ന്യൂഡൽഹി: പശ്ചിമേഷ‍്യയിലെ പ്രതിസന്ധിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ വാരാദ്യത്തിൽ നടത്തിയ ഫോൺ സംഭാഷണത്തിൽ ശതകോടീശ്വരൻ ഇലോൺ മസ്ക് പങ്കെടുത്തുവെന്ന വാർത്ത തള്ളി ഇന്ത‍്യ. ഇതു സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം പുറത്തു വിട്ട പ്രസ്താവനയിലാണ് ഫോൺ സംഭാഷണത്തിൽ മസ്ക് പങ്കുചേർന്നിട്ടില്ലെന്ന് ഇന്ത‍്യ വ്യക്തമാക്കിയത്. `ഞങ്ങൾ ഈ വാർത്ത ശ്രദ്ധിച്ചു. മാർച്ച് 24 ന് നടന്ന ഫോൺ സംഭാഷണം പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ മാത്രമായിരുന്നു. നേരത്തെ വ്യക്തമാക്കിയത് പോലെ പശ്ചിമേഷ്യയിലെ സാഹചര്യങ്ങളെക്കുറിച്ച് കാഴ്ചപ്പാടുകൾ പങ്കുവെക്കാനുള്ള അവസരമായിരുന്നു അത്' വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി.
ഫെബ്രുവരി 28 ന് ഇറാനുനേരെ ഇസ്രായേലും യു.എസും അഴിച്ചുവിട്ട ആക്രമണത്തെതുടർന്നുണ്ടായ യുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ഇരുനേതാക്കളും തമ്മിൽ നടന്ന ചർച്ച നടത്തുന്നത്. ചർച്ചയിൽ കോടീശ്വരനായ ഇലോൺ മസ്‌ക് പങ്കുചേർന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. രണ്ടുരാജ്യങ്ങളിലെ രാഷ്ട്രതലവൻമാർ തമ്മിലുള്ള ടെലഫോൺ സംഭാഷണത്തിൽ ഒരു സ്വകാര്യ വ്യക്തി പങ്കാളിയാവുന്നത് അസാധരണമാണ്. `ചൊവ്വാഴ്ച യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ഫോൺ കോളിൽ എലോൺ മസ്‌ക് പങ്ക് ചേർന്നു. യുദ്ധകാല പ്രതിസന്ധിക്കിടെ രണ്ട് രാഷ്ട്രത്തലവന്മാർ തമ്മിലുള്ള കോളിൽ ഒരു സ്വകാര്യ പൗരൻ പങ്കെടുത്തത് അസാധാരണമാണ്' ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ട്രംപുമായുള്ള അഭിപ്രായ വ്യത്യാസത്തെതുടർന്ന് മസ്ക് യു.എസിലെ ഡിപ്പാർട്ട്മെന്‍റ് ഓഫ് ഗവൺമെന്‍റ് എഫിഷ്യൻസിയുടെ നേതൃപദവിയിൽ നിന്ന് വിട്ടുനിന്നിരുന്നു.
ഇറാൻ യുദ്ധത്തെത്തുടർന്ന് പശ്ചിമേഷ്യയിൽ ഉടലെടുത്ത പ്രതിസന്ധിയായിരുന്നു ഇരു നേതാക്കളും ചര്‍ച്ച ചെയ്തത്. തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്ക് തുറന്നിടുന്നതിന്‍റെയും പാതയിൽ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ആവശ്യകതയെക്കുറിച്ചും ഇരുവരും ചർച്ച നടത്തി. അതേസമയം ഇന്ത്യൻ പ്രധാനമന്ത്രിയും യു.എസ് പ്രസിഡന്‍റും തമ്മിലുള്ള ചർച്ച ആശാവഹമായിരുവെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു. ഇറാനിയൻ ഊർജ നിലയങ്ങൾക്കു നേരെ നടത്താനിരുന്ന ആക്രമണം അഞ്ച് ദിവസത്തേക്ക് മാറ്റിവെച്ചതായി ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മോദിയും ട്രംപും തമ്മിലുള്ള ചർച്ച നടന്നത്. `പ്രസിഡന്റ് ട്രംപിൽ നിന്ന് എനിക്ക് ഫോൺ കോൾ ലഭിച്ചു, പശ്ചിമേഷ്യയിലെ സാഹചര്യങ്ങളെക്കുറിച്ച് ഞങ്ങൾ ഉപയോഗപ്രദമായ രീതിയിൽ കാഴ്ചപ്പാടുകൾ പങ്കുവെച്ചു. സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കുന്നതിനും ഇന്ത്യ പിന്തുണ നൽകും. ഹുർമുസ് കടലിടുക്ക് തുറന്ന് പ്രവർത്തിക്കുന്നതും സുരക്ഷിതവും പ്രാപ്യവുമായിരിക്കുന്നതും ലോകത്തിന് അത്യന്താപേക്ഷിതമാണ്. സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടിയുള്ള ശ്രമങ്ങളിൽ സമ്പർക്കം പുലർത്താൻ ഞങ്ങൾ തീരുമാനിച്ചു' ഫോൺ സംഭാഷണത്തിന് ശേഷം പ്രധാനമന്ത്രി എകസിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.