പാക് വിദേശകാര്യമന്ത്രി ഇഷാഖ് ദര്‍
ഇസ്ലാമാബാദ്: പാക്കിസ്താനുമായി ചർച്ചയിൽ മൂന്നാംകക്ഷിയുടെ മധ്യസ്ഥത തേടാൻ ഇന്ത്യ തയ്യാറായിരുന്നില്ലെന്ന് പാക് വിദേശകാര്യമന്ത്രി ഇഷാഖ് ദര്‍. മെയിലാണ് വെടിനിര്‍ത്തല്‍ ചര്‍ച്ചക്കുള്ള വാഗ്ദാനം അമേരിക്ക മുന്നോട്ടുവെച്ചത്. ഇരുകൂട്ടരും അംഗീകരിക്കുന്ന സ്ഥലത്ത് ചര്‍ച്ചകള്‍ നടത്താമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ ജൂലൈയില്‍ നടന്ന ചര്‍ച്ചയില്‍, മൂന്നാമതൊരു പങ്കാളിയെ ആവശ്യമില്ലെന്ന് ഇന്ത്യ നിലപാട് വ്യക്തമാക്കിയതായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ അറിയിച്ചുവെന്ന് ഇഷാഖ് ദര്‍ പറഞ്ഞു.
പാകിസ്താനുമായുള്ള പ്രശ്‌നം പൂര്‍ണമായും ഉഭയകക്ഷി വിഷയമാണെന്ന് ഇന്ത്യ ആവര്‍ത്തിച്ചു. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഇരുരാജ്യങ്ങൾക്കുമിടയിൽ ഇടപെട്ടുവെന്ന യു.എസ് പ്രസിഡന്റ് ടൊണാള്‍ഡ് ട്രംപിന്റെ അവകാശവാദത്തെ നിരാകരിക്കുന്നതാണ് പാക് വിദേശകാര്യമന്ത്രിയുടെ വെളിപ്പെടുത്തല്‍. പ്രശ്‌നപരിഹാരത്തിനായി ചര്‍ച്ച നടത്താന്‍ ഇടപെടാന്‍ അമേരിക്കയോടോ മറ്റേതെങ്കിലും രാജ്യത്തോടോ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഇഷാഖ് ദര്‍ അടുത്തിടെയും വ്യക്തമാക്കിയിരുന്നു.
മെയ് പത്തിന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വെടിനിര്‍ത്തലിന് തൊട്ടുപിന്നാലെ തന്റെ ഇടപെടല്‍ വിജയം കണ്ടെന്ന് അവകാശപ്പെട്ട് ട്രംപ് സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയിരുന്നു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഒരു ‘ആണവയുദ്ധം’ താന്‍ വ്യക്തിപരമായി തടഞ്ഞുവെന്ന് നിരവധി തവണ പലവേദികളിലായി ട്രംപ് ആവര്‍ത്തിച്ചിട്ടുണ്ട്. ഇത് തന്റെ രാഷ്ട്രതന്ത്രജ്ഞതയുടെ തെളിവാണെന്ന് യൂറോപ്യന്‍ നേതാക്കളുമായും നാറ്റോ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചകളിലും അദ്ദേഹം അവകാശപ്പെട്ടിരുന്നു. ഇതിനെയെല്ലാം തള്ളിക്കൊണ്ടാണ് പാക് വിദേശകാര്യമന്ത്രിയുടെ തുറന്നുപറച്ചില്‍.
പഹല്‍ഗാം ഭീകരാക്രമണത്തെ ചൊല്ലി ഉടലെടുത്ത രൂക്ഷമായ സംഘര്‍ഷം പരിഹരിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നായിരുന്നു ട്രംപിന്‍റെ പ്രതികരണം. ‘ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന്‍ അപകടത്തിലാണെന്ന് തിരിച്ചറിഞ്ഞ്, നിലവിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെയും പാകിസ്താന്‍റെയും കരുത്തരായ നേതാക്കള്‍ എടുത്ത തീരുമാനത്തിലും പരസ്പരധാരണയിലും അഭിമാനമുണ്ട്. നിരപരധികള്‍ നിരവധി കൊല്ലപ്പെട്ടേനെ. ചരിത്രപരവും ധീരവുമായ ഈ തീരുമാനത്തിലേക്ക് എത്തിച്ചേരാന്‍ ഇരുരാജ്യങ്ങളെയും സഹായിക്കാനായതില്‍ അമേരിക്കയ്ക്ക് അഭിമാനവും സന്തോഷവുമുണ്ട്. ഇരു രാജ്യങ്ങളുമായുള്ള വ്യാപാരബന്ധങ്ങള്‍ വര്‍ധിപ്പിക്കാനും യു.എസ് ആഗ്രഹിക്കുന്നു. ചിരകാലപ്പഴക്കമുള്ള കശ്മീര്‍ പ്രശ്നത്തില്‍ പരിഹാരമുണ്ടാക്കാനും വേണമെങ്കില്‍ ഇടപെടാം’ എന്നായിരുന്നു ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്. എന്നാൽ അവകാശവാദങ്ങളെ ഇന്ത്യ നേരത്തെ തള്ളിക്കളഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.