ജർമനിയുടെ കുടിയേറ്റ നയത്തിൽ ഇന്ത്യക്ക് മുൻഗണന; ഇന്ത്യൻ തൊഴിലാളികൾക്ക് ജർമൻ ശരാശരിയേക്കാൾ ഉയർന്ന വരുമാനമെന്ന് ഫ്ലോറിയൻ ലോഡി

ന്യൂഡൽഹി: ജർമനിയുടെ രാജ്യാന്തര കുടിയേറ്റ നയത്തിൽ ഏറ്റവും മുൻഗണനയുള്ള രാജ്യം ഇന്ത്യയെന്ന് ജർമൻ മൾട്ടിലാറ്ററൽ അഫയേഴ്സ് കമീഷണർ ഫ്ലോറിയൻ ലോഡി. വിദഗ്ദ തൊഴിലാളികളുടെ ഏറ്റവും പ്രധാനപ്പെട്ട സ്രോതസ്സുകളിൽ ഒന്നായാണ് ജർമനി ഇന്ത്യയെ കാണുന്നത്. വ്യാഴാഴ്ച ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ മിഷൻ സംഘടിപ്പിച്ച ‘കുടിയേറ്റ ഭരണത്തിൽ ഡിജിറ്റൽ നവീകരണത്തിന്റെ സ്വാധീനം’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുടിയേറ്റക്കാർക്ക് മികച്ച അവസരങ്ങൾ ലഭിക്കുന്നതിലും, ജർമനിയിലെ തൊഴിലാളി ക്ഷാമം പരിഹരിക്കപ്പെടുന്നതിലും, ഇന്ത്യയിലെ വലിയ തൊഴിൽ ശക്തിക്ക് വിദേശത്ത് അവസരങ്ങൾ ലഭിക്കുന്നതിലും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വിജയമാണെന്ന് ലോഡി പറഞ്ഞു. ജർമനിയിലെത്തുന്ന ഇന്ത്യൻ കുടിയേറ്റക്കാർ ശാസ്ത്ര-സാങ്കേതിക മേഖലകളിൽ ഉയർന്ന യോഗ്യതയുള്ളവരാണെന്നും അവരുടെ ശരാശരി വരുമാനം ജർമൻകാരുടെ ശരാശരി വരുമാനത്തേക്കാൾ കൂടുതലാണെന്നും ലോഡി ചൂണ്ടിക്കാട്ടി.

2025-ൽ മാത്രം 1,80,000 ഇന്ത്യക്കാർ ജർമനിയിലെ തൊഴിൽ മേഖലയിൽ സംഭാവന നൽകിയിട്ടുണ്ടെന്നും കഴിഞ്ഞ 10 വർഷത്തിനിടെ ഇതിൽ 656 ശതമാനം വർധനവുണ്ടായിട്ടുണ്ടെന്നും ലോഡി വ്യക്തമാക്കി. വിദഗ്ദ തൊഴിലാളികളുടെ കാര്യത്തിൽ ജർമനിയുടെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളിയാണ് ഇന്ത്യ.

2022-ൽ ഒപ്പിട്ട കുടിയേറ്റ-മൊബിലിറ്റി പങ്കാളിത്ത കരാർ വിദ്യാർഥികൾക്കും ഗവേഷകർക്കും ജർമനിയിലെത്താനുള്ള മാർഗം എളുപ്പമാക്കി. ഡിഗ്രി അംഗീകാരവും വിസ നടപടികളും വേഗത്തിലാക്കാനും ഡിജിറ്റലൈസ് ചെയ്യാനുമുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ ജർമൻ സർവകലാശാലകളിൽ പഠിക്കുന്ന അന്താരാഷ്ട്ര വിദ്യാർഥികളിൽ വലിയ വിഭാഗം ഇന്ത്യക്കാരാണ്. മൂന്ന് വർഷമായി 60,000-ത്തിലധികം ഇന്ത്യൻ വിദ്യാർഥികളാണ് അവിടെ പഠിക്കുന്നത്. ഇവരിൽ പകുതിയിലധികം പേർക്കും പഠനശേഷം ജർമനിയിൽ തന്നെ ജോലി ലഭിക്കുന്നുണ്ടെന്നും ലോഡി വ്യക്തമാക്കി.

Tags:    
News Summary - India is a priority in Germany's immigration policy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.