ന്യൂഡൽഹി: 45 കൈതോക്കുകളുമായി ദമ്പതികൾ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിൽ. ബുധനാഴ്ച കസ്റ്റംസ് ഉദ്യോഗസ്ഥരാണ് ഇവരെ അറസ്റ്റ് ചെയ്തത്. ദമ്പതികളായ ജഗ്ജിത് സിങ്, ജസ്‍വീന്ദർ കൗർ എന്നിവരാണ് അറസ്റ്റിലായത്.
ജൂലൈ 10ന് വിയറ്റ്നാമിലെ ഹോ ചി മിൻ സിറ്റിയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ ദമ്പതികൾ നിരീക്ഷണത്തിലായിരുന്നു. ജഗ്ജിത് സിങിന്റെ സഹോദരൻ മഞ്ജിത് സിങ് നൽകിയ രണ്ട് ട്രോളി ബാഗുകളിലാണ് പിസ്റ്റളുകൾ ഉണ്ടായിരുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ഫ്രാൻസിലെ പാരീസിൽ നിന്ന് ഹോ ചി മിൻ സിറ്റിയിൽ എത്തിയതാണ് മഞ്ജിത് സിങ്. ഇവിടെ വച്ച് ജഗ്ജിത് സിങ്ങിന് മൻജിത് സിങ് ബാഗുകൾ നൽകിയെന്നാണ് റിപ്പോർട്ട്. ബാഗുകൾ കൈമാറിയ ശേഷം മഞ്ജിത് സിങ് വിമാനത്താവളത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.
തോക്കുകൾ അടങ്ങിയ ട്രോളി ബാഗിന്റെ ടാഗുകൾ നീക്കം ചെയ്യാനും നശിപ്പിക്കാനും വനിതാ യാത്രക്കാരി ഭർത്താവിനെ സഹായിച്ചതായി കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഏകദേശം 22.5 ലക്ഷം രൂപ വിലയുള്ള തോക്കുകളാണ് പിടിച്ചെടുത്തത്. നേരത്തെ തുർക്കിയിൽ നിന്ന് 25 പിസ്റ്റളുകൾ ഇന്ത്യയിലേക്ക് കൊണ്ടുവന്നിരുന്നതായി ഇരുവരും സമ്മതിച്ചതായും കസ്റ്റംസ് പറഞ്ഞു.
തോക്കുകൾ യഥാർത്ഥമാണോ അല്ലയോ എന്നറിയാൻ അന്വേഷണം നടക്കുകയാണ്. തോക്കുകൾ യഥാർഥമാണെന്ന് പ്രാഥമിക പരിശോധന നടത്തിയ ദേശീയ സുരക്ഷാ ഗാർഡ് (എൻഎസ്ജി) തീവ്രവാദ വിരുദ്ധ യൂനിറ്റ് റിപ്പോർട്ട് ചെയ്തു. 'പ്രാഥമിക അന്വേഷണത്തിൽ, തോക്കുകൾ പൂർണ്ണമായും പ്രവർത്തനക്ഷമമാണെന്ന് ദേശീയ സുരക്ഷാ ഗാർഡ് (എൻഎസ്ജി) സ്ഥിരീകരിച്ചിട്ടുണ്ട്'-കസ്റ്റംസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പി.ടി.ഐ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.