മുംബൈ: പാട്ടിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് പ്രമുഖ ഗായകൻ കൈലാഷ് ഖേറിനെതിരെ ലുധിയാനയിൽ നൽകിയ കേസ് ബോംബെ ഹൈകോടതി റദ്ദാക്കി. വിയോജിപ്പുകളോടുള്ള യാഥാസ്ഥിതികമായ അസഹിഷ്ണുത നൂറ്റാണ്ടുകളായി ഇന്ത്യൻ സമൂഹത്തിന്റെ ശാപമാണെന്ന ചരിത്രകാരൻ എ.ജി. നൂറാനിയുടെ വാക്കുകൾ ഉദ്ധരിച്ച് ജസ്റ്റിസുമാരായ ഭാരതി ഡാൻഗ്രെ, ശ്യാം ചന്ദക് എന്നിവരുടെ ബെഞ്ചാണ് കേസ് റദ്ദാക്കിയത്.
ഒരു വിഭാഗത്തിന് ഇഷ്ടമല്ലാത്തത് മതവികാരത്തെ വ്രണപ്പെടുത്തൽ ആകില്ലെന്നും ബോധപൂർവം മതവികാരം വ്രണപ്പെടുത്താൻ ശ്രമിച്ചതിന് കൃത്യമായ തെളിവില്ലാത്ത പക്ഷം 295 എ വകുപ്പ് ചുമത്താനാകില്ലെന്നും കോടതി വ്യക്തമാക്കി. ആവിഷ്കാര സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകതയും കോടതി ചൂണ്ടിക്കാട്ടി.
‘കൈലാസ ജുമൂരെ’എന്ന ആൽബത്തിലെ ‘ബബം ബം’എന്ന പാട്ടിലെ പെൺകുട്ടിയുടെ വസ്ത്രധാരണത്തിലൂടെയും ചുംബന രംഗങ്ങളിലൂടെയും ഹൃദയ ചിഹ്നമുള്ള പതാക കത്തിച്ചതിലൂടെയും മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ശിവഭക്തനായ നരിന്ദർ മക്കറാണ് ലുധിയാനയിൽ പരാതി നൽകിയത്. നൃത്ത ചിത്രീകരണത്തിലും സംവിധാനത്തിലും കൈലാഷ് ഖേർ ഉത്തരവാദിയല്ലെന്ന് കോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.