ചെന്നൈ: തമിഴ്നാട്ടിലെ നാഗർകോവിലിൽ ഗുഡ്ക വിൽപനക്കേസിൽ റിമാൻഡിലായിരുന്ന ഭിന്നശേഷിക്കാരൻ ജയിലിൽ മരിച്ച നിലയിൽ. ശബരിവർമൻ എന്ന യുവാവാണ് മരിച്ചത്. കസ്റ്റഡി മർദനത്തെ തുടർന്നാണ് ശബരിവർമൻ മരിച്ചതെന്ന് കുടുംബം ആരോപിച്ചതോടെ പ്രതിഷേധം ശക്തമായി.
ഗുഡ്കയും പാൻ മസാലയും അനധികൃതമായി വിറ്റുവെന്ന കേസിൽ ശബരിവർമനെ ജൂലൈ ഒമ്പതിനാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സമാന കുറ്റം ചുമത്തി ഇതിന് മുമ്പും ഇയാൾക്കെതിരെ രണ്ടുതവണ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. നാഗർകോവിൽ കോടതി ഇയാളെ റിമാൻഡ് ചെയ്തതിനെ തുടർന്ന് ജയിലിലേക്ക് മാറ്റുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെയാണ് ജയിലിനുള്ളിൽ ശബരിവർമനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ശബരിവർമൻ ആരോഗ്യവാനായിരുന്നുവെന്നും അറസ്റ്റിന് ശേഷം ശരീരമാസകലം മർദനമേറ്റ പാടുകളോടെയാണ് മൃതദേഹം ലഭിച്ചതെന്നും കുടുംബം ആരോപിച്ചു. മൃതദേഹത്തിൽ പുറമേ കാണാവുന്ന നിരവധി പരിക്കുകളുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികളും പറഞ്ഞു. എന്നാൽ മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ സ്ഥിരീകരിക്കാനാകൂവെന്ന് പൊലീസ് വിശദീകരിച്ചു.
സംഭവത്തെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും റോഡ് ഉപരോധിച്ചു. കസ്റ്റഡി മർദനത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
സംഭവം വിവാദമായതോടെ പ്രതിപക്ഷമായ ഡി.എം.കെ വിജയ് നയിക്കുന്ന ടി.വി.കെ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. കസ്റ്റഡി മർദനമാണെന്ന് തെളിഞ്ഞാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി വിജയ് മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ ആവശ്യപ്പെട്ടു. സാധാരണക്കാർക്കും ഭരണകക്ഷിയുമായി ബന്ധപ്പെട്ടവർക്കും നിയമം വ്യത്യസ്തമായി നടപ്പാക്കുന്നുവെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു.
‘അറസ്റ്റ് ചെയ്യുമ്പോൾ നല്ല ആരോഗ്യവാനായിരുന്ന ശബരിവർമൻ ജയിലിലേക്ക് അയച്ചപ്പോൾ അനാരോഗ്യം മൂലം മരിച്ചുവെന്ന് പൊലീസ് പറയുന്നു. എന്നാൽ, ശബരിവർമന്റെ ദേഹമാസകലം പരിക്കുകളുണ്ടായിരുന്നുവെന്നും അദ്ദേഹം ഭിന്നശേഷിക്കാരനാണെന്ന് പരിഗണിക്കാതെ പൊലീസ് അദ്ദേഹത്തെ മർദിച്ചു കൊലപ്പെടുത്തിയെന്നും ആരോപിച്ച് ശബരിവർമന്റെ കുടുംബം പ്രതിഷേധിക്കുന്നു. പൊലീസിനെ നിയന്ത്രിക്കുന്ന മുഖ്യമന്ത്രി ഇതിന് ഉചിതമായ മറുപടി നൽകണം’ - ഉദയനിധി എക്‌സിൽ കുറിച്ചു. കൂടാതെ ഗുഡ്കയുമായി ബന്ധപ്പെട്ട കേസിൽ ഒരു ടി.വി.കെ പ്രവർത്തകൻ അടുത്തിടെ അറസ്റ്റിലായെങ്കിലും അതേ ദിവസം തന്നെ ജാമ്യം ലഭിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംഭവത്തിൽ ജയിലിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. മരണത്തിന് പിന്നിലെ യഥാർഥ കാരണം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർനടപടികൾ സ്വീകരിക്കുകയെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.