ന്യൂഡൽഹി: രാജ്യത്തെ 300ലധികം ജയിലുകളിൽ ഉൾക്കൊള്ളാവുന്നതിന്‍റെ ഇരട്ടി തടവുപുള്ളികളെന്ന് റിപ്പോർട്ട്. ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിന്‍റെ ഫീൽഡ് ആക്ഷൻ പ്രോജക്ടായ പ്രയാസ് കഴിഞ്ഞ ആഴ്ച സമർപ്പിച്ച ഡാറ്റയിലാണ് ഞെട്ടിക്കുന്ന വിവരമുള്ളത്. രാജ്യത്തിന്‍റെ പല ഭാഗത്തും ഡോക്ടർമാരോ കൗൺസിലർമാരോ ഇല്ലാതെ പ്രവർത്തിക്കുന്ന ജയിലുകളിൽ അടിസ്ഥാന സൗകര്യ വികസനം അനിശ്ചിതത്വത്തിലാണ്.
ജയിൽ ശേഷിയെക്കുറിച്ച് സർക്കാർ കാണിക്കുന്ന ദേശീയ ശരാശരി കണക്കുകൾ യാഥാർഥ്യത്തെ മറച്ചു പിടിക്കുന്നതാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഡൽഹിയിലെ സെൻട്രൽ ജയിലിൽ 2002 മുതൽ തടവ് പുള്ളികളുടെ എണ്ണം ക്രമാതീതമായി വർധിച്ചു കൊണ്ടിരിക്കുകയാണ്. 2023ൽ അതിന്‍റെ യഥാർഥ ശേഷി മറികടന്ന് 550 ശതമാനം എത്തിയെന്ന് റിപ്പോർട്ട് പറയുന്നു.
വിചാരണ നടത്തി വിധി പുറപ്പെടുവിക്കുന്നതിനുള്ള കാലതാമസമാണ് ജയിലുകൾ തിങ്ങി നിറയുന്നതിനുള്ള കാരണം. ഇന്ത്യയിലെ ജയിൽ പുള്ളികളിൽ 76 ശതമാനവും വിചാരണ തടവുകാരാണ്. അതിൽ തന്നെ പലരും കുറ്റം ചെയ്തുവെന്ന് തെളിയിക്കപ്പെടാത്തവരും.
കഴിഞ്ഞ പത്ത് വർഷത്തിനിടെ മൂന്ന് മുതൽ അഞ്ച് വർഷം വരെ ജയിൽ വാസത്തിലുള്ള വിചാരണത്തടവുകാരുടെ എണ്ണം ഇരട്ടിയായി. രാജ്യത്തെ വിചാരണത്തടവുകാരിൽ നാലിൽ ഒരാൾ ഒന്ന് മുതൽ മൂന്നു വർഷം വരം ജയിലിൽ കിടക്കുന്നു. വെസ്റ്റ് ബംഗാൾ, ജമ്മു കശ്മീർ, മണിപ്പൂർ എന്നിവിടങ്ങളിൽ ഈ കണക്ക് കൂടുമെന്നാണ് റിപ്പോർട്ട്.
വിചാരണ കാത്ത് കഴിയുന്നവരിൽ 70 ശതമാനവും എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. നിയമ സഹായം തേടുന്നതിനുള്ള സാമ്പത്തിക ശേഷിയില്ലായ്മയാണ് ഇവരുടെ വിചാരണ വൈകുന്നതിനുള്ള കാരണങ്ങളിലൊന്ന്. ജാതി സംബന്ധമായ ഡാറ്റ ലഭ്യമല്ലെങ്കിലും ജയിലിനുള്ളിലെ അരികുവത്കരിക്കപ്പെട്ട വിഭാഗത്തിൽ നിന്നുള്ളവരുടെ ആധിക്യം സാമൂഹിക അസമത്വത്തിലേക്ക് വിരൽ ചൂണ്ടുന്നു.
തടവുകാർക്കിടയിലെ മാനസിക സമ്മർദ്ദവും സ്വയം മുറിവേൽപ്പിക്കുന്നതുൾപ്പെടെയുള്ള കേസുകൾ വർധിച്ചിട്ടും രാജ്യത്തെ ഒരു ജയിലിൽപ്പോലും മാനസികാരോഗ്യ വിദഗ്ദരെ നിയമിച്ചിട്ടില്ല. മോഡൽ പ്രിസൺ മാനുവലിൽ രാജ്യത്തെ ജയിലുകളിൽ 1,150 സൈക്യാട്രിസ്റ്റുകൾ വേണമെന്ന് പറയുന്നുണ്ടെങ്കിലും ആകെ അനുവദിച്ചിട്ടുള്ളത് 65 തസ്തികകളാണ്.അതിൽ നിയമനം നടന്നത് 35 എണ്ണത്തിലും.
ജയിൽ പരിഷ്കരണത്തിലെ പോരായ്മയാണ് ഈ പ്രശ്നങ്ങൾക്ക് കാരണമെന്നാണ് പ്രയാസ് പ്രോജക്ട് ഡയറക്ടർ വിജയ് രാഘവൻ പറയുന്നത്. കൂടുതൽ ജയിലുകൾ പണിയുന്നതിന് പകരം കുറ്റവാളികളെ കസ്റ്റഡിയിൽ ദീർഘകാലം പാർപ്പിക്കുന്നതിനുള്ള ബദൽ മാർഗം കാണണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.