കുറ്റവാളികൾ ഓൺലൈനായി കത്തി വാങ്ങി; ബ്ലിങ്കിറ്റിനെതിരെ കേസെടുത്ത് ഡൽഹി പൊലീസ്

ന്യൂഡൽഹി: കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട ആളുകൾ കത്തികൾ ഓൺലൈനായി വാങ്ങിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ബ്ലിങ്കിറ്റിനെതിരെ കേസ്. സർക്കാർ നിർദേശിച്ച സ്പെസിഫിക്കേഷനുകൾ ലംഘിക്കുന്ന കത്തികൾ വിറ്റുവെന്നാരോപിച്ചാണ് ഇൻസ്റ്റന്റ് ഡെലിവറി പ്ലാറ്റ്‌ഫോമായ ബ്ലിങ്കിറ്റിനെതിരെ ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

ഇത്തരം വസ്തുക്കൾ വിൽക്കുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്കായി പൊലീസ് തിരയുന്നതിനിടെയാണ് ബ്ലിങ്കിറ്റിൽ വിൽപ്പനക്ക് ലിസ്റ്റുചെയ്തിരിക്കുന്ന കത്തികൾ കണ്ടെത്തിയത്. നിലവിലുള്ള നിയമങ്ങൾ അനുസരിച്ച്, 7.62 സെന്റിമീറ്ററിൽ കൂടുതൽ നീളവും 1.72 സെന്റിമീറ്ററിൽ കൂടുതൽ വീതിയുമുള്ള കത്തികൾ വിൽക്കുന്നത് നിരോധിച്ചിരിക്കുന്നു.

ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി കത്തികൾ വാങ്ങിയതായി കണ്ടെത്തിയ ചില കേസുകളുടെ അന്വേഷണത്തിലാണ് ഇക്കാര്യം പുറത്തുവന്നതെന്ന് പൊലീസ് പറഞ്ഞു. ബ്ലിങ്കിറ്റിൽ നിന്ന് പ്രതികരണമൊന്നും ലഭിച്ചിട്ടില്ല. ബ്ലേഡിന്‍റെ വലുപ്പവും സ്പെസിഫിക്കേഷനുകളും നിയന്ത്രിക്കുന്ന സർക്കാർ അറിയിപ്പുകൾ ലംഘിച്ചുകൊണ്ട് ഓൺലൈനിൽ വിൽക്കുന്ന ചില കത്തികൾ കണ്ടെത്തിയതിനെത്തുടർന്ന് ഫെബ്രുവരി 14 ന് ആയുധ നിയമത്തിലെ പ്രസക്തമായ വ്യവസ്ഥകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി ഡെപ്യൂട്ടി പൊലീസ് കമീഷണർ (വെസ്റ്റ്) ദരാഡെ ശരദ് ഭാസ്‌കർ അറിയിച്ചു.

അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥർ കത്തിക്ക് ഓർഡർ നൽകുകയും ഡെലിവറിക്ക് ശേഷം ഉൽപ്പന്നം പരിശോധിക്കുകയും ചെയ്തു. കത്തി കൈകൊണ്ട് മടക്കാവുന്നതും അനുവദനീയമായ പരിധിയിൽ ഉൾപ്പെടുന്നതല്ലെന്നും കണ്ടെത്തി. ബ്ലേഡിന് ഏകദേശം എട്ട് സെന്റീമീറ്റർ നീളവും 2.5 സെന്റീമീറ്റർ വീതിയും ഉണ്ടായിരുന്നു. ഇത് നിയമവിരുദ്ധമാണ് എന്ന് പൊലീസ് പറഞ്ഞു. പൊലീസ് നടത്തിയ പരിശോധനയിൽ ആദ്യം 16 അനധികൃത കത്തികൾ കണ്ടെടുത്തു. ഗുരുഗ്രാമിലെ ഫാറൂഖ്‌നഗറിലെ വെയർഹൗസിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. അവിടെ നിന്ന് 32 അനധികൃത കത്തികൾ കൂടി കണ്ടെടുത്തു.

വിതരണ ശൃംഖലകൾ, സംഭരണ ​​സ്രോതസ്സുകൾ, നിരോധിത വസ്തുക്കൾ സംഭരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ഉത്തരവാദികളായ വ്യക്തികളുടെ പങ്ക് എന്നിവ പരിശോധിക്കുന്നതിനായി അന്വേഷണം നടന്നുവരികയാണ്. വിവിധ ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമുകളുമായി ചർച്ചകൾ നടത്തിവരികയാണെന്നും സർക്കാർ അറിയിപ്പുകൾ ലംഘിക്കുന്ന ഉൽപ്പന്നങ്ങൾ ഡീലിസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 

Tags:    
News Summary - Delhi police books Blinkit after criminals buy knives online

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.