മിശ്രവിവാഹം: ഹരജികൾ ജനുവരി രണ്ടിന് പരിഗണിക്കും

ന്യൂഡൽഹി: മിശ്രവിവാഹം വഴിയുള്ള മതപരിവർത്തനം നിയന്ത്രിക്കുന്ന വിവാദ സംസ്ഥാന നിയമങ്ങളെ ചോദ്യം ചെയ്യുന്ന ഹരജികൾ ജനുവരി രണ്ടിന് സുപ്രീംകോടതി പരിഗണിക്കും. അഭിഭാഷകനായ വിശാൽ താക്കറെയും സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ് എന്ന സന്നദ്ധ സംഘടനയും സമർപ്പിച്ച പൊതുതാൽപര്യ ഹരജികൾ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിക്കുക. കക്ഷിയാകാൻ കഴിഞ്ഞവർഷം അനുമതി നൽകിയ ജംഇയ്യത്ത് ഉലമായെ ഹിന്ദിന്റെ ഹരജിയും ഇതോടൊപ്പം പരിഗണിക്കും.

2020ലെ ഉത്തർപ്രദേശിലെ മതപരിവർത്തന നിരോധന ഓർഡിനൻസ്, 2018ലെ ഉത്തരാഖണ്ഡ് മതസ്വാതന്ത്ര്യ നിയമം എന്നിവയുടെ ഭരണഘടന സാധുത ചോദ്യം ചെയ്താണ് താക്കറെയും സന്നദ്ധ സംഘടനയും ഹരജികൾ സമർപ്പിച്ചത്. ഉത്തർപ്രദേശിന്റെയും ഉത്തരാഖണ്ഡിന്റെയും മാതൃകയിൽ നിയമങ്ങൾ രൂപവത്കരിച്ചതിനാൽ ഹിമാചൽപ്രദേശിനെയും മധ്യപ്രദേശിനെയും ഹരജിയിൽ കക്ഷികളാക്കണമെന്ന് കഴിഞ്ഞ വാദംകേൾക്കലിൽ സന്നദ്ധ സംഘടന ആവശ്യപ്പെട്ടിരുന്നു.

2021 ഫെബ്രുവരി 17ന് ഹിമാചൽപ്രദേശിനെയും മധ്യപ്രദേശിനെയും കക്ഷികളാക്കാൻ സംഘടനക്ക് സുപ്രീംകോടതി അനുമതി നൽകിയിരുന്നു. നിയമങ്ങളിലെ വിവാദ വ്യവസ്ഥകൾ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച സുപ്രീംകോടതി ഹരജികളിൽ ഹിമാചൽപ്രദേശ്, മധ്യപ്രദേശ് സർക്കാറുകൾക്ക് നോട്ടീസ് നൽകിയിരുന്നു. ഉത്തർപ്രദേശിലെയും ഉത്തരാഖണ്ഡിലെയും ചില പുതിയ വിവാദ നിയമങ്ങൾ പരിശോധിക്കാൻ 2021 ജനുവരി ആറിന് സുപ്രീംകോടതി സമ്മതിച്ചിരുന്നു.

Tags:    
News Summary - Inter marriage: Petitions will be heard on January 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.