മിന്നലാക്രമണം: സൈനികര്‍ക്ക് കക്ഷി ഭേദമന്യേ പിന്തുണ

ന്യൂഡല്‍ഹി: അതിര്‍ത്തിക്കപ്പുറത്തെ ഭീകരക്യാമ്പുകള്‍ക്ക് നേരെയുള്ള സൈനികനടപടിക്ക് ഭരണ-പ്രതിപക്ഷ ഭേദമന്യേ പാര്‍ട്ടികളുടെ പിന്തുണ. സര്‍വകക്ഷി യോഗത്തില്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് സൈനികനടപടി സംബന്ധിച്ച വിവരങ്ങള്‍ നേതാക്കള്‍ക്ക് മുന്നില്‍ വിവരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ കാര്യങ്ങള്‍ അറിയിച്ചു. വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, സോണിയ ഗാന്ധിയുടെ വീട്ടിലത്തെി കാര്യങ്ങള്‍ വിശദീകരിച്ചു.  

എല്ലാവരും സൈന്യത്തിന് അഭിവാദ്യമര്‍പ്പിച്ചു. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് നേതാക്കള്‍ പിന്തുണയും അറിയിച്ചു.
ഉറി ആക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ ഭീകരതക്ക് തുല്യനാണയത്തില്‍ മറുപടിനല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് പാര്‍ട്ടികളെല്ലാം യോജിച്ചുവെന്ന്  സര്‍വകക്ഷി യോഗത്തിനുശേഷം  മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു.   ഭീകരര്‍ക്ക് കൃത്യമായ മുന്നറിയിപ്പുനല്‍കിയ ഇന്ത്യന്‍ സൈന്യത്തെ അഭിനന്ദിക്കുന്നതായി കോണ്‍ഗ്രസ് രാജ്യസഭാ കക്ഷി നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള ഭീകരവാദം അവസാനിപ്പിക്കാന്‍ സ്വീകരിക്കുന്ന എല്ലാ നടപടികളെയും പിന്തുണക്കുന്നതായും അദ്ദേഹം പറഞ്ഞു.

സൈന്യത്തെ അഭിനന്ദിച്ച സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എല്ലാ വിവരങ്ങളും മനസ്സിലാക്കിയശേഷം കൂടുതല്‍ പ്രതികരിക്കാമെന്ന് വ്യക്തമാക്കി. അമിത് ഷാ, മുലായം സിങ് യാദവ്, ശരദ് യാദവ് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. പാകിസ്താനെതിരായ സൈനിക നടപടിയില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണനേടിയ മോദി സര്‍ക്കാര്‍, വിദേശരാജ്യങ്ങളെയും ഒപ്പംനിര്‍ത്താനുള്ള നീക്കത്തിലാണ്. വിവിധ രാജ്യങ്ങളുടെ എംബസികളുമായി ആശയവിനിമയം തുടരുന്ന വിദേശകാര്യ മന്ത്രാലയം കഴിഞ്ഞദിവസത്തെ സൈനിക നടപടിയുടെ വിവരങ്ങളും അതിലേക്ക് നയിച്ച സാഹചര്യങ്ങളും വിശദീകരിച്ച് പിന്തുണയുറപ്പാക്കാനുള്ള നീക്കത്തിലാണ്.

 
Tags:    
News Summary - indian surgical strikes Pakistani territory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.