രണ്ടാംതരംഗത്തേക്കാള്‍ ശക്തമാകുമോ കോവിഡ് മൂന്നാംതരംഗം? ആശ്വാസത്തിന് വകനല്‍കി ഐ.സി.എം.ആര്‍ പഠനം

ന്യൂഡല്‍ഹി: കോവിഡ് മൂന്നാംതരംഗം വരാനിരിക്കുന്നു എന്ന മുന്നറിയിപ്പ് ലഭിച്ചതു മുതല്‍ രാജ്യം ആശങ്കയിലായിരുന്നു. ഒന്നും രണ്ടും തരംഗങ്ങള്‍ വിതച്ച നാശം ഇനിയും തീരാത്ത സാഹചര്യത്തില്‍ മൂന്നാംതരംഗത്തെ എങ്ങനെ അതിജീവിക്കുമെന്നാണ് ആശങ്ക. ജനിതക വകഭേദം സംഭവിച്ച് കൂടുതല്‍ വ്യാപനശേഷി നേടിയ വൈറസുകളാകും മൂന്നാംതരംഗത്തിന് പിന്നിലെന്ന മുന്നറിയിപ്പ് വന്നതോടെ ഭീതി ഇരട്ടിച്ചു. അതേസമയം, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ഏറ്റവും പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് മൂന്നാംതരംഗത്തെ അത്രയേറെ ഭയക്കേണ്ടതില്ലെന്നാണ്. മുന്‍കരുതലും പ്രതിരോധവുമുണ്ടെങ്കില്‍ മൂന്നാംതരംഗം രണ്ടാംതരംഗത്തിന്റെ അത്ര നാശം വിതക്കില്ലെന്നാണ് ഐ.സി.എം.ആര്‍ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നത്.

ഇന്ത്യയില്‍ കോവിഡിന്റെ രണ്ടാംതരംഗമാണ് കനത്ത നാശം വിതച്ചത്. മൂന്നാംതരംഗം വരുമെങ്കിലും രണ്ടാംതരംഗത്തിന്റെയത്ര ശക്തമായിരിക്കില്ലെന്ന് മാത്തമാറ്റിക്കല്‍ മോഡലിങ് ഉപയോഗിച്ച് നടത്തിയ പഠനങ്ങള്‍ വഴി ഐ.സി.എം.ആര്‍ വ്യക്തമാക്കുന്നു.

വാക്‌സിനേഷനാണ് മൂന്നാംതരംഗത്തെ നേരിടുന്നതില്‍ നിര്‍ണായകമാകുകയെന്ന് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. മൂന്ന് ഘടകങ്ങളാണ് മൂന്നാംതരംഗത്തിന്റെ പശ്ചാത്തലത്തില്‍ പരിഗണിക്കേണ്ടത്. സാമൂഹിക ഘടകങ്ങള്‍, ആരോഗ്യ സംവിധാനം, ബയോളജിക്കല്‍ ഘടകങ്ങള്‍ എന്നിവയാണിത്.

സാമൂഹിക അകലം പാലിക്കല്‍, മാസ്‌കുകളുടെ ഉപയോഗം, കൂട്ടംകൂടാതിരിക്കല്‍ തുടങ്ങിയവ വൈറസ് വ്യാപനത്തെ നിയന്ത്രിക്കും. ഇത്തരം നിയന്ത്രണമാര്‍ഗങ്ങളിലുണ്ടാകുന്ന വീഴ്കളാണ് ഭാവിയില്‍ കൂടുതല്‍ തരംഗങ്ങള്‍ക്ക് കാരണമാകുക.

ആരോഗ്യസംവിധാനങ്ങളുടെ ഇടപെടല്‍ നിര്‍ണായകമാണ്. കൃത്യമായ സമയത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുക, ചികിത്സ ഉറപ്പാക്കുക എന്നിവ ആവശ്യമാണ്. ബയോളജിക്കല്‍ ഘടകങ്ങളില്‍ പ്രധാനമായും വാക്‌സിന്‍ നല്‍കുന്ന പ്രതിരോധ ശേഷിയാണ് മൂന്നാംതരംഗത്തെ പ്രതിരോധിക്കുന്നതില്‍ മുതല്‍ക്കൂട്ടാവുക. രണ്ടാംതരംഗത്തെ നേരിടുമ്പോള്‍ വാക്‌സിനുകള്‍ നമുക്ക് ലഭ്യമല്ലായിരുന്നു. എന്നാല്‍, മൂന്നാംതരംഗം എത്തുമ്പോഴേക്കും രാജ്യത്തെ വലിയ വിഭാഗം ജനങ്ങള്‍ക്ക് വാക്‌സിന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ മൂന്ന് ഘടകങ്ങളും ചേരുമ്പോള്‍ മൂന്നാംതരംഗം അത്ര ഭീകരമായിരിക്കില്ലെന്നാണ് ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍. ജനിതക വകഭേദം സംഭവിച്ച ഡെല്‍റ്റ പ്ലസ് വൈറസാകും മൂന്നാംതരംഗത്തിന് കാരണമാകുകയെന്ന് പറയപ്പെടുന്നുണ്ട്. അതേസമയം, ഇക്കാര്യത്തിലും വ്യത്യസ്ത അഭിപ്രായങ്ങള്‍ ശാസ്ത്രജ്ഞര്‍ക്കുണ്ട്. കൂടുതല്‍ വാക്‌സിനുകള്‍ രാജ്യത്ത് എത്തുന്നതോടെ മൂന്നാംതരംഗത്തെ ഫലപ്രദമായി നേരിടാനാകുമെന്നാണ് വിലയിരുത്തല്‍.

Tags:    
News Summary - India's 3rd Covid-19 wave 'very unlikely' to be as large as second wave: ICMR study

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.