ഇസ്രായേലിൽനിന്ന് ഡൽഹിവഴി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയവർ

യുദ്ധമുഖത്തുനിന്ന് അവർ നാടണഞ്ഞു​; തിരിച്ചെത്തിയത് 212 പേർ, മലയാളികൾ ഏഴുപേർ

ന്യൂഡൽഹി/നെടുമ്പാശ്ശേരി: യുദ്ധഭൂമിയിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ‘ഓപറേഷൻ അജയ്’യുടെ ഭാഗമായി ഒരുക്കിയ പ്രത്യേക വിമാനത്തിൽ ഇസ്രായേലിൽനിന്ന് ഏഴു മലയാളികൾ ഉൾപ്പെടെ 212 പേർ തിരിച്ചെത്തി. വെള്ളിയാഴ്ച പുലർച്ചെയാണ് എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ സംഘം ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയത്. ഇവരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ സ്വീകരിച്ചു.

വിദ്യാർഥികളായ കണ്ണൂർ ഏച്ചൂർ സ്വദേശി എം.സി. അച്യുത്, കൊല്ലം കിഴക്കുംഭാഗം സ്വദേശി ഗോപിക ഷിബു, മലപ്പുറം പെരിന്തൽമണ്ണ മേലാറ്റൂർ സ്വദേശി ശിശിര മാമ്പറം കുന്നത്ത്, തിരുവനന്തപുരം സ്വദേശി ദിവ്യ റാം, പാലക്കാട് സ്വദേശി നിള നന്ദ, മലപ്പുറം ചങ്ങരംകുളം സ്വദേശി രാധികേഷ് രവീന്ദ്രൻ നായർ, ഭാര്യ ടി.പി. രസിത എന്നിവരാണ് സംഘത്തിലുണ്ടായിരുന്ന മലയാളികൾ. ഇവർ വെള്ളിയാഴ്ച ഉച്ചക്ക്ശേഷം ഡൽഹിയിൽ എയർ ഇന്ത്യ വിമാനത്തിൽ കൊച്ചിയിൽ എത്തി. ദിവ്യയും നിളയും സ്വന്തം നിലക്കും മറ്റുള്ളവർ നോർക്ക വഴിയുമാണ് ഡൽഹിയിൽനിന്ന് കൊച്ചിയിലേക്ക് വന്നത്. മടങ്ങിയെത്തിയവരിലധികവും ഗവേഷണ വിദ്യാർഥികളാണ്.

18,000 ഇന്ത്യക്കാരാണ് ഇസ്രായേലിലുള്ളത്. ഫലസ്തീനില്‍ പതിനേഴും. രോഗികളെയും പ്രായമായവരെയും പരിചരിക്കുന്ന കെയര്‍ ഗിവേഴ്സ്, വിദ്യാർഥികൾ, ഐ.ടി ജീവനക്കാർ, വജ്രവ്യാപാരികൾ എന്നിവരാണ് ഇസ്രായേലിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരിൽ അധികവും.

അതേസമയം, ഇസ്രായേലിൽനിന്നുള്ള രണ്ടാം വിമാനം ശനിയാഴ്ച പുലർച്ചെ ഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തും. 16 മലയാളികൾ ഈ വിമാനത്തിലുണ്ടെന്നാണ് വിവരം. തിരിച്ചുവരുന്നതിനായി കേരള ഹൗസ് വെബ് സൈറ്റിൽ 20 പേരാണ് വെള്ളിയാഴ്ച വൈകിട്ടുവരെ രജിസ്റ്റർ ചെയ്തത്.

സാഹചര്യം വിലയിരുത്തുന്നതിനും ആവശ്യമായ സഹായം നൽകുന്നതിനും വിദേശകാര്യ മന്ത്രാലയം ഡൽഹിയിൽ സജ്ജീകരിച്ച 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ വെള്ളിയാഴ്ച സന്ദർശിച്ചു.


Tags:    
News Summary - israel palestine conflict: Operation ajay

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.