ഡൽഹിയിൽ 16കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കുത്തി കൊലപ്പെടുത്തി; മൂന്ന് കൗമാരക്കാർ ഉൾപ്പെടെ നാല് പേർ പിടിയിൽ
ന്യൂഡൽഹി: ഡൽഹിയിലെ സ്വരൂപ് നഗറിലെ വയലിൽ നിന്ന് കണ്ടെത്തിയ 16 വയസ്സുകാരിയുടെ കൊലപാതകത്തിന് പിന്നിൽ കൂട്ടബലാത്സംഗമാണെന്ന് പൊലീസ്. സംഭവത്തിൽ 19 വയസ്സുകാരനെയും പ്രായപൂർത്തിയാകാത്ത മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തതായി പൊലീസ് വ്യാഴാഴ്ച അറിയിച്ചു.
സെപ്റ്റംബർ 13-നാണ് കുശക് റോഡിന് സമീപത്തെ വയലിൽ നിന്നും ഇലകളും മണ്ണും കൊണ്ട് മറച്ച നിലയിൽ ഒരു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ ആറ് മുതൽ എട്ട് വരെ കുത്തേറ്റ പാടുകളുണ്ടായിരുന്നുവെന്നും പൊലീസ് അറിയിച്ചു. പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച വിവരങ്ങൾ പ്രകാരം, സെപ്റ്റംബർ 10-ന് വൈകുന്നേരം പരിചയക്കാരനും പ്രതികളിലൊരാളുമായ 17കാരനെ കാണാൻ പോയതാണ് പെൺകുട്ടി.
ഇയാൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിനു പിന്നാലെ, സംഭവം പുറത്തുപറയുമെന്ന് പെൺകുട്ടി ഭീഷണിപ്പെടുത്തി. ഇതോടെ ഇയാൾ സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയും തുടർന്ന് നാലുപേരും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തതായി പൊലീസ് പറയുന്നു.ശേഷം പെൺകുട്ടിയെ സമീപത്തെ വയലിലേക്ക് കൊണ്ടുപോയി കുത്തിക്കൊലപ്പെടുത്തുകയും തുടർന്ന് മൃതദേഹം ഇലകളും മണ്ണും ഉപയോഗിച്ച് മറച്ചുവെച്ച് ഒരു ടെംപോയിൽ രക്ഷപ്പെടുകയായിരുന്നെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. കുടുംബത്തെ സഹായിക്കാൻ ജോലി അന്വേഷിച്ചിരുന്ന പെൺകുട്ടി പഠനം നിർത്തിയിരുന്നതായും പൊലീസ് പറഞ്ഞു.
സംഭവത്തെ തുടർന്ന് കൊലപാതകം, ബലാത്സംഗം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം നടത്തിയ സംഘം പ്രദേശത്തെ 50-ലധികം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംഭവസമയത്ത് വയലിന് സമീപം സഞ്ചരിച്ചിരുന്ന ഒരു ടെംപോ ശ്രദ്ധയിൽപ്പെട്ടത്. വിവിധ ക്യാമറകളിലെ ദൃശ്യങ്ങൾ കൂട്ടിച്ചേർത്ത് വാഹനത്തെ തിരിച്ചറിഞ്ഞ പൊലീസ്, നീണ്ട തെരച്ചിലിനൊടുവിൽ ഒളിവിൽ പോയ പ്രതികളെ കണ്ടെത്തുകയായിരുന്നു.
പ്രതികളിൽ നിന്ന് കുറ്റകൃത്യം നടത്താൻ ഉപയോഗിച്ചതായി കരുതുന്ന രണ്ട് കത്തികളും വസ്ത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഫോറൻസിക് പരിശോധനകളും സാങ്കേതിക തെളിവുകളും ഉൾപ്പെടെ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഔട്ടർ നോർത്ത് ജില്ലയിലെ ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ശോഭിത് സക്സേന അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.