ന്യൂഡൽഹി: ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ ഭരണത്തിൽ 12 വർഷം വിജയകരമായി പൂർത്തിയാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ദരിദ്രരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ജനങ്ങൾക്ക് "ആത്മാഭിമാനവും അവസരങ്ങളും" ഉറപ്പാക്കുന്നതിനാണ് തന്റെ സർക്കാർ എപ്പോഴും മുൻഗണന നൽകിയതെന്നും മോദി പറഞ്ഞു. #12YearsOfGaribKalyan എന്ന ഹാഷ്‌ടാഗോടെ സാമൂഹിക മാധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് സർക്കാരിന്റെ ഭരണനേട്ടങ്ങളും വികസന കാഴ്ചപ്പാടുകളും പ്രധാനമന്ത്രി വ്യക്തമാക്കിയത്.
കഴിഞ്ഞ 12 വർഷത്തിനിടെ ഇന്ത്യ നിരവധി പരിവർത്തനങ്ങൾക്കാണ് സാക്ഷ്യം വഹിച്ചതെന്നും ഈ മാറ്റങ്ങളുടെയെല്ലാം കേന്ദ്രബിന്ദു പാവപ്പെട്ടവരുടെ ക്ഷേമമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പതിറ്റാണ്ടുകളായി വികസന പ്രക്രിയകളിൽ നിന്ന് പാർശ്വവൽക്കരിക്കപ്പെട്ടുപോയ ജനവിഭാഗങ്ങളെ മുൻനിരയിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു സർക്കാരിന്റെ നിരന്തരമായ ശ്രമം. ജൻ ധൻ അക്കൗണ്ടുകൾ ,നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം മുതൽ സ്വച്ഛ് ഭാരത് , പ്രധാനമന്ത്രി ആവാസ് യോജന , ജൽ ജീവൻ മിഷൻ , ആയുഷ്മാൻ ഭാരത് തുടങ്ങി എല്ലാ സംരംഭങ്ങളും ആളുകൾക്ക് അന്തസ്സും അവസരവും ഉറപ്പാക്കുക എന്ന ലളിതമായ ലക്ഷ്യത്താൽ നയിക്കപ്പെട്ടതായിരുന്നുവെന്നും മോദി കുറിക്കുന്നു.
കേവലം സർക്കാർ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്ന പ്രക്രിയ എന്നതിനപ്പുറം, 'ഗരീബ് കല്യാൺ' പദ്ധതികൾ ഇന്ന് മനുഷ്യ ശാക്തീകരണത്തിനായുള്ള ഒരു കൂട്ടായ ജനകീയ മുന്നേറ്റമായി മാറിയിരിക്കുകയാണെന്നും വികസിത ഭാരതം എന്ന സ്വപ്നത്തിലേക്കുള്ള അടിത്തറയാണിതെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യയും സുതാര്യതയുംഅഴിമതിയും ചോർച്ചയും ഇല്ലാതാക്കാൻ ഡിജിറ്റൽ സാങ്കേതികവിദ്യ വലിയ പങ്കുവഹിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി പാവപ്പെട്ട ജനങ്ങളിലേക്ക് ആനുകൂല്യങ്ങൾ യാതൊരു ഇടനിലക്കാരുമില്ലാതെ നേരിട്ടും സുതാര്യമായും എത്തിക്കാൻ സാധിച്ചുവെന്നും മോദി പറഞ്ഞു.
2014 മേയ് 26-നാണ് നരേന്ദ്ര മോദി ആദ്യമായി ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. തുടർന്ന് 2019 മേയ് 30-ന് രണ്ടാം തവണയും അധികാരമേറ്റു. 2024 ജൂൺ 9-ന് ചരിത്രപരമായ മൂന്നാം വട്ടവും ഭരണത്തിലേറിയതോടെയാണ്, നരേന്ദ്ര മോദി സർക്കാരിന്റെ ഭരണകാലയളവ് തുടർച്ചയായ 12 വർഷം എന്ന സുപ്രധാന നേട്ടത്തിൽ എത്തിനിൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.