ബംഗളൂരു സ്ഫോടന കേസ് തീർപ്പാക്കാൻ ഒരു കൊല്ലംകൂടി നൽകി സുപ്രീംകോടതി
ന്യൂഡൽഹി: പി.ഡി.പി നേതാവ് അബ്ദുന്നാസിർ മഅ്ദനി പ്രതിയായ ബംഗളൂരു സ്‌ഫോടനക്കേസ് തീർപ്പാക്കുന്നത് ഒരു വർഷത്തേക്കുകൂടി നീട്ടി സുപ്രീംകോടതി. എൻ.ഐ.എ കേസുകളുടെ വിചാരണക്കായുള്ള ബംഗളൂരു അഡീഷനൽ സിറ്റി സിവില്‍ ആൻഡ് സെഷൻസ് ജഡ്ജി സമയം രണ്ടുവർഷത്തേക്ക് നീട്ടിനൽകാൻ ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷ ഒരു വർഷത്തേക്ക് ആക്കി ഭാഗികമായി അംഗീകരിച്ചാണ് ജസ്റ്റിസ് സുന്ദരേശ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.
16 വർഷമായി ബംഗളൂരു എൻ.ഐ.എ പ്രത്യേക കോടതിയിൽ നടന്നുവന്ന വിചാരണയുടെ പ്രധാന നടപടിക്രമങ്ങളായ സാക്ഷി വിസ്താരവും അവസാന വാദവും കഴിഞ്ഞ ജനുവരിയിൽ പൂർത്തിയായതായിരുന്നു. എന്നാൽ, സിറ്റി സിവിൽ പ്രത്യേക ജഡ്ജി കമ്പരാജു വിധി പറയാനിരിക്കെ പ്രസ്തുത കോടതിയിൽനിന്ന് കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റി.പുതുതായി കേസ് മാറ്റിയതിനെ തുടർന്ന് വിചാരണ ചുമതലയുള്ള ജഡ്ജി ജൂലൈ 20ന് അയച്ച കത്ത് പരിശോധിച്ചുവെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മുമ്പ് രണ്ടുതവണ സമയം നീട്ടി നൽകിയിരുന്നിട്ടും പുതിയ കാരണം ചൂണ്ടിക്കാട്ടി വീണ്ടും സമയം നീട്ടിനൽകാനുള്ളതാണ് ഈ അപേക്ഷ.
മാത്രമല്ല, പ്രതി താജുദ്ദീൻ ജാമ്യത്തിനായി സമർപ്പിച്ച അപേക്ഷ സുപ്രീംകോടതി തള്ളി. ഈ കാര്യങ്ങൾ കണക്കിലെടുത്ത്, വിചാരണ പൂർത്തിയാക്കുന്നതിനുള്ള സമയം ഒരു വർഷത്തേക്കുകൂടി നീട്ടിനൽകുന്നെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് സുന്ദരേഷ് ഒരു കാരണവശാലും ഇനി കൂടുതൽ സമയം അനുവദിക്കില്ലെന്ന് കൂട്ടിച്ചേർത്തു. പുതിയ ജാമ്യാപേക്ഷ നൽകാൻ താജുദ്ദീന് സ്വാതന്ത്ര്യമുണ്ടായിരിക്കുമെന്നും അങ്ങനെ അപേക്ഷ സമർപ്പിക്കുമ്പോൾ, മുൻ ഉത്തരവുകൾ സ്വാധീനിക്കാതെ പുതിയ അപേക്ഷയുടെ യോഗ്യത മാത്രം നോക്കി അതിൽ തീരുമാനമെടുക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
സ്ഫോടന കേസിലെ പതിനേഴാം പ്രതി താജുദ്ദീൻ സുപ്രീംകോടതിയിൽ ഫയൽ ചെയ്ത ജാമ്യ ഹരജി തള്ളി 2025 നവംബറിൽ കേസ് നാല് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്ന് നിർദേശിച്ചിരുന്നു. തുടർന്ന് 2026 മാർച്ചിൽ വീണ്ടും നാല് മാസം കൂടി സമയം നൽകി. അതിനിടയിലാണ് കേസ് നടപടിക്രമങ്ങൾ മറ്റൊരു കോടതിയിലേക്ക് മാറ്റി ബാംഗ്ലൂർ ഹൈകോടതിയുടെ ഉത്തരവ് വന്നത്. അതിനെതിരെ താജുദ്ദീനും മഅ്ദനിയും വിചാരണ വേഗത്തിൽ ആക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ വെവ്വേറെ ഹരജികൾ സമർപ്പിച്ചിരുന്നു. അവ പരിഗണിക്കാനിരിക്കെയാണ് വിചാരണ പൂർത്തിയാക്കാൻ രണ്ടുവർഷം കൂടി സമയം ആവശ്യപ്പെട്ട് പുതിയ ജഡ്ജി സുപ്രീംകോടതിക്ക് കത്തെഴുതുന്നത്. പ്രസ്തുത കത്തിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.