രാജീവ് ചന്ദ്രശേഖറിനെതിരെ നിയമനടപടി ആലോചനയിൽ -ജമാഅത്തെ ഇസ്‍ലാമി

ന്യൂഡൽഹി: ഡൽഹിയിലെ ബി.ജെ.പി കേന്ദ്ര ആസ്ഥാനത്ത് വന്ന് ജമാഅത്തെ ഇസ്‍ലാമിക്കെതിരെ അധിക്ഷേപാർഹമായ പരാമർശങ്ങൾ നടത്തുകയും കോൺഗ്രസുമായി സഖ്യമുണ്ടാക്കി എന്നാരോപിക്കുകയും ചെയ്ത ബി.ജെ.പി കേരള ഘടകം പ്രസിഡന്റ് രാജീവ് ച​ന്ദ്രശേഖറിനെതിരെ നിയമപരമായ നടപടി ആലോചിക്കുന്നുണ്ടെന്ന് ജമാഅത്തെ ഇസ്‍ലാമി അഖിലേന്ത്യാ ഉപാധ്യക്ഷൻ മുഹമ്മദ് സലീം. വിഷയം പാർട്ടി അഖിലേന്ത്യാ നേതൃത്വം ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് കേരള ഘടകവുമായി ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്നും അബുൽ ഫസൽ എൻക്ലേവിൽ ജമാഅത്ത് ആസ്ഥാനത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെയും മ​തേതരത്വത്തെയും ഇന്ത്യൻ ഭരണഘടനയെയും എതിർക്കുന്നുവെന്നും ശരീഅത്ത് നിയമം ഇന്ത്യയിൽ നടപ്പാക്കാൻ ആഗ്രഹിക്കുന്നുവെന്നും തുറന്നു പറഞ്ഞ സംഘടനയാണ് ജമാഅത്തെ ഇസ്‍ലാമി എന്നായിരുന്നു ബി.ജെ.പി ആസ്ഥാനത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ രാജീവ് ചന്ദ്രശേഖർ പറഞ്ഞത്. ഈ ജമാഅത്തെ ഇസ്‍ലാമിയുമായി നിലമ്പൂരിൽ കോൺഗ്രസ് സഖ്യമുണ്ടാക്കിയെന്നും ബി.ജെ.പി പ്രസിഡന്റ് ആരോപിച്ചു. കോൺഗ്രസിനെ വിമർശിക്കാൻ ജമാഅ​ത്തെ ഇസ്‍ലാമിക്കെതിരെ തിരിയുകയാണ് അദ്ദേഹം ചെയ്തതെന്ന് മുഹമ്മദ് സലീം പറഞ്ഞു. അത്യന്തം അധിക്ഷേപാർഹമായ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്. രാജ്യം ഭരിക്കുന്ന ഒരു കക്ഷിയുടെ കേരള ഘടകം പ്രസിഡന്റിന് ജമാഅത്തെ ഇസ്‍ലാമിയുടെ പേര് പറയാൻ പോലുമറിയില്ലെന്ന് മുഹമ്മദ് സലീം ചൂണ്ടിക്കാട്ടി. ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് ആണ് ഈ സംഘടനയെന്ന് പോലും അയാൾക്കറിയില്ല.

ബിഹാറിൽ തെരഞ്ഞെടുപ്പ് കമീഷനിലൂടെ പരോക്ഷ എൻ.ആർ.സി നടപ്പാക്കുകയാണെന്ന് മുഹമ്മദ് സലീം ചൂണ്ടിക്കാട്ടി. രാജ്യത്തെ എല്ലാ പൗരന്മാരെയും വോട്ടർ പട്ടികയിൽ ചേർക്കുകയെന്നത് കമീഷന്റെ ഉത്തരവാദിത്തമാണ്. എന്നാൽ വോട്ടവകാശം നിഷേധിക്കാനാണ് കമീഷൻ ശ്രമിക്കുന്നതെന്നും സലീം കുറ്റപ്പെടുത്തി.

Tags:    
News Summary - Jamaat considering legal action against Rajeev Chandrasekhar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.