ഐ.എസ് ഹിറ്റ്ലിസ്റ്റില്‍ മഹാരാഷ്ട്രയിലെ 150 ഐ.ടി പ്രഫഷനലുകളും; എന്‍.ഐ.എ അന്വേഷണം തുടങ്ങി

മുംബൈ: ഇസ്ലാമിക് സ്റ്റേറ്റ് തയാറാക്കിയ ഹിറ്റ്ലിസ്റ്റില്‍ മഹാരാഷ്ട്രയിലെ 150 ഐ.ടി. പ്രഫഷനലുകള്‍ ഉള്‍പ്പെട്ടതായി എന്‍.ഐ.എ. ഭീകരസംഘടനയുടെ വെബ്സൈറ്റുകള്‍ക്ക് നേരെ സൈബര്‍ ആക്രമണം നടത്തുന്നവരുടെ പട്ടികയാണ് സിറിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.എസ് അംഗമായ ശാഫി അര്‍മര്‍ എന്ന യൂസുഫ് തയാറാക്കിയതത്രേ. മുംബൈയില്‍നിന്നും എന്‍.ഐ.എ പിടിയിലായ നാസിര്‍ ബിന്‍ യാഫി ചൗസിന്‍െറ ലാപ്ടോപില്‍നിന്നാണ് പട്ടിക ലഭിച്ചത്.

 ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രഫഷനലുകളുടെ പേരുള്ള പട്ടികയില്‍ 70 പേര്‍ മുംബൈയിലുള്ളവരാണ്. പേര്, ജോലിചെയ്യുന്ന സ്ഥാപനം, ഇ-മെയില്‍ വിലാസം തുടങ്ങിയ വിശദാംശങ്ങള്‍ ലാപ്ടോപില്‍നിന്നു ലഭിച്ച രേഖയിലുണ്ടെന്ന് എന്‍.ഐ.എ പറയുന്നു. പട്ടികയിലുള്ളവരെക്കുറിച്ച് അന്വേഷണം തുടങ്ങി. ഇവരില്‍ പലരും എത്തിക്കല്‍ ഹാക്കര്‍മാരാണ്.

ചിലര്‍ സുരക്ഷ ഏജന്‍സികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരുമാണ്. എന്നാല്‍, ഐ.എസിനെതിരെ ഒരുനീക്കവും നടത്താത്തവരും പട്ടികയില്‍ ഉള്‍പ്പെട്ടതായി എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം ജൂണിലും ഐ.എസ് ഹിറ്റ്ലിസ്റ്റ് പുറത്തുവിട്ടിരുന്നു. സൈനിക ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, രാജകുടുംബാംഗങ്ങള്‍, സെലിബ്രിറ്റികള്‍ എന്നിവരടക്കം 8318 പേരുടെ വിശദാംശങ്ങളാണ് അന്ന് ഭീകരസംഘടന ടെലിഗ്രാം ആപ് സന്ദേശത്തിലൂടെ പുറത്തുവിട്ടത്.

ഐ.എസ് ബന്ധം: രണ്ടു പേര്‍ക്കെതിരെ എന്‍.ഐ.എ കുറ്റപത്രം

 മലയാളി യുവാക്കളെ ഐ.എസ് തീവ്രവാദ സംഘടനയില്‍ ചേരാന്‍ പ്രേരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ രണ്ട് പേര്‍ക്കെതിരെ എന്‍.ഐ.എ വ്യാഴാഴ്ച പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. മുംബൈയിലെ താനെ സ്വദേശിയായ അര്‍ഷി ഖുറേശി (47) എന്ന അര്‍ഷിദ്, കേരളത്തിലെ കാസര്‍കോട് സ്വദേശിയായ അബ്ദുള്‍ റാഷിദ് അബ്ദുല്ല (30) എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അര്‍ഷിദിനെ എന്‍.ഐ.എ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. അബ്ദുല്ല ഒളിവിലാണ്. ഇരുവര്‍ക്കുമെതിരെ യു.എ.പി.എ ചുമത്തിയിട്ടുണ്ട്.

നഗ്പഡ പൊലീസ് സ്റ്റേഷനില്‍ മുംബൈ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു. അഷ്ഫാഖ് മജീദ് എന്ന യുവാവിന്‍െറ പിതാവാണ് പരാതി നല്‍കിയത്. കാസര്‍കോട് സ്വദേശികളായ ചിലരും മുംബൈയിലെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനിലെ ചില അംഗങ്ങളും ചേര്‍ന്ന് അഷ്ഫാഖിനെയും സംഘത്തെയും ഐ.എസില്‍ ചേരാന്‍ പ്രേരിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. ഖുറേശി ഐ.എസുമായി ബന്ധപ്പെട്ട് നിരവധി രാജ്യദ്രോഹക്കുറ്റങ്ങള്‍ ചെയ്തതായി കുറ്റപത്രത്തില്‍ പറഞ്ഞു.

അഷ്ഫാഖിനെയും കാസര്‍കോട്, പാലക്കാട് ജില്ലകളില്‍നിന്നുള്ള ചില യുവാക്കളേയും ഐ.എസില്‍ ചേരാന്‍ സമ്മര്‍ദം ചെലുത്തിയവരില്‍ പ്രധാനിയാണ് അബ്ദുല്ലയെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ ഈ മാസം 17ന് വാദം കേള്‍ക്കും.

Tags:    
News Summary - is

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.