ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ വിതരണത്തിലെ തടസ്സം ഒരു മാസത്തേക്ക് ഇന്ത്യക്ക് സുഖമമായി നേരിടാൻ കഴിയുമെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. ആഗോളതലത്തിൽ എണ്ണവില ദീർഘകാലത്തേക്ക് ഉയർന്ന നിരക്കിൽ തുടരില്ലെന്നാണ് കരുതുന്നതെന്ന് മന്ത്രി വ്യക്തമാക്കി. നിലവിൽ ഇന്ത്യയുടെ പക്കൽ 76 മുതൽ 80 ദിവസത്തെ ഉപയോഗത്തിനാവശ്യമായ ഇന്ധന ശേഖരമുണ്ട്. രാജ്യത്തിന്റെ തന്ത്രപ്രധാനമായ പെട്രോളിയം കരുതൽ ശേഖരം, റിഫൈനറി ഇൻവെന്ററികൾ, വാണിജ്യ സ്റ്റോക്കുകൾ എന്നിവയുൾപ്പെടെയുള്ള ശക്തമായ സംവിധാനങ്ങളാണ് ഈ സുരക്ഷ ഉറപ്പാക്കുന്നത്. അതുകൊണ്ടുതന്നെ ഹ്രസ്വകാലത്തേക്കുള്ള ഏതൊരു വിതരണ തടസ്സത്തെയും പ്രതിരോധിക്കാൻ ഇന്ത്യക്ക് സാധിക്കും.
ഗൾഫ് മേഖലക്ക് പുറത്തുള്ള എണ്ണ ഉത്പാദക രാജ്യങ്ങളിൽ നിന്ന് വിതരണം ഉറപ്പാക്കാൻ സാധിക്കുമെന്നും, മൊസാംബിക്കിൽ നിന്നുള്ള അധിക ഗ്യാസ് വിതരണം ഇന്ത്യയുടെ ഊർജ്ജ സുരക്ഷക്ക് കൂടുതൽ കരുത്തുപകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര തലത്തിൽ നിർണ്ണായകമായ ഹോർമൂസ് കടലിടുക്ക് അടച്ചിടേണ്ടി വന്നാൽ പോലും ബദൽ സംവിധാനങ്ങളിലൂടെയും നിലവിലെ സ്റ്റോക്കിലൂടെയും ഇന്ത്യയ്ക്ക് ഏകദേശം 30 ദിവസത്തോളം പ്രതിസന്ധികളില്ലാതെ മുന്നോട്ടുപോകാം. ഇതിനായി യുഎഇ പോലുള്ള പ്രമുഖ പങ്കാളികളുമായി ചർച്ചകൾ നടത്തിക്കഴിഞ്ഞതായും അധിക എൽപിജി കാർഗോകൾ ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
അതേസമയം, ഹ്രസ്വകാല പ്രതിസന്ധികളെ മറികടക്കാൻ ഇന്ത്യ സജ്ജമാണെങ്കിലും, പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷങ്ങൾ ദീർഘകാലം നീണ്ടുനിന്നാൽ അത് ആഗോള എണ്ണ വിപണിയെ മൊത്തത്തിൽ ബാധിക്കുന്ന വലിയൊരു വെല്ലുവിളിയായി മാറുമെന്ന് മന്ത്രി സമ്മതിച്ചു. വെനസ്വേല പോലുള്ള രാജ്യങ്ങളിൽ ഇന്ത്യൻ കമ്പനികൾ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാൻ താല്പര്യപ്പെടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡ് മഹാമാരിക്ക് ശേഷം എണ്ണവില കുറഞ്ഞ സമയത്ത് ഇന്ത്യ കരുതൽ ശേഖരം പൂർണ്ണമായി സംഭരിച്ചില്ലെന്ന വിമർശനങ്ങൾ മന്ത്രി തള്ളി. ഇന്ധന സംഭരണം എന്നത് ഒരിടത്ത് മാത്രം കെട്ടിക്കിടക്കേണ്ട ഒന്നല്ലെന്നും, അത് വിപണിയിലെ ആവശ്യാനുസരണം നിരന്തരം ഉപയോഗിക്കുകയും പുതുക്കുകയും ചെയ്യുന്ന ഒന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ ഊർജ്ജ സുരക്ഷ കേവലം എണ്ണ സംഭരണത്തിൽ മാത്രം ഒതുങ്ങുന്നതല്ല, മറിച്ച് രാജ്യത്തെ 24 റിഫൈനറികളുടെ വിപുലമായ ശൃംഖലയും ശേഷിയും ഇതിൽ നിർണ്ണായക പങ്കുവഹിക്കുന്നുണ്ട്. 2014-ൽ 14 കോടിയായിരുന്ന എൽപിജി കണക്ഷനുകളുടെ എണ്ണം ഇപ്പോൾ 33 കോടിയിലധികമായി വർദ്ധിച്ചിട്ടുണ്ട്. ആഭ്യന്തരമായി എണ്ണ, വാതക ഉത്പാദനം വർദ്ധിപ്പിക്കുന്നതിനായി ആൻഡമാൻ ബേസിൻ ഉൾപ്പെടെയുള്ള മേഖലകളിൽ പര്യവേക്ഷണങ്ങൾക്കായി നിക്ഷേപം ഉയർത്തിയിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങൾ വഴി കൂടുതൽ ഖനന പ്രവർത്തനങ്ങൾ നടത്തി ആഗോള വിപണിയിലെ അപ്രതീക്ഷിത ആഘാതങ്ങളിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.