കെജ്രിവാളിന് ഇടക്കാല ജാമ്യം: സ്വാഗതം ചെയ്ത് പ്രതിപക്ഷ പാർട്ടികൾ

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം ലഭിച്ചതിനെ സ്വാഗതം ചെയ്ത് പ്രതിപക്ഷ കക്ഷികൾ. വിധിയെ സ്വാഗതം ചെയ്ത കോൺഗ്രസ് നേതാവ് പവൻ ഖേര, ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനും അർഹമായ നീതി ലഭിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.

ജൂൺ നാലിന് വോട്ടെണ്ണൽ കഴിയുമ്പോൾ മുൻ പ്രധാനമന്ത്രിയായി മാറുന്ന മോദിക്ക് സബർമതി ആശ്രമത്തിലിരുന്ന് തന്റെ ചെയ്തികളെക്കുറിച്ച് ആത്മപരിശോധന നടത്താൻ ആവശ്യത്തിന് സമയം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെജ്രിവാളിന് ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. തെരഞ്ഞെടുപ്പിൽ ഇത് ഏറെ സഹായകമാകുമെന്നും മമത എക്സിൽ കുറിച്ചു. ജനാധിപത്യത്തിന് വേണ്ടിയുള്ള മുന്നേറ്റത്തിൽ രാജ്യം ഉറച്ചുനിൽക്കുമെന്ന് എൻ.സി.പി (എസ്.പി) തലവൻ ശരദ് പവാർ എക്സിൽ പറഞ്ഞു.

രാജ്യത്തെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരെ കെജ്രിവാളിന് നീതിയും ആശ്വാസവും ലഭിച്ചത് മാറ്റത്തിന്റെ കാറ്റിന്റെ സൂചനയാണെന്ന് ശിവസേന (യു.ബി.ടി) നേതാവ് ആദിത്യ താക്കറെ പറഞ്ഞു.

അനീതിക്കെതിരായ വിജയം - സ്റ്റാലിൻ

ചെന്നൈ: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെ ഡി.എം.കെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ സ്വാഗതംചെയ്തു. അനീതിക്കെതിരായ ഈ വിജയം ജനാധിപത്യത്തെ ശക്തിപ്പെടുത്തും. കെജ്രിവാളിന്റെ മോചനം വൻവിജയം നേടാൻ ഇൻഡ്യ സഖ്യത്തിന് പ്രചോദനമാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇ.ഡിക്കേറ്റ കനത്ത തിരിച്ചടി -സി.പി.എം

തിരുവനന്തപുരം: കെജ്രിവാളിന് ജാമ്യം ലഭിച്ചത് ഇ.ഡിക്കേറ്റ കനത്ത തിരിച്ചടിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സ്വാഗതാർഹമായ വിധിയാണിത്. രാജ്യം ഫാഷിസത്തിലേക്ക് എത്തിയിട്ടില്ല എന്നതാണ് ഇത് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കെജ്രിവാളിനെ കുടുക്കിയ വഴികൾ

2021 നവംബർ: ഡൽഹി സർക്കാർ പുതിയ എക്സൈസ് നയം പ്രഖ്യാപിച്ചു

2022 ജൂലൈ: മദ്യനയത്തിൽ ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന സി.ബി.ഐ അന്വേഷത്തിന് ശിപാർശ ചെയ്തു

2022 ആഗസ്റ്റ്: സി.ബി.ഐയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) കേസ് രജിസ്റ്റർ ചെയ്യുന്നു

2022 സെപ്റ്റംബർ: ഡൽഹി സർക്കാർ മദ്യനയം റദ്ദാക്കി

2023 ഒക്ടോബർ 30: കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ കെജ്രിവാളിന് ഇ.ഡിയുടെ ആദ്യ സമൻസ്

2023 ഡിസംബർ മുതൽ 2024 ജനുവരിവരെ കെജ്രിവാളിന് ഇ.ഡിയുടെ നാല് സമൻസുകൾകൂടി

2024 ഫെബ്രുവരി 3: സമൻസിൽനിന്ന് കെജ്രിവാൾ ഒഴിഞ്ഞുമാറുന്നതിനെതിരെ ഇ.ഡി കോടതിയിൽ

ഫെബ്രുവരി 7: കെജ്രിവാളിന് കോടതി നോട്ടീസ്

ഫെബ്രുവരി 19, 26, മാർച്ച് 4: കെജ്രിവാളിന് ഇ.ഡി സമൻസുകൾ

മാർച്ച് 07: ഇ.ഡിയുടെ പുതിയ പരാതിയിൽ കെജ്രിവാളിന് കോടതി നോട്ടീസ്

മാർച്ച് 21: അറസ്റ്റിൽനിന്ന് സംരക്ഷണം നൽകാൻ ഹൈകോടതി വിസമ്മതിച്ചു; പിന്നാലെ കെജ്രിവാൾ അറസ്റ്റിൽ

മാർച്ച് 23: അറസ്റ്റിനെതിരെ ഹൈകോടതിയിൽ ഹരജി

ഏപ്രിൽ 9: കെജ്രിവാളിന്റെ ഹരജി കോടതി തള്ളി

ഏപ്രിൽ 10 കെജ്രിവാൾ സുപ്രീംകോടതിയിലേക്ക്

മേയ് 10: കെജ്രിവാളിന് ഇടക്കാല ജാമ്യം

Tags:    
News Summary - Interim bail for Kejriwal: Opposition parties welcome

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.