മുംബൈ: അച്ചടക്കത്തോടെ കോവിഡിനെ നേരിട്ട് മഹാരാഷ്ട്രയിലെ സാംഗ്ളി ജില്ലയിലെ ഇസ്ലാംപുർ പട്ടണം രോഗമുക്ത ിയിലേക്ക് എത്തുമ്പോൾ അഭിനന്ദനമേറ്റുവാങ്ങുകയാണ് ആരോഗ്യപ്രവർത്തകരും ജീവനക്കാരും. മഹാരാഷ്ട്രയാകെ കോവിഡിന്‍ റെ ഭീതിനിഴലിലാകുമ്പോൾ ഇസ്ലാംപുർ പട്ടണം കാണിച്ചുകൊടുത്ത മാതൃക മുംബൈ നഗരത്തിൽ ഉൾപ്പെടെ നടപ്പാക്കാനൊരുങ്ങുകയാണ് സർക്കാർ.
ഉംറ തീർഥാടനം കഴിഞ്ഞ് മാർച്ച് 18 ന് തിരിച്ചെത്തിയവരും അവരുടെ കുടുംബാംഗങ്ങളും പൂണെയിൽ നിന്ന് വന്നയാളുമടക്കം 25 പേർക്കാണ് ഇസ്ലാംപുരിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നത്. ഇതോടെ കോവിഡ് ഹോട്ട്സ്പോട്ട് ആയി. എന്നാൽ, വെള്ളിയാഴ്ചയോടെ 22 പേർ രോഗമുക്തരായി ആശുപത്രിവിടുമ്പോൾ സാംഗ്ളിയുടെ രക്ഷാകർതൃ മന്ത്രി ജയന്ത് പാട്ടീലിനും മുംബൈയിൽ നിന്ന് കുതിച്ചെത്തി പ്രതിരോധ നടപടികൾക്ക് ചുക്കാൻ പിടിച്ച ജെ.ജെ മെഡിക്കൽ കോളജ് ഡീൻ പല്ലവി സപ്ലെയുടെ നേതൃത്വത്തിലെ ഡോക്ടർ പടക്കും ആശ്വാസ നിമിഷങ്ങൾ.
വൈറസ് ബാധിച്ചവർ വിവാഹത്തിൽ പങ്കെടുത്തത് ദുരന്തമായി മാറുമെന്നായിരുന്നു പ്രവചനങ്ങൾ. സമൂഹ വ്യാപന സാധ്യത ഏറെയായിരുന്നു. എന്നാൽ, ആരോഗ്യ പ്രവർത്തകരുടെയും പൊലീസിന്‍റെയും കൃത്യതയുള്ള നീക്കങ്ങളും ജനങ്ങളുടെ അച്ചടക്കവും വൻ ദുരന്തത്തിൽ നിന്ന് നാടിനെ രക്ഷിച്ചുവെന്ന് ജയന്ത് പാട്ടീൽ പറഞ്ഞു.
രണ്ട് ഘട്ടങ്ങളിലായി വൈറസ് ബാധയേറ്റവരെയും സാധ്യതയുള്ളവരെയും കണ്ടെത്തി. രോഗികളെ ചികിത്സക്ക് വിധേയമക്കുകയും ശേഷിച്ചവരെ നിരീക്ഷണത്തിൽ പാർപ്പിക്കുകയും ചെയ്ത ശേഷം രോഗം കണ്ടെത്തിയ പ്രദേശത്തിലെ ഒരു കിലോമീറ്റർ ചുറ്റളവ് അച്ചുപൂട്ടി.
സമൂഹ വ്യാപന സാധ്യതയുള്ള മേഖല കണ്ടെത്തി നിരീക്ഷണമേർപ്പെടുത്തുകയും എല്ലാ ദിവസവും ആരോഗ്യ പരിശോധനകൾ നടത്തുകയും ചെയ്തു. എല്ലാ വീടുകളും ആരോഗ്യ പ്രവർത്തകർ സന്ദർശിച്ചു. ഒരു വിട്ടുവീഴ്ചയുമില്ലാതെ ഇസ്ലാംപുരിൽ ലോക്ഡൗൺ പൂർണ്ണമായും നടപ്പാക്കി.
കേരളവും രാജസ്ഥാനിലെ ഭിൽവാരയുമായിരുന്നു ഇസ്ലാംപുരിന്റെ മാതൃക. അനുദിനം രോഗികളുടെ എണ്ണം കൂടുന്ന മുംബൈ നഗരത്തിലും ഇതേ മാതൃക പിന്തുടരുകയാണിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.