‘കള്ളവോട്ട് നടന്നപ്പോൾ കോൺഗ്രസിന്‍റെ പോളിങ് ഏജന്‍റുമാർ എന്തുചെയ്യുകയായിരുന്നു? രാഹുൽ എസ്.ഐ.ആറിനെ പിന്തുണക്കുന്നുണ്ടോ?’; മറുചോദ്യങ്ങളുമായി തെര. കമീഷൻ

ന്യൂഡൽഹി: ഹരിയാനയിൽ വോട്ടുമോഷണം നടന്നെന്ന ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണം തെരഞ്ഞെടുപ്പ് കമീഷൻ തള്ളി. വോട്ട് ഇരട്ടിപ്പും, മരിച്ചവരെയും സ്ഥലം മാറിയവരെയും നീക്കിയും വോട്ടർ പട്ടിക ശുദ്ധീകരിക്കാനായി നടത്തുന്ന തീവ്ര പരിഷ്കരണം (എസ്.ഐ.ആർ) പിന്തുണക്കുന്നുണ്ടോ എന്ന കാര്യം രാഹുൽ വ്യക്തമാക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ ആവശ്യപ്പെട്ടു. ഹരിയാനയിലെ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പഞ്ചാബ് -ഹരിയാന ഹൈകോടതിയിൽ 22 ഇലക്ഷൻ പെറ്റിഷനുകൾ പരിഗണനയിലുണ്ടെന്നും കമീഷൻ വ്യക്തമാക്കി.

വോട്ടുചെയ്യാനെത്തുന്നവർ എന്തെങ്കിലും തരത്തിലുള്ള കൃത്രിമത്വം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പരാതി ഉന്നയിക്കാൻ രാഷ്ട്രീയ പാർട്ടികൾ പോളിങ് ഏജന്‍റുമാർക്ക് ബൂത്തുകളിൽ ചുമതല നൽകാറുണ്ടെന്നും കള്ളവോട്ട് നടന്നെങ്കിൽ കോൺഗ്രസിന്‍റെ പോളിങ് ഏജന്‍റുമാർ എന്തുകൊണ്ട് ആക്ഷേപമുന്നയിച്ചില്ലെന്നും കമീഷൻ ചോദിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് വോട്ടർ പട്ടിക പുതുക്കുമ്പോൾ കോൺഗ്രസിന്‍റെ ബൂത്ത് ലെവൽ ഏജന്‍റുമാർ എന്തെങ്കിലും എതിർപ്പുന്നയിക്കുകയോ അപ്പീൽ നൽകുകയോ ചെയ്തിട്ടില്ല. രാഹുൽ അവകാശപ്പെട്ടതു പോലെ ഒരാൾ ഒന്നിലേറെ വോട്ട് ചെയ്തിട്ടുണ്ടെങ്കിൽ അത് ബി.ജെ.പിക്ക് തന്നെയാണ് ചെയ്തതെന്ന് എന്താണുറപ്പ്‍? കള്ളവോട്ട് ചെയ്തത് കോൺഗ്രസിനായിക്കൂടേയെന്നും കമീഷൻ ചോദിക്കുന്നു.

വീട്ടുനമ്പർ പൂജ്യം (0) രേഖപ്പെടുത്തിയത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽനിന്ന് ഔദ്യോഗികമായി വീട്ടുനമ്പർ ലഭിക്കാത്തവർക്കാണ്. കോൺഗ്രസ് എസ്.ഐ.ആർ എതിർക്കുന്നുണ്ടെങ്കിൽ, ബിഹാറിൽ ആഗസ്റ്റ് ഒന്നുമുതൽ ഒക്ടോബർ 15 വരെ നടന്ന നടപടിക്രമങ്ങൾക്കിടെ ഒരിക്കൽ പോലും അപ്പീൽ നൽകാതിരുന്നത് എന്തുകൊണ്ടാണെന്നും തെരഞ്ഞെടുപ്പ് കമീഷൻ ചോദിക്കുന്നു. ഒമ്പത് സംസ്ഥാനങ്ങളിൽ എസ്.ഐ.ആർ നടപടികൾ ആരംഭിച്ച് ദിവസങ്ങൾക്കകമാണ് രാഹുൽ ഗാന്ധി വീണ്ടും വോട്ടുമോഷണം നടന്നെന്ന ആരോപണവുമായി രംഗത്തെത്തിയത്.

25 ലക്ഷത്തോളം വോട്ടുകൾ കവർന്നെന്ന് രാഹുൽ

ഹരിയാന നിയമസഭ തെരഞ്ഞെടുപ്പി​ലെ കേന്ദ്രീകൃത അട്ടിമറിയിൽ 25 ലക്ഷത്തോളം വോട്ടുകൾ കവർന്നെന്ന രാഹുലിന്റെ വെളിപ്പെടുത്തലിൽ സമൂഹമാധ്യമങ്ങളിൽ ചർച്ച സജീവമാണ്. ബ്രസീലിയൻ മോഡലിന്റെ ചിത്രം ഉപയോഗിച്ച് നടന്ന വ്യാപക കള്ളവോട്ടിനെ കുറിച്ചാണ് പ്രധാനമായും ചർച്ചകൾ സജീവമാകുന്നത്. വാർത്താ സമ്മേളനത്തിന്റെ തുടക്കത്തിലായിരുന്നു വോട്ടർപട്ടികയിൽ കടന്നു കൂടിയ ബ്രസീലിയൻ മോഡലിന്റെ ചിത്രം രാഹുൽ പ്രദർശിപ്പിച്ചത്. സീമ, സ്വീറ്റി, സരസ്വതി, രശ്മി, വിൽമ തുടങ്ങി വ്യത്യസ്ത പേരുകളിലായി ഒരേ ചിത്രത്തിൽ വോട്ടർപട്ടികയിൽ ഇടം നേടി 10 ബൂത്തുകളിലായി 22 വോട്ടുകൾ രേ​ഖപ്പെടുത്തിയെന്നായിരുന്നു രാഹുലിന്‍റെ അവകാശവാദം.

ബി.ജെ.പിയെ സഹായിക്കാനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഏറ്റവും വലിയ തട്ടിപ്പാണ് രാഹുൽ ഗാന്ധി വെളിപ്പെടുത്തിയതെന്ന് ശിവസേന (ഉദ്ധവ് വിഭാഗം) നേതാവ് ആദിത്യ താക്കറെ വ്യക്തമാക്കി. ‘രാഷ്ട്രീയ പരമായി രാഹുലിനോടും കോൺഗ്രസിനോടും ഇൻഡ്യ മുന്നണിയോടും അഭിപ്രായവ്യത്യാസമാവാം. പക്ഷേ ഇത് രാഷ്ട്രീയത്തെയും പ്രത്യയശാസ്ത്രങ്ങളെയും കുറിച്ചല്ല. വോട്ട് ചോരിയെക്കുറിച്ചുള്ള വെളിപ്പെടുത്തൽ രാഷ്ട്രീയ വീക്ഷണങ്ങൾ പരിഗണിക്കാതെ, എല്ലാ ഇന്ത്യക്കാരും കാണേണ്ടതാണ്’ -ആദിത്യ താക്കറെ എക്സിൽ കുറിച്ചു. ഹരിയാന തെരഞ്ഞെടുപ്പിനെ ബി.ജെ.പി അട്ടിമറിച്ചുവെന്ന് വെളിപ്പെടുത്തുന്നതാണ് രാഹുലിന്റെ ശബ്ദമെന്നും അദ്ദേഹം പ്രതികരിച്ചു.

​കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ചോദ്യവുമായി മാധ്യമ പ്രവർത്തകൻ രവിഷ് കുമാറും രംഗത്തെത്തി. ‘ആരാണിത്...​? ഗ്യാനേഷ് കുമാർ, നിങ്ങളുടെ ഉത്തരം എന്താണ്? ഇതുപോലുള്ള തെരഞ്ഞെടുപ്പുകൾ നടക്കുകയാണെങ്കിൽ, മുൻകൂട്ടി ഫലങ്ങൾ എഴുതി പ്രിന്റ് നൽകുക. എല്ലാം നേരത്തെ പൂർത്തിയാക്കുക. ഇതെല്ലാം കണ്ട് ഉദ്യോഗസ്ഥർ ലജ്ജിക്കണം. ഹരിയാന തെരഞ്ഞെടുപ്പിൽ ബ്രസീലിയൻ മോഡലിന്റെ ഫോട്ടോ ഉപയോഗിച്ച് വോട്ട് ചെയ്യുന്നു. ബിഹാറിൽ എന്താണ് സംഭവിക്കുന്നത്?’ -രവിഷ് കുമാർ ചോദിച്ചു.

മതീയസ് ഫെറാരോ എന്ന ബ്രസീലിയൻ മോഡലിന്റെ ചിത്രത്തിൽ വ്യാജ വോട്ടർമാരെ സൃഷ്ടിച്ചാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് രാഹുൽ ​വാർത്താ സമ്മേളനത്തിൽ തെളിവുകൾ നിരത്തി വിശദീകരിച്ചു. മോഡലിന്റെ ഫേസ്ബുക്ക് പേജി​ന്റെ ചിത്രവും രാഹുൽ പങ്കുവെച്ചിരുന്നു. കോൺഗ്രസ് തോറ്റ എട്ട് മണ്ഡലങ്ങളിൽ ആകെ വോട്ടു വ്യത്യാസം 22,729 മാത്രമാണെന്നും രാഹുൽ പറഞ്ഞു. ഹരിയാനയിൽ നടന്നത് കേന്ദ്രീകൃത തെരഞ്ഞെടുപ്പ് അട്ടിമറിയാണെന്നും രാഹുൽ ആരോപിച്ചു. 5,21,619 ​ഡൂപ്ലിക്കേറ്റ് വോട്ടുകളാണ് ​കണ്ടെത്തിയത്. അതിൽ 93,174 വ്യാജ വിലാസങ്ങൾ തിരിച്ചറിഞ്ഞുവെന്നും രാഹുൽ പറഞ്ഞു.

Tags:    
News Summary - Is Rahul Gandhi supporting SIR or opposing it? Election Commission hits back

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.