്രതിഷേധിക്കാനുള്ള പൗരന്മാരുടെ അവകാശത്തിൽ ഇത്ര ലാഘവത്തോടെ ഇടപെടരുതെന്നും പൊലീസിനെ കോടതി ഓർമിപ്പിച്ചു.ഇമാമിനും തൻഹക്കും പുറമെ സഫൂറ സർഗർ, മുഹമ്മദ് ഖാസിം, മഹ്മൂദ് അൻവർ, ശഹ്സാർ റാസ ഖാൻ, മുഹമ്മദ് അബൂസർ, മുഹമ്മദ് ശുഐബ്, ഉമൈർ അഹ്മദ്, ബിലാൽ നദീം, ചന്ദ യാദവ് എന്നിവരെയാണ് കുറ്റമുക്തരാക്കിയത്. 2019 ഡിസംബറിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തിയവരും ഡൽഹി പൊലീസും തമ്മിലുണ്ടായ സംഘർഷമാണ് കേസിനാധാരം.

നീതിപൂർവകമായ അന്വേഷണം നടത്താൻ ഡൽഹി പൊലീസ് തയാറാകാതിരുന്നത് മൂലം ജാമിഅ അക്രമത്തിന്റെ യഥാർഥ കുറ്റവാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ കഴിഞ്ഞില്ലെന്ന് കോടതി കുറ്റപ്പെടുത്തി.അതിനാൽ മുഹമ്മദ് ഇല്യാസ് ഒഴികെയുള്ള മുഴുവൻ പ്രതികളെയും അവർക്കെതിരെ ചുമത്തിയ മുഴുവൻ കുറ്റങ്ങളിൽനിന്നും മുക്തരാക്കുകയാണെന്ന് കോടതി വ്യക്തമാക്കി.

ഇല്യാസ് കത്തുന്ന ടയർ എറിയുന്ന ചിത്രങ്ങൾ കണ്ടുവെന്നും പൊലീസ് സാക്ഷികൾ ഇല്യാസിനെ തിരിച്ചറിഞ്ഞുവെന്നും വിധിയിലുണ്ട്. ഇല്യാസിനെതിരെ ഏപ്രിൽ 10ന് കുറ്റം ചുമത്തും. ഡൽഹി കലാപ ഗൂഢാലോചന കേസിൽ ജയിലിൽ കഴിയുന്ന ശർജീൽ ഇമാമിന് അതിൽ ജാമ്യം കിട്ടുന്നതുവരെ മോചനമാവില്ല. എന്നാൽ, ആസിഫ് തൻഹ അതേ കേസിൽ ജാമ്യത്തിലാണ്.കലാപം അടിച്ചമർത്തണമെന്ന കാര്യത്തിൽ തർക്കമില്ലെങ്കിലും വിയോജിപ്പിന് ഇടവും വേദിയും നൽകണമെന്നും കോടതി കൂട്ടിച്ചേർത്തു.

Tags:    
News Summary - Jamia Nagar Citizenship Clash: Sharjeel Imam and Asif Tanha acquitted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.