വ്യാഴാഴ്ച ചെന്നൈയിലെ ഡി.എം.കെയുടെ പാർട്ടി ആസ്ഥാനത്ത് എത്തിയ പ്രേമലത വിജയകാന്തിനെ മുഖ്യമന്ത്രി സ്റ്റാലിൻ സ്വീകരിക്കുന്നു
ചെന്നൈ: തമിഴ്നാട്ടിലെ മുന്നണി രാഷ്ട്രീയത്തിൽ നാടകീയനീക്കം. അന്തരിച്ച നടൻ വിജയ്കാന്ത് സ്ഥാപിച്ച ദേശീയ മുർപ്പോക്ക് ദ്രാവിഡ കഴകം(ഡി.എം.ഡി.കെ) ഡി.എം.കെ സഖ്യത്തിൽ ചേർന്നു. വ്യാഴാഴ്ച രാവിലെ ഡി.എം.ഡി.കെ ജനറൽ സെക്രട്ടറി പ്രേമലത വിജയകാന്ത് ഡി.എം.കെ ആസ്ഥാനത്ത് പാർട്ടി അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയാണ് തീരുമാനം പ്രഖ്യാപിച്ചത്. ഡി.എം.ഡി.കെയുടെ നീക്കം നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി- അണ്ണാ ഡി.എം.കെ സഖ്യത്തിന് കനത്ത തിരിച്ചടിയാണ്.
2005ൽ നടൻ വിജയ്കാന്ത് ഡി.എം.ഡി.കെ രൂപവത്കരിച്ചശേഷം ഇതാദ്യമായാണ് ഡി.എം.കെയുമായി സഖ്യമുണ്ടാക്കുന്നത്. അവസാന നിമിഷം വരെയും ഡി.എം.ഡി.കെ, എൻ.ഡി.എ സഖ്യത്തിലേക്ക് പോകുമെന്ന അഭ്യൂഹമാണുണ്ടായിരുന്നത്.
2006ൽ തനിച്ച് മത്സരിച്ച വിജയ്കാന്തിന്റെ പാർട്ടി 8.38 ശതമാനം വോട്ട് നേടി. വിരുതാചലം മണ്ഡലത്തിൽനിന്ന് വിജയ്കാന്ത് ജയിച്ചു. 2009ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിച്ചെങ്കിലും എല്ലായിടത്തും തോറ്റു. 2011ൽ അണ്ണാ ഡി.എം.കെയുമായി സഖ്യമുണ്ടാക്കി 29 സീറ്റുകൾ നേടി നിയമസഭയിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായി. വിജയ്കാന്ത് പ്രതിപക്ഷ നേതാവുമായി. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സഖ്യത്തിൽ 14 സീറ്റുകളിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2016ൽ വിജയ്കാന്തിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാണിച്ച് ജനക്ഷേമ മുന്നണി രൂപവത്കരിച്ച് മത്സരിച്ചെങ്കിലും കനത്തതോൽവി ഏറ്റുവാങ്ങുകയായിരുന്നു. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എയിലായിരുന്നു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ടി.ടി.വി. ദിനകരന്റെ എ.എം.എം.കെ, എസ്.ഡി.പി.ഐ പോലുള്ള കക്ഷികളുമായി ചേർന്ന് മത്സരിച്ച് തോറ്റു.
2023 ഡിസംബർ 26ന് ആണ് വിജയ്കാന്ത് അന്തരിച്ചത്. തുടർന്നാണ് പ്രേമലത വിജയ്കാന്ത് പാർട്ടി ജനറൽ സെക്രട്ടറിയായത്.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പിലും അണ്ണാ ഡി.എം.കെ സഖ്യത്തിൽ മത്സരിച്ച് തോറ്റു. ഈ തെരഞ്ഞെടുപ്പിൽ വിരുതുനഗറിൽ വിജയ്കാന്തിന്റെ മകൻ വി. വിജയ പ്രഭാകരൻ സ്ഥാനാർഥിയായിരുന്നു. ഡി.എം.ഡി.കെക്ക് അണ്ണാ ഡി.എം.കെ രാജ്യസഭ സീറ്റ് നൽകാത്തതിൽ നേരത്തേ പ്രേമലത വിജയ്കാന്ത് അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പിൽ പ്രേമലത വിജയ്കാന്തിനെ എൻ.ഡി.എയിലെത്തിക്കാൻ കേന്ദ്ര ബി.ജെ.പി നേതാക്കളും അണ്ണാ ഡി.എം.കെയിലെ മുതിർന്ന നേതാക്കളും ചർച്ച നടത്തിയിരുന്നു. പ്രവർത്തകരുടെ ആഗ്രഹ പ്രകാരമാണ് ഡി.എം.കെ സഖ്യത്തിൽ ചേർന്നതെന്ന് പ്രേമലത വിജയ്കാന്ത് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.