ന്യൂഡൽഹി: കശ്മീരിൽ മനുഷ്യാവകാശനം നടക്കുന്നുണ്ടെന്ന യു.എൻ റിപ്പോർട്ട് വ്യാജവും തെറ്റിദ്ധാരണാജനകവുമാണെന്ന് ഇന്ത്യ. പാക് അധീന കശ്മീരിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന റിപ്പോർട്ടിൽ ഇന്ത്യക്കും പാകിസ്താനുമെതിരെ കടുത്ത വിമർശനങ്ങളാണ് ഐക്യരാഷ്ട്ര സഭ ഉന്നയിച്ചിരിക്കുന്നത്. കശ്മീരിലെ ജനങ്ങളുടെ സ്വയം നിർണായവകാശം അംഗീകരിച്ചുകൊടുക്കണമെന്ന് ഇന്ത്യയോട് യു.എൻ ആവശ്യപ്പെട്ടിട്ടുണ്ട്.
2016 ജൂലായ് 16ന് ശേഷം നടന്ന എല്ലാ സിവിലിയൻ കൊലകളും ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പെല്ലറ്റ് തോക്ക് ഉപയോഗിക്കുന്നതുൾപ്പടെ സുരക്ഷാ സൈനികർ സാധാരണ ജനങ്ങളുടെ മേൽ പ്രയോഗിക്കുന്ന അമിതമായ ബലപ്രയോഗങ്ങളും പരിശോധനയിൽ ഉൾപ്പെടുത്തിയിരുന്നുവെന്ന് യു.എൻ മനുഷ്യാവകാശ സമിതി ചീഫ് സെയ്ദ് റാദ് അൽ ഹുസൈൻ വ്യക്തമാക്കി. കശ്മീരിനെക്കുറിച്ച് ഇത്തരത്തിൽ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിക്കപ്പെടുന്നത് ആദ്യമായാണ്.
കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അന്താരാഷ്ട്ര തലത്തിൽ തന്നെ ഒരു കമീഷനെ നിയോഗിക്കാനായി ഹ്യൂമൻ റൈറ്റ്സ് കൗൺസിലിൽ താൻ ആവശ്യപ്പെടുമെന്നും അൽ ഹുസൈൻ അറിയിച്ചു. സിറിയയിലെ സംഘർഷങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ഉന്നത സമിതിയുടേതിന് സമാനമായിരിക്കും ഇത്.
നിയന്ത്രണ രേഖയിൽ ദിവസങ്ങളോളം നിലനിൽക്കുന്ന സംഘർഷത്തിനും പാകിസ്താന്‍റെ വെടിനിർത്തൽ കരാർ ലംഘനത്തിനും ഇടെയാണ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.