പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഏകപക്ഷീയമായി 50 ശതമാനം താരിഫ് ചുമത്താനുള്ള മെക്സിക്കോയുടെ നീക്കത്തിൽ കടുത്ത പ്രതികരണവുമായി ഇന്ത്യ. ഇന്ത്യയുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
‘ക്രിയാത്മകമായ ചർച്ചകളിലൂടെ പരിഹാരത്തിന് ശ്രമിക്കുന്നതിനൊപ്പം രാജ്യത്തെ കയറ്റുമതിക്കാരുടെ താത്പര്യങ്ങൾ സംരക്ഷിച്ച് മുന്നോട്ടുപോകാനും ഇന്ത്യക്ക് അധികാരമുണ്ട്’ വാണിജ്യവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ അധിക നികുതി ചുമത്താൻ ലക്ഷ്യമിടുന്ന ബില്ലിന്റെ രൂപീകരണ വേളയിൽ തന്നെ മെക്സിക്കോയുമായി വിഷയത്തിൽ സമവായത്തിന് ഇന്ത്യ ശ്രമിച്ചിരുന്നുവെന്നും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. വാണിജ്യമന്ത്രാലയത്തിൻറെ നേതൃത്വത്തിൽ മെക്സിക്കോയുടെ വ്യവസായ മന്ത്രാലയവുമായി ചേർന്ന് അന്താരാഷ്ട്ര വാണിജ്യ ചടങ്ങളുമായി ഒത്തുപോകുന്ന രീതിയിൽ വിഷയത്തിൽ പരിഹാരമുണ്ടാക്കാനാണ് ശ്രമം. വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാളും മെക്സിക്കോയുടെ സാമ്പത്തിക മന്ത്രി ലൂയിസ് റോസെൻഡോയും തമ്മിൽ ഉന്നതതല യോഗം ചേർന്നിരുന്നു. വരുംദിവസങ്ങളിലും ഇരുവരും തമ്മിൽ യോഗം ചേർന്ന് വിഷയത്തിൽ നീക്കുപോക്കുകൾക്ക് ശ്രമിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
മുൻകൂട്ടി കൂടിയാലോചനകളില്ലാതെ താരിഫുകളിൽ ഏകപക്ഷീയമായ വർദ്ധനവ് ഏർപ്പെടുത്തുന്നത് ബഹുരാഷ്ട്ര വ്യാപാര സംവിധാനത്തിന് അടിവരയിടുന്ന തത്വങ്ങളുമായി പൊരുത്തപ്പെടുന്നതല്ലെന്നാണ് ഇന്ത്യയുടെ വിമർശനം.
‘മെക്സിക്കോയുമായുള്ള പങ്കാളിത്തത്തെ ഇന്ത്യ വിലമതിക്കുന്നു. ഇരു രാജ്യങ്ങളിലെയും ബിസിനസുകൾക്കും ഉപഭോക്താക്കൾക്കും ഗുണമുണ്ടാകുന്ന സുസ്ഥിരവും സന്തുലിതവുമായ വ്യാപാര അന്തരീക്ഷത്തിനായി സഹകരിച്ച് പ്രവർത്തിക്കാൻ തയ്യാറാണ്,’ വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
ഇറക്കുമതി ചെയ്യുന്ന വാഹന ഭാഗങ്ങൾ, ചെറുകാറുകൾ, വസ്ത്രങ്ങൾ, പ്ലാസ്റ്റിക്, സ്റ്റീൽ, ഗൃഹോപകരണങ്ങൾ, തുണിത്തരങ്ങൾ, പാദരക്ഷകൾ, തുകൽ ഉൽപ്പന്നങ്ങൾ, പേപ്പർ, കാർഡ്ബോർഡ്, മോട്ടോർ സൈക്കിളുകൾ, അലുമിനിയം, ട്രെയിലറുകൾ, ഗ്ലാസ്, സോപ്പുകൾ, സുഗന്ധദ്രവ്യങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നീ ഉൽപ്പന്നങ്ങൾക്കാണ് മെക്സിക്കോ അധിക തീരുവ ചുമത്തിയിരിക്കുന്നത്.
മെക്സിക്കോയുമായി നിലവിൽ ഉഭയകക്ഷി വ്യാപാര കരാർ ഇല്ലാത്ത ഇന്ത്യ, ദക്ഷിണ കൊറിയ, ചൈന, തായ്‍ലൻഡ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളെ ഇത് ബാധിക്കും. ഈ പശ്ചാത്തലത്തിലാണ് ഉഭയകക്ഷി വ്യാപാര കരാറിനായി ഇന്ത്യ നീക്കം ശക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.