2002ലെ ഗുജറാത്ത് കലാപത്തിൽ നരേന്ദ്ര മോദിയുടെ പങ്ക് വെളിപ്പെടുത്തുന്ന ബി.ബി.സി ഡോക്യുമെന്ററിക്ക് പിന്നാലെ മുസ്‍ലിംകൾക്കെതിരെ വിദ്വേഷം പടർത്തുന്ന ഹിന്ദുത്വ പോപ് ഗായകരെക്കുറിച്ചുള്ള വിഡിയോ റിപ്പോർട്ടുമായി ജർമൻ മാധ്യമം. ഡ്യൂഷെ വെല്ലെ (ഡി.ബ്ലു) എന്ന ചാനലാണ് ‘ഇന്ത്യ: സൗണ്ട് ട്രാക്ക് ഓഫ് ഹേറ്റ്’ എന്ന പേരിലുള്ള റിപ്പോർട്ട് പുറത്തുവിട്ടത്. സമീപ കാലങ്ങളിൽ രാജ്യത്തുണ്ടായ ഹിന്ദു ദേശീയതയുടെ വളർച്ചക്ക് സമാന്തരമായാണ് ഹിന്ദുത്വ പോപിന്റെ വളർച്ചയെന്ന് അവതാരകയായ അകങ്ക്ഷാ സക്സേന പറയുന്നു. മുസ്‍ലിംകൾക്കെതിരായ ആക്രമണങ്ങൾക്ക് ‘ഹിന്ദുത്വ പോപ്’ പ്രോത്സാഹനമാകുന്നതായും റിപ്പോർട്ട് ആരോപിക്കുന്നു.
“ഞങ്ങളുടെ മതത്തെ ദുഷിച്ച കണ്ണോടെ കാണുന്നവരെ ഞങ്ങൾ വെടിവെച്ചുകൊല്ലുന്നു,” എന്ന് തുടങ്ങുന്ന ഹിന്ദി ഗാനത്തോടെയാണ് ചാനൽ റിപ്പോർട്ട് ആരംഭിക്കുന്നത്. മറ്റൊന്നിൽ ഇങ്ങനെ പറയുന്നു, "ഇന്ത്യ ഹിന്ദുക്കൾക്കുള്ളതാണ്, മുല്ലകൾ പാകിസ്താനിലേക്ക് പോകുക".
‘‘1948 ജനുവരി 30ന് മുസ്‍ലിം വിരുദ്ധ തീവ്ര വലതുപക്ഷ ഹിന്ദുവാൽ ഗാന്ധി വധിക്കപ്പെട്ടു. അതിന് 75 വർഷങ്ങൾക്ക് ശേഷവും ഇസ്‍ലാമിനെതിരായ വിദ്വേഷം സജീവമാണ്. ഇന്ത്യയിലെ മുസ്‍ലിം വിരുദ്ധ പ്രസ്ഥാനത്തിന്റെ പുതിയ ശബ്ദട്രാക്കായ ഹിന്ദുത്വ പോപ് ഗാനങ്ങളിൽനിന്ന് അക്രമത്തിന് ആഹ്വാനം ചെയ്യുന്നു’’, ഇതിനോടുള്ള പ്രതികരണമായി ചിലിയിലെ അഗസ്റ്റെ പിനാഷെ ഭരണകൂടത്തിന്റെ ചെയ്തികൾ പുറത്തുകൊണ്ടുവന്ന വില്ല ഗ്രിമാൾഡി മ്യൂസിയം ട്വിറ്ററിൽ ഇതിന് പ്രതികരണമായി കുറിച്ചു.
അയോധ്യയിലെ കടയിലെ ജീവനക്കാരനായ രാകേഷ് എന്നയാൾ ഹിന്ദുത്വ പോപിന്റെ തീവ്രമായ ആകർഷണം വിശദീകരിക്കുന്നു: "ഹിന്ദുവായ ഒരാൾക്ക് പാട്ട് കേൾക്കുമ്പോൾ പുതിയ ഊർജവും ആവേശവും ഉണ്ടാകുന്നു. മണിക്കൂറുകളോളം നിങ്ങൾ കണ്ടാൽ, ഒരു ലഹരി അനുഭവപ്പെടും. നിങ്ങൾ ആ വരികൾ കേൾക്കുകയും അത് ഹൃദയത്തിൽ സൂക്ഷിക്കുകയും ചെയ്യും’’.
ഉത്തർപ്രദേശിൽ വൻ ജനക്കൂട്ടത്തെ ആകർഷിക്കുന്ന ചില ഹിന്ദുത്വ പോപ്പ് ഗായകർ വാട്‌സ്ആപ്പിൽ പ്രചരിക്കുന്ന വ്യാജ വാർത്തകളിൽ നിന്ന് ഇത്തരം പാട്ടുകൾ ഉണ്ടാക്കുന്നതായി റിപ്പോർട്ട് പറയുന്നു. വിദ്യാസമ്പന്നരും എന്നാൽ തൊഴിലില്ലാത്തവരുമായ യുവാക്കൾ വെറുപ്പിന്റെ രാഷ്ട്രീയത്തിലേക്ക് എളുപ്പത്തിൽ ആകർഷിക്കപ്പെടുന്നതിൽ ഹിന്ദുത്വ പോപ് പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ വർഷം മധ്യപ്രദേശിലെ ഖാർഗോണിൽ രാമനവമി ഘോഷയാത്രക്കിടെയുണ്ടായ കലാപത്തിന് മുമ്പ് മുസ്‍ലിംകൾക്കെതിരെ വിദ്വേഷം വിതക്കുന്ന ഇത്തരം ഹിന്ദി ഗാനങ്ങൾ ഇട്ടിരുന്നതായി കലാപത്തിന്റെ ഇരകൾ ആരോപിക്കുന്നു.
ഹിന്ദുത്വ പോപ് ഗായകരായ അയോധ്യ സ്വദേശി സന്ദീപ് ആചാര്യ, ലക്നൗക്കാരനായ പ്രേം കൃഷ്ണവൻശി എന്നിവരുമായുള്ള അഭിമുഖവും വിഡിയോയിൽ ഉണ്ട്. സോഷ്യൽ മീഡിയയിൽ ദശലക്ഷക്കണക്കിന് കാഴ്‌ചക്കാരുള്ള സന്ദീപ്, വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ യൂട്യൂബ് തന്റെ പല ചാനലുകളും നീക്കം ചെയ്തതായി പറയുന്നു. എന്നാൽ പ്ലാറ്റ്‌ഫോമിൽ ഞങ്ങളുടെ വ്യാപനം വളരെ ഉയർന്നതാണെന്നും ഒന്ന് വിലക്കിയാൽ മറ്റൊരു ചാനൽ ഉണ്ടാക്കുമെന്നും അയാൾ പ്രതികരിച്ചു.
അതേസമയം, വിദ്വേഷപ്രചാരകരായ ഹിന്ദി ഗായകരും തങ്ങളുടെ പാർട്ടിയും തമ്മിൽ ബന്ധമൊന്നുമില്ലെന്ന് ബി.ജെ.പി വക്താവ് അനില സിങ് ഇതിൽ പ്രതികരിക്കുന്നുണ്ട്. ഇത്തരം ഗായകർക്കെതിരെ കേസെടുക്കണമെന്നും ഇവർ പറയുന്നു.
റിപ്പോർട്ടിനോട് ഇന്ത്യൻ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ, ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ’ എന്ന ബി.ബി.സി ഡോക്യുമെന്ററി തടഞ്ഞ സർക്കാർ ഇതും ഉടൻ തടയുമെന്ന ആശങ്ക നിരവധി ട്വിറ്റർ ഉപയോക്താക്കൾ പങ്കുവെക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.