ഇന്ത്യ–യു.എസ് സൈനിക പങ്കാളിത്ത കരാര്‍ തയാര്‍

ന്യൂഡല്‍ഹി: ഇന്ത്യയെ പ്രധാന പ്രതിരോധപങ്കാളിയായി അമേരിക്ക അംഗീകരിക്കുന്ന കരാറിന് അന്തിമരൂപമായി. അമേരിക്കയുമായുള്ള ഇന്ത്യയുടെ സൈനികചങ്ങാത്തം പൂര്‍ണതോതിലാകുന്നതിലേക്ക് നയിക്കുന്ന സുപ്രധാന ചുവടാണിത്. അമേരിക്കയുടെ ഉറ്റ സഖ്യകക്ഷികള്‍ക്ക് തുല്യമായ പരിഗണനയാണ് പ്രതിരോധകാര്യങ്ങളില്‍ ഇന്ത്യക്ക് ഇനി ലഭിക്കുക. ഇതിനൊപ്പം അമേരിക്കന്‍ ബന്ധത്തില്‍ രാജ്യത്തിന്‍െറ പരമാധികാരം കൂടുതല്‍ ദുര്‍ബലപ്പെടുകയും ചെയ്യും. 

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ജൂണില്‍ നടത്തിയ വാഷിങ്ടണ്‍ യാത്രയില്‍ ഈ പദവി ഇന്ത്യക്ക് നല്‍കുന്നതില്‍ തീരുമാനമായിരുന്നു. എന്നാല്‍, അതിന്‍െറ വിശദാംശങ്ങള്‍ക്ക് ഇപ്പോഴാണ് അന്തിമരൂപമായത്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലത്തെിയ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി മനോഹര്‍ പരീകര്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണിത്. അന്തിമരൂപം നല്‍കിയ കരാര്‍ ഇനി അമേരിക്കന്‍ കോണ്‍ഗ്രസും സെനറ്റും അംഗീകരിക്കണം. പ്രതിരോധ വ്യാപാരം, സാങ്കേതികവിദ്യ പങ്കുവെക്കല്‍ എന്നിവയില്‍ സഖ്യകക്ഷികള്‍ക്ക് തുല്യമായ പരിഗണന ഇനി ഇന്ത്യക്ക് ലഭിക്കുമെന്ന് കാര്‍ട്ടറും പരീകറും നടത്തിയ കൂടിക്കാഴ്ചക്കുശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവന വ്യക്തമാക്കി. ഉത്തര അത്ലാന്‍റിക് ഉടമ്പടി സംഘടനയായ ‘നാറ്റോ’യിലെ അംഗരാജ്യങ്ങള്‍ക്കും ആസ്ട്രേലിയ, ന്യൂസിലന്‍ഡ്, ഫിലിപ്പീന്‍സ്, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവക്കുമുള്ള പ്രതിരോധ അടുപ്പത്തിന് സമാനമായ ബന്ധമാണ് ഇന്ത്യക്ക് അമേരിക്ക നല്‍കുന്നത്. 

അമേരിക്കന്‍ സേനാവിമാനങ്ങള്‍ക്കും കപ്പലുകള്‍ക്കും പട്ടാളത്തിനും ഇന്ത്യന്‍ സൈനികതാവളങ്ങള്‍ ഉപയോഗപ്പെടുത്താന്‍ അനുവദിക്കുന്ന പ്രതിരോധ ചട്ടക്കൂട് കരാര്‍ നേരത്തേ ഒപ്പുവെച്ചിരുന്നു. ഇന്ത്യയെ അമേരിക്കയുടെ പ്രധാന പ്രതിരോധ പങ്കാളിയാക്കുന്നതിന്‍െറ വിശദാംശങ്ങള്‍ക്ക് അന്തിമരൂപം നല്‍കുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. കരാറിന്‍െറ വിശദാംശങ്ങള്‍ രണ്ടു കൂട്ടരും വെളിപ്പെടുത്തിയിട്ടില്ല. മോദിസര്‍ക്കാര്‍ അധികാരത്തില്‍ വന്ന് രണ്ടര വര്‍ഷങ്ങള്‍ക്കിടെ ആഷ്ടണ്‍ കാര്‍ട്ടറും പ്രതിരോധമന്ത്രിയുമായി ഏഴാംവട്ട കൂടിക്കാഴ്ചയാണ് നടന്നത്. പ്രസിഡന്‍റ് ബറാക് ഒബാമയുടെ ഭരണകാലാവധി അവസാനിക്കുന്നതിനാല്‍ ഒൗദ്യോഗിക പദവിയില്‍ ആഷ്ടണ്‍ കാര്‍ട്ടര്‍ നടത്തിയ അവസാന ഇന്ത്യ സന്ദര്‍ശനവുമായി ഇത്.

Tags:    
News Summary - India, US finalise Major Defence Partner agreement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.