ദത്താത്രേയ ഹൊസബലെ
സമൽഖ (ഹരിയാന): ഇന്ത്യ ഇപ്പോൾതന്നെ ഹിന്ദുരാഷ്ട്രമാണെന്നും ഹിന്ദുരാഷ്ട്രമെന്നത് ഒരു സാംസ്കാരിക സങ്കൽപമാണെന്നും അതുകൊണ്ടുതന്നെ ഭരണഘടനപ്രകാരം സ്ഥാപിക്കേണ്ട ഒന്നല്ല അതെന്നും ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ. ദേശവും രാഷ്ട്രവും രണ്ടാണെന്നു വിശദീകരിച്ച ഹൊസബലെ, ദേശമെന്നത് സാംസ്കാരിക സങ്കൽപമാണെന്നും രാഷ്ട്രമെന്നത് ഭരണഘടനപ്രകാരം സ്ഥാപിച്ച ഒന്നാണെന്നും പറഞ്ഞു. ഹരിയാനയിലെ സമൽഖയിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ആർ.എസ്.എസ് നേതാവ്.
‘‘ഹിന്ദുരാഷ്ട്രത്തെക്കുറിച്ചാണെങ്കിൽ, അത് സിദ്ധാന്തപരമല്ലെന്നും സാംസ്കാരിക സങ്കൽപമാണെന്നും നൂറു വർഷമായി ഞങ്ങൾ പറഞ്ഞുകൊണ്ടിരിക്കുകയാണ്. രാഷ്ട്രം (സ്റ്റേറ്റ്), ദേശം (നേഷൻ) എന്നിവ രണ്ടു സങ്കൽപങ്ങളാണ്. ഭരണഘടനയിലൂടെ സ്ഥാപിക്കപ്പെടുന്നതാണ് രാഷ്ട്രം. ദേശമെന്നത് സാംസ്കാരിക സങ്കൽപവുമാണ്. ഭാരതത്തെ ഹിന്ദുരാഷ്ട്രമാക്കി മാറ്റേണ്ടതില്ല. കാരണം, അത് നിലവിൽ തന്നെ ഹിന്ദുരാഷ്ട്രമാണ്’’ -ഹൊസബലെ വിശദീകരിച്ചു.
സുപ്രീംകോടതിയുടെ പരിഗണനയിലുള്ള സ്വവർഗവിവാഹ വിഷയത്തിൽ സംഘ്പരിവാർ കേന്ദ്ര സർക്കാറിനൊപ്പമാണെന്നും രണ്ടു ലിംഗങ്ങളിൽപെട്ടവർ തമ്മിൽ മാത്രമേ വിവാഹം നടക്കാവൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.