എണ്ണക്കപ്പൽ

പശ്ചിമേഷ്യൻ സംഘർഷം; ഇതുവരെ കൊല്ലപ്പെട്ടത് 13 ഇന്ത്യക്കാർ, മൂന്ന് പേരെ കാണാതായെന്നും കേന്ദ്രം

ന്യൂഡൽഹി: യു.എസ് -ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിലുണ്ടായ വിവിധ ആക്രമണങ്ങളിൽ 13 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി കേന്ദ്രസർക്കാർ. ഫെബ്രുവരി 28 മുതൽ തുടരുന്ന യുദ്ധത്തിൽ മൂന്ന് പേരെ കാണാതായെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഏറ്റവും ഒടുവിലായി യു.എ.ഇയുടെ രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെടുകയും 10 ഇന്ത്യക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

യു.എസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിന് തിരിച്ചടിയായി ഗൾഫ് മേഖലയിലെ യു.എസ് സൈനിക ​താവളങ്ങളിലേക്കും ഹുർമുസ് കടലിടുക്കിലും ഇറാന്റെ ആക്രമണങ്ങളിലാണ് ഇന്ത്യക്കാരുടെ ജീവൻ നഷ്ടമായത്. പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അന്താരാഷ്ട്ര ജലപാതകളിലെ സുരക്ഷയും സ്വതന്ത്ര കപ്പൽ ഗതാഗതവും ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും മേഖലയിൽ ഉടൻ സംഘർഷം അവസാനിപ്പിച്ച് നയതന്ത്രപരമായ പരിഹാരത്തിലേക്ക് നീങ്ങണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

ഹുർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന രണ്ട് യു.എ.ഇ എണ്ണക്കപ്പലുകൾക്ക് നേരെയുണ്ടായ ഇറാന്റെ മിസൈൽ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെടുകയും 10 ഇന്ത്യൻ പൗരന്മാർക്ക് പരിക്കേൽക്കുകയും ചെയ്തതായി  വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. അഡ്നോക് കപ്പലു​കളായ എം.ടി അൽ ബഹിയ, എം.ടി മൊംബാസ എന്നിവയാണ് ഹുർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുമ്പോൾ ആക്രമണത്തിനിരയായത്. രണ്ട് കപ്പലുകളിലുമായി ആകെ 46 ജീവനക്കാരുണ്ടായിരുന്നതിൽ 30 പേർ ഇന്ത്യക്കാരായിരുന്നു. അൽ ബഹിയയിൽ ഉണ്ടായിരുന്ന 12 ഇന്ത്യക്കാരിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. മൊംബാസയിലെ 18 ഇന്ത്യക്കാരിൽ ഒമ്പത് പേർക്ക് പരിക്കേറ്റതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ആക്രമണത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ന്യൂഡൽഹിയിലെ ഇറാൻ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനെ വിളിച്ചുവരുത്തി ഔദ്യോഗിക പ്രതിഷേധം അറിയിക്കുകയും ചെയ്തു.

വാണിജ്യ കപ്പലുകൾക്കും നാവികർക്കുമെതിരായ ആക്രമണം അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. കൊല്ലപ്പെട്ട ഇന്ത്യൻ നാവികന്റെ കുടുംബത്തെ കേന്ദ്രസർക്കാർ അനുശോചനം അറിയിക്കുകയും ചെയ്തു. പരിക്കേറ്റവർക്കാവശ്യമായ എല്ലാ സഹായവും ഉറപ്പാക്കുമെന്നും അറിയിച്ചു.

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പൽ ഗതാഗത പാതകളിലൊന്നാണ് ഹുർമുസ് കടലിടുക്ക്. ആഗോള എണ്ണവിതരണത്തിന്റെ വലിയൊരു പങ്ക് ഈ കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്. വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടർന്നാൽ അന്താരാഷ്ട്ര വ്യാപാരത്തെയും ഊർജവിപണിയെയും ഗുരുതരമായി ബാധിക്കും. 

Tags:    
News Summary - 13 indians killed 3 missing since february 28 amid us iran war

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.