ജയിലിൽ കഴിയുന്ന കശ്മീർ വിഘടന വാദി നേതാവ് അൽത്താഫ് അഹ്മദ് ഷാക്ക് അടിയന്തര വൈദ്യ സഹായം വേണമെന്ന് മകൾ റുവ ഷാ

ശ്രീനഗർ: ജയിലിൽ കഴിയുന്ന കശ്മീർ വിഘടന വാദി നേതാവ് അൽത്താഫ് അഹ്മദ് ഷാക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കണമെന്ന് മകളും കശ്മീരി മാധ്യമപ്രവർത്തകയുമായ റുവ ഷാ. ജയിലിനു പുറത്തുള്ള ആശുപത്രിയിലേക്ക് ഷായെ മാറ്റണമെന്നാണ് ട്വിറ്ററിലൂടെ റുവ ആവശ്യപ്പെട്ടത്. ന്യൂമോണിയയും വൃക്ക രോഗവും കടുത്ത പ്രമേഹവും മൂലം തന്റെ പിതാവ് ഗുരുതരാവസ്ഥയിലാണെന്നും റുവ ട്വീറ്റ് ചെയ്തു. നിലവിൽ തിഹാർ ജയിലിലെ ഐ.സി.യുവിൽ ഓക്സിജന്റെ സഹായത്തോടെയാണ് കഴിയുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. 2017 മുതൽ തിഹാർ ജയിലിലാണ് ഷാ.

''ആരോഗ്യനില ഗുരുതരമായി തുടരുന്ന പിതാവിന് ശരിയായ ചികിത്സ അനിവാര്യമായിരിക്കുന്നു. ഒട്ടും വൈകാതെ അദ്ദേഹത്തെ ജയിലിനു പുറത്തെ ആശുപത്രിയിലേക്ക് മാറ്റാൻ അധികൃതർ തയാറാകണം. ഇത് കുടുംബത്തിന്റെ അപേക്ഷയാണ്. നിയമം നടപ്പാകാൻ ഒരുപാട് കാലതാമസമെടുക്കും. എന്നാൽ അതുപോലെ വൈദ്യസഹായം വൈകരുത്. -എന്നായിരുന്നു ട്വീറ്റ്. ട്വീറ്റിൽ പ്രധാനമന്ത്രിയുടെ ഓഫിസും ആഭ്യന്തര മന്ത്രിയുടെ ഓഫിസും ടാഗ് ചെയ്താണ് ട്വീറ്റ്.

അന്തരിച്ച സയ്യിദ് അലി ഷാ ഗീലാനിയുടെ മരുമകനാണ് അൽത്താഫ് അഹ്മദ് ഷാ. പാകിസ്താനിൽ നിന്ന് തെഹ്‍രീകെ ഹുർറിയത് എന്ന വിഘടനവാദി സംഘടനക്ക് ഫണ്ട് സ്വീകരിച്ചുവെന്ന കുറ്റം ചുമത്തി 2017ലാണ് ഷാ അടക്കം ഏഴ് വിഘടന വാദി നേതാക്കളെ എൻ.ഐ.എ അറസ്റ്റ് ചെയ്തത്. അന്നു മുതൽ ഡൽഹിയിലെ തിഹാർ ജയിലിൽ പാർപ്പിച്ചിരിക്കുകയാണ് അദ്ദേഹത്തെ. 2020ൽ പിതാവിന്റെ ആരോഗ്യനിലയെ കുറിച്ച് വിശദമായി മകൾ റുവ എഴുതിയ കത്ത് കാരവൻ മാഗസിൻ പ്രസിദ്ധീകരിച്ചിരുന്നു. ഗുരുതര രോഗിയായിട്ടും ജയിലിൽ ഷാക്ക് മതിയായ പരിരക്ഷ ലഭിക്കുന്നില്ലെന്നും മകൾ ആരോപിച്ചിരുന്നു.

ദിവസം രണ്ടുനേരം അദ്ദേഹത്തിന് ഇൻസുലിൻ ആവശ്യമാണ്. അദ്ദേഹത്തിന്റെ ബ്ലഡ് ഷുഗർ ഒരിക്കലും നിയന്ത്രണത്തിലല്ല. മാസത്തിലൊരിക്കൽ എങ്കിലും അത് പരിശോധിക്കേണ്ടത് ആവശ്യമാണ്. അദ്ദേഹത്തിന്റെ പാദത്തിൽ ഒരു സിസ്റ്റ് വളർന്നുവരുന്നുണ്ട്. ഇതും ഒരു സ്‍പെഷലിസ്റ്റിനെ കൊണ്ട് പരിശോധിപ്പിക്കണം.-എന്നായിരുന്നു കത്തിലെ ഉള്ളടക്കം.

കൃത്യമായ പരിശോധനകൾ നടത്താതെ ഡോക്ടർമാർക്ക് അദ്ദേഹത്തിന്റെ അസുഖത്തെ കുറിച്ച് അറിയാൻ കഴിയില്ലെന്നും ജയിലിലുള്ളത് ജൂനിയർ ഡോക്ടർമാർ ആണെന്നും അവർക്ക് കൂടുതൽ സഹായം നൽകാൻ സാധിക്കില്ലെന്നും റുവ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യങ്ങളെല്ലാം സൂചിപ്പിച്ച് പിതാവിന് ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് മേയ് ആറിന് പട്യാല ഹൗസ് കോടതിയിൽ അടിയന്തര ഹരജി നൽകിയെങ്കിലും കോടതി പരിഗണിച്ചില്ലെന്നും റുവ വ്യക്തമാക്കി.

Tags:    
News Summary - Jailed Kashmiri Separatist Leader Altaf Ahmad Shah Needs Urgent Medical Care, Says Daughter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.