എസി കോച്ചുകളിൽ യാത്രക്കാർക്ക് നൽകുന്ന വെള്ള പുതപ്പും കമ്പിളിയും പലപ്പോഴും പരാതികൾക്കിടയാക്കാറുണ്ട്. വൃത്തിയുണ്ടാവാറില്ലെന്നതാണ് പ്രധാന പ്രശ്‌നം. ഇതിനൊരു പരിഹാരവുമായാണ് റെയിൽവേ എത്തിയിരിക്കുന്നത്. വെള്ളക്ക് പകരം സാൻഗനേരി പ്രിന്റഡ് ബ്ലാങ്കറ്റുകളാണ് ഇനി നൽകുന്നത്.
ആദ്യം ജയ്പൂർ-അസർവ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിലാണിത് നടപ്പിലാക്കുന്നത്. തുടക്കത്തിൽ ഒരു ട്രെയിനിലാണ് കൊണ്ടുവരുന്നതെങ്കിലും പിന്നീട് മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നാണ് അധികൃതർ പറയുന്നത്. സംഗനേരി പ്രിന്‍റ് രാജസ്ഥാനിലെ സംഗനേർ എന്ന സ്ഥലത്തെ പരമ്പരാഗതമായ ഒരു കൈത്തറി അച്ചടി രീതിയാണ്. ഈ പ്രിന്‍റുകൾക്ക് നിരവധി പ്രത്യേകതകളുണ്ട്.
ചിപ്പ സമുദായക്കാരാണ് പരമ്പരാഗതമായി സൻഗനേരി വസ്ത്രങ്ങൾ നെയ്‌തെടുക്കുന്നത്. ഫ്‌ളോറൽ മോട്ടിഫ്, ചെറിയ വരകൾ എന്നിവയൊക്കെയാണ് ഇതിനെ മനോഹരമാക്കുന്നത്. സോഫ്റ്റ് കോട്ടൺ, മസ്ലിൻ തുണികളിലാണ് സൻഗനേരി പ്രിന്റുകൾ പ്രധാനമായും കാണപ്പെടുന്നത്. ആകർഷകമായ പൂക്കളുടെയും സസ്യങ്ങളുടെയും രൂപങ്ങളുള്ള ഈ ഡിസൈനുകൾ കാഴ്ചക്ക് വളരെ മനോഹരമാണ്.
വെളുത്ത പുതപ്പുകളിൽ കറകളും അഴുക്കും പെട്ടെന്ന് കാണുന്നതിനാലും വൃത്തിയാക്കൽ ശ്രമകരമാകുന്നതിനാലും ഈ നിറമുള്ള പ്രിന്‍റുകൾ വൃത്തിയും ആകർഷകത്വവും കൂടുതൽ കാലം നിലനിർത്താൻ സഹായിക്കും. രാജ്യത്തിന്‍റെ പൈതൃക കലാരൂപങ്ങളെയും പ്രാദേശിക കരകൗശലവിദ്യകളെയും പ്രോത്സാഹിപ്പിക്കാനുള്ള റെയിൽവേയുടെ ശ്രമമാണിത്.
പുതിയ സംഗനേരി പ്രിന്‍റഡ് പുതപ്പുകൾ ട്രെയിൻ കോച്ചുകൾക്ക് കൂടുതൽ പുതുമ നൽകുമെന്ന കാര്യത്തിൽ സംശയമില്ല. വൃത്തിയും ഭംഗിയുമുള്ള പുതപ്പുകൾ യാത്രക്കാർക്ക് മെച്ചപ്പെട്ടതും സന്തോഷകരവുമായ യാത്രാനുഭവം നൽകുമെന്നാണ് റെയിൽവേയുടെ പ്രതീക്ഷ. ഈ മാറ്റം ഘട്ടം ഘട്ടമായി രാജ്യത്തെ വിവിധ ട്രെയിനുകളിലും സോണുകളിലും നടപ്പാക്കി വരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.