പിഴത്തീരുവ; യു.എസ് ഭീഷണിക്ക് വഴങ്ങില്ലെന്ന് ഇന്ത്യ
ന്യൂഡൽഹി: റഷ്യയിൽനിന്ന് അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യക്കും ചൈനക്കും മേൽ 100 ശതമാനം പിഴത്തീരുവ ചുമത്താനുള്ള യു.എസ് തീരുമാനത്തിന് വഴങ്ങില്ലെന്ന് ഇന്ത്യ. റഷ്യക്കും ഇറാനും മേൽ ഉപരോധം ഏർപ്പെടുത്തിയാലും ഊർജ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ പ്രതിജ്ഞാബദ്ധമാണെന്നും ഇന്ത്യ വ്യക്തമാക്കി. യു.എസ് ഉപരോധത്തിന് വഴങ്ങാൻ ആവില്ലെന്ന് സൂചന നൽകി വൈവിധ്യമാർന്ന ഉറവിടങ്ങളിൽനിന്ന് ഊർജ ലഭ്യത ഉറപ്പുവരുത്തുമെന്നും യു.എസ് കോൺഗ്രസ് നടപടിയോട് ഇന്ത്യ പ്രതികരിച്ചു. രാജ്യത്തിന്റെ വ്യാപാര സാമ്പത്തിക താൽപര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളാനുള്ള നിശ്ചയദാർഢ്യം യു.എസിനെ അറിയിച്ചതാണെന്നും വിദേശ മന്ത്രാലയം വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
യു.എസ് പ്രതിനിധിസഭ പാസാക്കിയ ‘ലിൻഡ്സേ ഒലിൻ ഗ്രഹാം’ ഉപരോധ നിയമത്തോട് പ്രതികരിക്കുകയായിരുന്നു വിദേശ മന്ത്രാലയം. റഷ്യക്കും ഇറാനും മേൽ ഉപരോധം ഏർപ്പെടുത്തിയ യു.എസ് കോൺഗ്രസ് നടപടിയെ തുടർന്നുള്ള സംഭവ വികാസങ്ങൾ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണ്. നേരത്തേ നിരവധി തവണ വ്യക്തമാക്കിയതുപോലെ 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.വിപണിയിലെ ചാഞ്ചാട്ടങ്ങൾക്ക് അനുസൃതമായി വൈവിധ്യമാർന്ന ഉറവിടങ്ങളിൽനിന്ന് ഊർജ ലഭ്യത ഉറപ്പുവരുത്തുന്നത് തുടരും.
യു.എസ് ലക്ഷ്യമിടുന്നത്
റഷ്യൻ എണ്ണയും വാതകവും വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ 100 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്താൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അധികാരം നൽകുന്ന സുപ്രധാന ഉപരോധ ബിൽ യു.എസ് പ്രതിനിധിസഭ പാസാക്കി. വ്യാഴാഴ്ച നടന്ന വോട്ടെടുപ്പിൽ 159നെതിരെ 262 വോട്ടുകൾക്കാണ് റിപ്പബ്ലിക്കൻ നേതൃത്വത്തിലുള്ള പ്രതിനിധിസഭ ബിൽ പാസാക്കിയത്.
കഴിഞ്ഞ മാസം സെനറ്റ് 11നെതിരെ 86 വോട്ടുകൾക്ക് ഈ നിയമനിർമാണം പാസാക്കിയിരുന്നതിനാൽ പ്രസിഡന്റ് ട്രംപ് മേലൊപ്പ് ചാർത്തുന്നതോടെ നടപ്പാകും. യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയുടെ ഊർജ-പ്രതിരോധ മേഖലകൾക്ക് മേൽ സാമ്പത്തിക സമ്മർദം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ബിൽ.
റഷ്യയിൽനിന്ന് എണ്ണയും പ്രകൃതിവാതകവും വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ 100 ശതമാനം വരെ തീരുവ ചുമത്താൻ പ്രസിഡന്റിന് ഇതിലൂടെ അധികാരം ലഭിക്കും. ഇന്ത്യയും ചൈനയുമാണ് റഷ്യൻ ക്രൂഡ് ഓയിലിന്റെ ഏറ്റവും വലിയ ഉപഭോക്താക്കൾ. റഷ്യയിൽ നിന്നുള്ള ഊർജ ഇറക്കുമതി തുടരുന്ന പക്ഷം യു.എസിൽ ഇറക്കുമതി ചെയ്യുന്ന ഇന്ത്യൻ ഉൽപന്നങ്ങൾക്ക് മേൽ 100 ശതമാനം വരെ താരിഫ് ചുമത്താൻ വാഷിങ്ടണിന് ഈ നിയമം പുതിയ വഴിതുറക്കുന്നു. റഷ്യൻ പ്രകൃതിവാതക കയറ്റുമതിയുടെ 15 ശതമാനത്തിൽ താഴെ മാത്രം ഇറക്കുമതി ചെയ്യുകയോ, റഷ്യയിൽ നിന്നുള്ള ഇറക്കുമതി കുറക്കുകയോ ചെയ്യുന്ന രാജ്യങ്ങൾക്ക് ഇളവ് നൽകാനും ബില്ലിൽ വ്യവസ്ഥയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.