ന്യൂഡൽഹി: മധുരയിലേക്ക് പോവുകയായിരുന്ന ഇൻഡിഗോ വിമാനം പറക്കലിനിടെ സാങ്കേതിക തകരാറ് അനുഭവപ്പെട്ടതിനെ തുടർന്ന് ചെന്നൈയിൽ തിരിച്ചിറക്കിയതായി വിമാനത്താവള അധികൃതർ പറഞ്ഞു. അരമണിക്കൂറോളം പറന്ന ശേഷം ഇൻഡിഗോ എയർലൈൻസ് വിമാനത്തിന്റെ പൈലറ്റ് തകരാർ കണ്ടെത്തിയെന്നും ചെന്നൈയിലേക്ക് തിരികെ പറന്ന് ലാൻഡ് ചെയ്യാൻ അനുമതി തേടിയെന്നും അവർ പറഞ്ഞു. 68 ഓളം യാത്രക്കാരുമായി പറന്ന വിമാനം പിന്നീട് സുരക്ഷിതമായി ഇവിടെ ഇറക്കി യാത്രക്കാരെയെല്ലാം പുറത്തിറക്കി. എന്നാൽ, വിഷയത്തിൽ ഇൻഡിഗോയിൽ നിന്ന് പ്രതികരണമൊന്നും വന്നിട്ടില്ല.
അതിനിടെ നാല് അന്താരാഷ്ട്ര, മൂന്ന് ആഭ്യന്തര റൂട്ടുകൾ ഉൾപ്പെടെ ഏഴു വിമാനങ്ങൾ റദ്ദാക്കിയതായി എയർ ഇന്ത്യ വെള്ളിയാഴ്ച അറിയിച്ചു. അറ്റകുറ്റപ്പണികളുടെയും പ്രവർത്തനപരവുമായ കാരണങ്ങളാൽ ആണിതെന്നാണ് വിശദീകരണം. അഹമ്മദാബാദിൽനിന്ന് ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനം തകർന്നതിനു ദിവസങ്ങൾക്ക് ശേഷമാണ് റദ്ദാക്കലുകൾ. ദുബൈ, ചെന്നൈ, ഡൽഹി, മെൽബൺ, പുണെ, അഹമ്മദാബാദ്, ഹൈദരാബാദ്, മുംബൈ എന്നിവക്കിടയിലുള്ള സർവിസുകളും ഇതിൽ ഉൾപ്പെടുന്നു.
യാത്രക്കാർക്ക് എത്രയും വേഗം അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പറക്കുന്നതിനുള്ള ബദൽ ക്രമീകരണങ്ങൾ ചെയ്യുന്നതായി എയർ ഇന്ത്യ അറിയിച്ചു. റദ്ദാക്കലിനോ സൗജന്യമായി ഷെഡ്യൂൾ ചെയ്യുന്നതിനോ യാത്രക്കാർക്ക് പൂർണമായ റീഫണ്ട് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും എയർലൈൻ അറിയിച്ചു.
ദുബായിൽനിന്ന് ചെന്നൈയിലേക്കുള്ള AI906, ഡൽഹിയിൽ നിന്ന് മെൽബണിലേക്കുള്ള AI308, മെൽബണിൽ നിന്ന് ഡൽഹിയിലേക്കുള്ള AI309, ദുബായിൽ നിന്ന് ഹൈദരാബാദിലേക്കുള്ള AI2204 എന്നീ അന്താരാഷ്ട്ര വിമാനങ്ങളാണ് റദ്ദാക്കിയത്.
പൂനെയിൽ നിന്ന് ഡൽഹിയിലേക്കുള്ള AI874, അഹമ്മദാബാദിൽ നിന്ന് ഡൽഹിയിലേക്കുള്ള AI456, ഹൈദരാബാദിൽ നിന്ന് മുംബൈയിലേക്കുള്ള AI-2872, ചെന്നൈയിൽ നിന്ന് മുംബൈയിലേക്കുള്ള AI571 എന്നീ നാല് ആഭ്യന്തര വിമാനങ്ങൾ റദ്ദാക്കിയെന്നും എയർ ഇന്ത്യ അറിയിച്ചു.
രണ്ടു ദിവസം മുമ്പ് ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് മസ്‌കറ്റിൽ നിന്ന് കൊച്ചി വഴി ഡൽഹിയിലേക്ക് പോയ ഇൻഡിഗോ വിമാനം നാഗ്പൂർ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തിയിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നും ഇതുവരെ സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും നാഗ്പൂർ ഡി.സി.പി ലോഹിത് മതാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.