പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: കോടതി ഉത്തരവുകളിൽ അമാന്യവും അനുചിതവും അശ്ലീലവുമായ പദപ്രയോഗങ്ങൾ തടയുന്നതിനുള്ള മാർഗ നിർദേശങ്ങൾക്കായി സുപ്രീംകോടതി, നാഷനൽ ജുഡീഷ്യൽ അക്കാദമി ഡയറക്ടർ റിട്ട. ജസ്റ്റിസ് അനിരുദ്ധ ബോസ് അധ്യക്ഷനായ സമിതിയെ നിയമിച്ചു. നിയമ വിദഗ്ധരെയും അക്കാദമിക പണ്ഡിതരെയും സാമൂഹിക പ്രവർത്തകരെയും വിദഗ്ധ സമിതിയിൽ ഉൾപ്പെടുത്താൻ അധികാരം നൽകി.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രണ്ടുപേർ ബലാത്സംഗം ചെയ്ത കേസിൽ അലഹബാദ് ഹൈകോടതി സിംഗ്ൾ ബെഞ്ച് പുറപ്പെടുവിച്ച വിധിയിൽ പൈജാമ താഴോട്ടിറക്കിയാലും ബലാത്സംഗം ആവില്ലെന്നതടക്കം അങ്ങേയറ്റം മോശമായ പരാമർശങ്ങൾ നടത്തിയതിനെ തുടർന്നാണ് വിഷയം സുപ്രീംകോടതിയിൽ എത്തിയത്. ഇത്തരം പരാമർശങ്ങൾ തടയാൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് "വി ദ വിമൻ ഓഫ് ഇന്ത്യ" സമർപ്പിച്ച ഹരജിയിലാണ് നടപടി.
ജഡ്ജിമാരിൽ അനുതാപത്തിന്റെയും സംവേദന ക്ഷമതയുടെയും ഗുണങ്ങൾ ഉണ്ടാക്കുന്നതിനാണ് മാർഗനിർദേശങ്ങൾ തയാറാക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് എ. സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. വിദഗ്ധ സമിതി ലളിതമായ ഭാഷയിൽ തയാറാക്കുന്ന റിപ്പോർട്ട് സമഗ്രമായിരിക്കണം. എല്ലാ പ്രാദേശിക ഭാഷകളിലേക്കും പരിഭാഷപ്പെടുത്തുന്ന റിപ്പോർട്ട് സുപ്രീംകോടതിക്ക് സമർപ്പിക്കണം. ജഡ്ജിമാർക്കായി വിദഗ്ധ സമിതി നിർദേശിക്കുന്ന ഭാഷ ഇരകൾക്ക് മനസ്സിലാകുന്നില്ലെങ്കിൽ പിന്നെ അതിൽ കാര്യമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
സമൂഹത്തിൽ സാധാരണയായി പ്രാദേശിക ഭാഷകളിൽ ഉപയോഗിക്കുന്ന മോശമായ നിരവധി വാക്കുകളും പ്രയോഗങ്ങളും ഉണ്ട്. ഇത്തരം വാക്കുകളും പ്രയോഗങ്ങളും ഇരകളുടെ അവകാശങ്ങളെ ഹനിക്കുമെന്ന് ബോധവത്കരിക്കാനുള്ള സമയം കൂടിയാണിത്. വിവിധ ഭാഷകളിലുള്ള മോശം വാക്കുകളും പ്രയോഗങ്ങളും കണ്ടെത്തി സമാഹരിക്കാനായാൽ അതൊരു നല്ല കാര്യമായിരിക്കുമെന്ന് സുപ്രീംകോടതി ഉത്തരവിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.