പുതിയ പാർലമെന്റിലെ ചുവർ ചിത്രം അഖണ്ഡ ഭാരതമെന്ന് കേന്ദ്രസർക്കാർ; വെറുതെ പ്രശ്നമുണ്ടാക്കേണ്ടെന്ന് നേപ്പാൾ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പുതിയ പാർലമെന്റ് മന്ദിരത്തിലെ ചുവർചിത്രത്തെ ചൊല്ലി വിവാദം പുകയുന്നു. ചുവർ ചിത്രം അഖണ്ഡ ഭാരതത്തിന്റെയും അവിഭക്ത ഇന്ത്യയുടെയും ഭൂപടമായാണ് വ്യാഖ്യാനിക്കപ്പെട്ടത്. ചുവർ ചിത്രത്തിനെതിരെ നേപ്പാളിൽ വലിയ പ്രതിഷേധമാണ് നടക്കുന്നത്. കാരണം ഗൗതമ ബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനി, കപില വസ്തു തുടങ്ങിയ പ്രദേശങ്ങൾ ചുവർ ചിത്രത്തിലുണ്ട്. ഒരുകാലത്ത് ബ്രിട്ടീഷ് ഇന്ത്യയുടെയോ പുരാതന ഇന്ത്യയുടെയോ ഭാഗമായിരുന്ന പ്രദേശങ്ങളുടെ 'പുനരേകീകരണം' എന്ന രാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്നതിനാലാണ് ചുവർചിത്രത്തിനെതിരെ മറ്റ് രാജ്യങ്ങളിൽ നിന്ന് പ്രതിഷേധം ഉയരുന്നത്. ഏറ്റവും കൂടുതൽ ഹിന്ദുമതക്കാരുള്ള നേപ്പാളിൽ നിന്നാണ് പ്രതിഷേധം.

2019 നവംബറില്‍ കാലാപാനി പ്രദേശം ഉത്തരാഖണ്ഡിന്റെ ഭാഗമായി കാണിച്ച് ഇന്ത്യ രാഷ്ട്രീയ ഭൂപടം പ്രസിദ്ധീകരിച്ചിരുന്നു. നേപ്പാള്‍ കാലാപാനിയില്‍ തങ്ങളുടെ ആധിപത്യം അടിവരയിടുന്ന ഭൂപടം പുറത്തിറക്കിയാണ് നേപ്പാൾ ഇതിന് മറുപടി നൽകിയത്.

മുന്‍ പ്രധാനമന്ത്രിയും നേപ്പാള്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നേതാവുമായ ബാബുറാം ഭട്ടാറായി ആണ് ചുവര്‍ചിത്രത്തെ ആദ്യം വിമർശിച്ചത്. വിവാദപരമായ ചിത്രം അയൽ രാജ്യങ്ങൾക്ക് ഇന്ത്യയോടുള്ള വിശ്വാസം ഇല്ലാതാക്കാൻ പോന്നതാണെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

''അടുത്തിടെ ഉദ്ഘാടനം ചെയ്ത ഇന്ത്യയുടെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ 'അഖണ്ഡ് ഭാരത്' എന്ന വിവാദ ചുമർ ചിത്രം നേപ്പാള്‍ ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളില്‍ അനാവശ്യവും ദോഷകരവുമായ നയതന്ത്ര തര്‍ക്കത്തിന് കാരണമായേക്കാം. ഇന്ത്യയുടെ ഏറ്റവും അടുത്ത അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ തന്നെ നശിപ്പിക്കാനും കൂടുതല്‍ വഷളാക്കാനുള്ള സാധ്യത ഇതിന് ഉണ്ട്. ഈ ചുവര്‍ചിത്രത്തിന്റെ യഥാർഥ ലക്ഷ്യത്തെ കുറിച്ചും അനന്തരഫലത്തെ കുറിച്ചും ഇന്ത്യ വിശദീകരിക്കണം'' -എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മെന്‍ഷന്‍ ചെയ്തുകൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്തത്.

മൗര്യ രാജവംശത്തിലെ മൂന്നാമത്തെ ചക്രവർത്തിയായ അശോകന്റെ സാമ്രാജ്യം അതിന്റെ ഉച്ചസ്ഥായിയിൽ നിൽക്കുന്നതായി ചുവർചിത്രം കാണിക്കുന്നു. അശോക ചക്രവർത്തിയുടെ സാമ്രാജ്യം പടിഞ്ഞാറ് അഫ്ഗാനിസ്താൻ മുതൽ കിഴക്ക് ബംഗ്ലാദേശ് വരെ വ്യാപിച്ചു. കേരളവും തമിഴ്‌നാടും ഒഴികെയുള്ള ഇന്ത്യൻ ഉപഭൂഖണ്ഡവും ആധുനിക ശ്രീലങ്കയും ഇത് പ്രതിനിധാനം ചെയ്യുന്നു.

ട്വിറ്ററില്‍ ചിത്രവുമായി ബന്ധപ്പെട്ട് വലിയ ചർച്ചയാണ് നടക്കുന്നത്. പാര്‍ലമെന്ററി കാര്യമന്ത്രി പ്രൾഹാദ് ജോഷിയാണ് ചുമര്‍ചിത്രത്തെ 'അഖണ്ഡ് ഭാരത്' എന്ന് ആദ്യം വിശേഷിപ്പിച്ചത്. നേപ്പാള്‍ പ്രധാനമന്ത്രി പ്രചണ്ഡയുടെ ഇന്ത്യ സന്ദര്‍ശനത്തിന് പിന്നാലെയാണ് നേപ്പാള്‍ മാധ്യമങ്ങളില്‍ വിഷയം ചര്‍ച്ചയായത്.

Tags:    
News Summary - India on row over mural in new Parliament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.