ന്യൂഡൽഹി: രാജ്യത്ത് ഇസ്ലാമിനെ കുറിച്ചുള്ള തെറ്റിദ്ധാരണ നീക്കംചെയ്യലാണ് അടുത്ത നാലു വർഷത്തെ ജമാഅത്തെ ഇസ്ലാമി ഹിന്ദിന്റെ ഊന്നലെന്ന് അഖിലേന്ത്യാ അധ്യക്ഷൻ സയ്യിദ് സആദതുല്ലാ ഹുസൈനി വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. ഇസ്ലാമോഫോബിയ വ്യാപകമായതുമൂലം ഇസ്ലാമിന്റെ അധ്യാപനങ്ങൾ ഇന്ത്യയിലെ ഭൂരിപക്ഷ സമുദായത്തിന് കൈമാറേണ്ടത് അനിവാര്യമായിവന്നിരിക്കുന്നുവെന്ന് ഹുസൈനി പറഞ്ഞു.
വീണ്ടുമൊരിക്കൽ കൂടി ജമാഅത്ത് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഹുസൈനി അടുത്ത നാല് വർഷത്തേക്കുള്ള ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ ഭാരവാഹികളുമായി അബുൽ ഫസൽ എൻക്ലേവിലെ ജമാഅത്ത് ആസ്ഥാനത്ത് വിളിച്ചുചേർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. കേരളത്തിൽനിന്ന് പുതിയ അഖിലേന്ത്യാ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട ജനറൽ സെക്രട്ടറി ടി. ആരിഫലി, സെക്രട്ടറിമാരായ എ. റഹ്മത്തുന്നീസ, കെ.കെ. സുഹൈൽ തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
ഇസ്ലാമിക അധ്യാപനങ്ങൾ മുസ്ലിംകൾക്ക് മാത്രമായുള്ളതല്ല, എല്ലാ ജനവിഭാഗങ്ങൾക്കും അവരുടെ ക്ഷേമത്തിനും കൂടിയുള്ളതാണെന്നും സആദതുല്ലാ ഹുസൈനി ഓർമിപ്പിച്ചു. സമൂഹത്തിൽ വലിയൊരുവിഭാഗം ഇസ്ലാമിനെ കുറിച്ച് അജ്ഞരാണെങ്കിലും ഒരുവിഭാഗം ശരിയായ അറിവുണ്ടായിട്ടും തങ്ങളുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി ഇസ്ലാമിനെതിരെ വർഗീയതയും ഭിന്നിപ്പിന്റെ രാഷ്ട്രീയവും പയറ്റുന്നുണ്ട്. ഇതിനെതിരെ എല്ലാ സമുദായങ്ങളും ഒരുമിച്ചുനിന്ന് നേരിടണമെന്ന് ഹുസൈനി ആവശ്യപ്പെട്ടു. വിവിധ മതസമുദായങ്ങൾക്കിടയിൽ വിദ്വേഷത്തിന് അറുതിവരുത്താൻ സംഭാഷണങ്ങളുടെയും ചർച്ചകളുടെയും അന്തരീക്ഷം രൂപപ്പെടണമെന്നും ജമാഅത്ത് ഇതിനായി യത്നിക്കുന്നുണ്ടെന്നും അദ്ദേഹം തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.