ഗ്രാൻഡ്മാസ്റ്റർ പ്രഗ്നാനന്ദക്കൊപ്പം ചെസ്സ് കളിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യും ഗ്രാൻഡ്മാസ്റ്റർ രമേശ്ബാബു പ്രഗ്നാനന്ദയും തമ്മിൽ ചെന്നൈയിലെ സംസ്ഥാന സെക്രട്ടേറിയറ്റിൽ വെച്ച് നടന്ന സൗഹൃദ ചെസ്സ് മത്സരം  ശ്രദ്ധേയമാകുന്നു. അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന്റെ പെരുമ ഉയർത്തിയ പ്രഗ്നാനന്ദയെ ആദരിക്കുന്നതിനായി തിങ്കളാഴ്ച സംഘടിപ്പിച്ച ഔദ്യോഗിക ചടങ്ങിനിടെയായിരുന്നു അപ്രതീക്ഷിതമായ ഈ മത്സരം നടന്നത്. പ്രഗ്നാനന്ദക്കൊപ്പം ചെസ്സ് കളിക്കുന്നതിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

വിജയ് തന്നെയാണ് ഒരു സൗഹൃദ മത്സരത്തിനുള്ള താല്പര്യം പ്രകടിപ്പിച്ചത്. മുഖ്യമന്ത്രിയുടെ അഭ്യർത്ഥനപ്രകാരം ഉദ്യോഗസ്ഥർ സെക്രട്ടേറിയറ്റിൽ ചെസ്സ് ബോർഡ് ക്രമീകരിച്ചു.ഏകദേശം 15 മിനിറ്റോളം നീണ്ടുനിന്ന കളിയിൽ ഇരുവരും ആവേശകരമായ നീക്കങ്ങളാണ് കാഴ്ചവെച്ചത്. ഒടുവിൽ മത്സരത്തിൽ പ്രഗ്നാനന്ദ വിജയിക്കുകയും  മുഖ്യമന്ത്രിയുടെ രാജാവിനെ ചെക്ക്മേറ്റ് ചെയ്യുകയും ചെയ്തു. തോൽവിയിലും പ്രഗ്നാനന്ദയുടെ തന്ത്രപരമായ അവസാന നീക്കത്തെ പുഞ്ചിരിയോടെ കൈയടിച്ചാണ് മുഖ്യമന്ത്രി അഭിനന്ദിച്ചത്.

മുഖ്യമന്ത്രി നന്നായി ചെസ്സ് കളിക്കുമെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നും അദ്ദേഹത്തിന്റെ കളി മികവ് തന്നെ അത്ഭുതപ്പെടുത്തിയെന്നും പ്രഗ്നാനന്ദ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. സ്പോർട്സ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് തമിഴ്‌നാടിന്റെ വകയായി 50 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസ് മുഖ്യമന്ത്രി വിജയ് പ്രഗ്നാനന്ദക്ക് സമ്മാനിച്ചു. സെക്രട്ടേറിയറ്റിൽ നടന്ന ചടങ്ങിൽ പ്രഗ്നാനന്ദയുടെ മാതാപിതാക്കളും സംസ്ഥാന കായിക വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. 

 ഓസ്ലോയിൽ നടന്ന പ്രശസ്തമായ നോർവേ ചെസ്സ് 2026 ടൂർണമെന്റിൽ കൈവരിച്ച സമാനതകളില്ലാത്ത നേട്ടത്തെ മുൻനിർത്തിയാണ് പ്രഗ്നാനന്ദയെ ആദരിച്ചത്. ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനെയും ലോക ചാമ്പ്യൻ ഡി. ഗുകേഷിനെയും പരാജയപ്പെടുത്തിയാണ് പ്രഗ്നാനന്ദ കിരീടം നേടിയത്.ഇതോടെ കിരീടം നേടുന്ന ആദ്യത്തെ ഇന്ത്യൻ താരമെന്ന റെക്കോർഡ് 20-കാരനായ പ്രഗ്നാനന്ദ സ്വന്തമാക്കി.ടൂർണമെന്റിൽ തുടർച്ചയായ നാല് മത്സരങ്ങൾ വിജയിച്ചുകൊണ്ടാണ് താരം കിരീടത്തിലേക്ക് കുതിച്ചത്.   

Tags:    
News Summary - Tamil Nadu CM Vijay plays chess with Grandmaster Praggnanandha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.