ന്യൂഡൽഹി: സ്ഥാനാർഥികളെ ആശ്രയിച്ചാണ് തെരഞ്ഞെടുപ്പ് കമീഷൻ പ്രവർത്തിക്കുന്നതെങ്കിൽ തെരഞ്ഞെടുപ്പുകളുടെ നിഷ്പക്ഷത ഉറപ്പാക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ബി.വി. നാഗരത്ന. പറ്റ്നയിലെ ചാണക്യ നിയമ സർവകലാശാലയിൽ രാജേന്ദ്ര പ്രസാദ് സ്മാരക പ്രഭാഷണം നിർവഹിക്കുകയായിരുന്നു അവർ.
1995ൽ തെരഞ്ഞെടുപ്പ് കമീഷനെ ഉയർന്ന പ്രാധാന്യമുള്ള ഭരണഘടന സ്ഥാപനമായി സുപ്രീംകോടതി അംഗീകരിച്ചു. തെരഞ്ഞെടുപ്പിന്റെ സമഗ്രത നിലനിർത്താൻ ചുമതലപ്പെടുത്തിയ പ്രാഥമിക സ്ഥാപനമാണത്. തെരഞ്ഞെടുപ്പുകൾ വെറും ആനുകാലിക സംഭവങ്ങളല്ല, മറിച്ച് രാഷ്ട്രീയ അധികാരം രൂപപ്പെടുത്തുന്ന സംവിധാനമാണ്. സമയബന്ധിതമായ തെരഞ്ഞെടുപ്പുകൾ കാരണം നമ്മുടെ ഭരണഘടനാപരമായ ജനാധിപത്യം സർക്കാറിൽ സുഗമമായ മാറ്റങ്ങൾ പ്രകടമാക്കിയിട്ടുണ്ട്. ആ പ്രക്രിയയുടെ മേലുള്ള നിയന്ത്രണം ഫലത്തിൽ രാഷ്ട്രീയ മത്സര സാഹചര്യങ്ങളുടെ മേലുള്ള നിയന്ത്രണമാണ്. ഭരണഘടനാ തകർച്ച സംഭവിക്കുന്നത് അതിന്റെ ഘടനയെ പ്രവർത്തനരഹിതമാക്കുന്നതിലൂടെയാണെന്നും അവർ പറഞ്ഞു.
സംസ്ഥാനങ്ങളെ കീഴുദ്യോഗസ്ഥരായിട്ടല്ല, ഏകോപന ശക്തികളായി കാണണമെന്ന് ജസ്റ്റിസ് നാഗരത്ന കേന്ദ്രത്തോട് ആവശ്യപ്പെട്ടു. അധികാര വിഭജനം ഭരണഘടനാപരമായ ക്രമീകരണമാണ്. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ കാര്യത്തിൽ അന്തർകക്ഷി വ്യത്യാസങ്ങൾ മാറ്റിവെക്കണം. ഏത് പാർട്ടിയാണ് കേന്ദ്രം ഭരിക്കുന്നത്, ഏത് പാർട്ടിയാണ് സംസ്ഥാനം ഭരിക്കുന്നത് എന്നതിനെ ആശ്രയിച്ചാവരുത് ഭരണമെന്നും ജസ്റ്റിസ് നാഗരത്ന പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.