ജഗ്ദീപ് ധൻകർ മമത ബാനർജിക്കൊപ്പം (ഫയൽ ചിത്രം)
കൊൽക്കത്ത: എൻ.ഡി.എ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി പ്രഖ്യാപിച്ച പശ്ചിമബംഗാൾ ഗവർണർ ജഗ്ദീപ് ധൻഖർ മമത ബാനർജിയോട് നേരിട്ടേറ്റുമുട്ടി നിരന്തരം വിവാദങ്ങൾ സൃഷ്ടിച്ച വ്യക്തി. 2019 ജൂലൈയിൽ ഗവർണറായി സ്ഥാനമേറ്റതുമുതൽ സർക്കാറുമായി കലഹങ്ങൾ പതിവായിരുന്നു.
ബി.ജെ.പിയുടെ ഏജന്റെന്നാണ് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ പലപ്പോഴും ഈ 71 കാരനെ വിളിച്ചിരുന്നത്. നിയമസഭയിൽ പാസാക്കിയ ബില്ലുകൾക്ക് അംഗീകാരം നൽകുന്നത് താമസിപ്പിച്ചും ഉദ്യോഗസ്ഥവൃന്ദത്തിന്റെയും സംസ്ഥാനത്തെ സർവകലാശാലകളുടെ പ്രവർത്തനങ്ങളിലും ഇടപെട്ട് മമത സർക്കാറിന് നിരന്തരം തലവേദന സൃഷ്ടിച്ചിരുന്നു.
കർഷകപുത്രനെന്നു ബി.ജെ.പി വിശേഷിപ്പിക്കുന്ന ധൻഖർ രാജസ്ഥാനിൽനിന്നുള്ള പ്രമുഖ ജാട്ട് നേതാവാണ്. സംസ്ഥാനത്ത് ജാട്ടുകൾക്ക് ഒ.ബി.സി പദവി നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു.
അഭിഭാഷകനായിരുന്ന ധൻഖർ 1989 മുതലാണ് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയത്. ആ വർഷം തന്നെ രാജസ്ഥാനിലെ ഝുൻഝുനു മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് വിജയിക്കുകയും അടുത്ത വർഷം കേന്ദ്രമന്ത്രിയാകുകയും ചെയ്തു. രാജസ്ഥാൻ ഹൈകോടതിയിലും സുപ്രീം കോടതിയിലും പ്രാക്ടീസ് ചെയ്തിരുന്ന ധൻഖർ കേന്ദ്രമന്ത്രിയായ അതേ വർഷമാണ് മുതിർന്ന അഭിഭാഷകനായി സ്ഥാനക്കയറ്റം കിട്ടിയത്. 1993-98 കാലയളവിൽ കിഷൻഗഢ് മണ്ഡലത്തെ പ്രതിനിധാനംചെയ്ത് രാജസ്ഥാൻ വിധാൻ സഭയിൽ അംഗമായിരുന്നു.
1951ൽ രാജസ്ഥാനിലെ ഝുൻഝുനുവിൽ കർഷകകുടുംബത്തിലാണ് ജനനം. ഗ്രാമത്തിലെ സ്കൂളിൽ നിന്ന് പ്രൈമറി വിദ്യാഭ്യാസത്തിനു ശേഷം സ്കോളർഷിപ്പോടെ സൈനിക് സ്കൂളിൽ പ്രവേശനം നേടി. ആറാം ക്ലാസിൽ പഠിക്കുമ്പോൾ അഞ്ചു കിലോമീറ്ററോളം നടന്നാണ് സ്കൂളിൽ പോയിരുന്നത്. ഭാര്യ- സുദേഷ് ധൻഖർ. ഒരു മകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.