കൊൽക്കത്ത: 2080ഓടെ ഇന്ത്യ ജനസംഖ്യയുടെ കാര്യത്തിൽ സ്ഥിരത കൈവരിക്കുമെന്ന് റിപ്പോർട്ട്. 2080 ആകുമ്പോഴേക്ക് ഇന്ത്യയിലെ ജനസംഖ്യ 180 കോടി അല്ലെങ്കിൽ 190 കോടി ആയി സ്ഥിരത കൈവരിക്കുമെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. പ്രത്യുൽപാദ നിരക്കിൽ ഗണ്യമായ ഇടിവുണ്ടാകുന്നതിനെ തുടർന്നാകും ഇങ്ങനെ സംഭവിക്കുക. ജനസംഖ്യ നിരക്കിൽ ഇന്ത്യയിൽ വലിയ പരിവർത്തനമായിരിക്കും സംഭവിക്കാൻ പോകുന്നത്. 20 വർഷം കൊണ്ട് ഇന്ത്യയിലെ ജനസംഖ്യയിൽ മാറ്റം കണ്ടുവരുന്നുണ്ട്. 2000ത്തിൽ ആകെ ഫെർട്ടിലിറ്റി റേറ്റ് 3.5 ആയിരുന്നു. അതിപ്പോൾ 1.9ൽ എത്തിനിൽക്കുകയാണെന്ന് ഇന്ത്യൻ അസോസിയേഷൻ ഫോർ ദ സ്റ്റഡി ഓഫ് പോപുലേഷൻ ജനറൽ സെക്രട്ടറി അനിൽ ചന്ദ്രൻ പി.ടി.ഐയോട് പറഞ്ഞു.
2028ഓടെ ഇന്ത്യൻ ജനസംഖ്യ 1.8 ബില്യൺ അല്ലെങ്കിൽ 1.9 ബില്യൺ ആകും. അതോടെ ജനസംഖ്യയിൽ സ്ഥിരത കൈവരിക്കാൻ കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇന്ത്യയിലെ ഏറ്റവും പരമാവധി ജനസംഖ്യ 200 കോടിയിൽ താഴെയാകും.
ഫെർട്ടിലിറ്റി നിരക്ക് കുറയുന്നത് വികസനത്തിനും വിദ്യാഭ്യാസത്തിന്റെ നിലവാരം വർധിക്കാനും ഇടയാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പെൺകുട്ടികൾക്ക് വിദ്യാസമ്പന്നരാകുന്നത് വിവാഹം, കുട്ടികളെ വളർത്തൽ എന്നിവയെ നേരിട്ട് ബാധിച്ചിട്ടുണ്ട്. ചെറിയ കുടുംബം മതിയെന്ന് തെരഞ്ഞെടുക്കാൻ പെൺകുട്ടികൾക്ക് പ്രേരണയാകുന്നത് വിദ്യാഭ്യാസമാണ്.
കോൺട്രാസെപ്റ്റീവ് പോലുള്ള ജനനനിയന്ത്രണ മാർഗങ്ങളും ഫെർട്ടിലിറ്റി നിരക്ക് കുറക്കാൻ മറ്റൊരു കാരണമാണ്. എത്ര കുട്ടികൾ വേണമെന്ന കാര്യത്തിൽ ഇപ്പോഴത്തെ ദമ്പതികൾക്ക് കൃത്യമായ ബോധ്യമുണ്ട്. വൈകി വിവാഹം കഴിക്കുന്നതും സാമ്പത്തികരംഗത്തെ ആൺ-പെൺ തുല്യതയും ജനന നിരക്കിനെ സ്വാധീനിക്കും. മുമ്പത്തെ അപേക്ഷിച്ച് തൊഴിൽ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം കൂടുതലാണ് ഇപ്പോൾ.
ജനനനിരക്കിന് വിപരീത അനുപാതത്തിലാണ് വികസനം. നിരക്ഷരരായ ആളുകൾക്കിടയിൽ ഇപ്പോഴും പ്രത്യുൽപാദന നിരക്ക് കൂടുതലാണ്. എന്നാൽ വിദ്യാസമ്പന്നരായ ആളുകൾക്കിടയിൽ പ്രത്യുൽപാദന നിരക്ക് 1.5നും 1.8നും ഇടയിലാണ്.
1987നും 1989നും ഇടയിൽ കേരളത്തിൽ 2.1 ആയിരുന്നു ഫെർട്ടിലിറ്റി നിരക്ക്. ഇപ്പോഴത് 1.5 ആയി കുറഞ്ഞു.
പശ്ചിമബംഗാളിലെ പ്രത്യുൽപാദന നിരക്കിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ജനന നിരക്ക് കുറഞ്ഞു വരുമ്പോൾ ആയുർദൈർഘ്യം വർധിക്കുന്നതും കണ്ടുവരുന്നുണ്ട്. ആരോഗ്യ സംവിധാനങ്ങളുടെ കാര്യക്ഷമതയാണ് ആയുർദൈർഘ്യം വർധിക്കാനുള്ള പ്രധാന കാരണം.
ഇന്ന് യുവാക്കളിൽ ഭൂരിഭാഗവും ജോലി ചെയ്യുന്നവരാണ്. പഠനത്തിനും ജോലിക്കും മറ്റുമായി അവർ വിദേശങ്ങളിലേക്ക് ചേക്കേറുന്നതോടെ പ്രായമായവരുടെ സംരക്ഷണം വെല്ലുവിളിയായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വയോജനങ്ങളുടെ സംരക്ഷണത്തിനായി പ്രത്യേക സംവിധാനങ്ങൾ ആവശ്യമായി വന്നിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1971ലാണ് ഐ.എ.എസ്.പി സ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.